2025-26 അധ്യയനവര്‍ഷത്തെ അഞ്ചുവര്‍ഷ ബാച്ച്ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) മാര്‍ച്ച് ഒന്നുമുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ നിശ്ചിത വെള്ളി, ശനി ദിവസങ്ങളില്‍ നടത്തും.
പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറായിരിക്കും. രാവിലെ നടത്തുന്ന സെഷന്‍ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്കുള്ള സെഷന്‍ 1.30 മുതല്‍ 4.30 വരെയും ആയിരിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്കുള്ള സെഷന്‍മാത്രമേ ഉണ്ടാകൂ. പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ താത്പര്യമുള്ള പരീക്ഷാകേന്ദ്രവും തീയതിയും തിരഞ്ഞെടുക്കണം.
പരീക്ഷാഘടന
പരീക്ഷ ഭാഗികമായി ഓഫ്ലൈന്‍ രീതിയിലും ഭാഗികമായി ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലും ആയിരിക്കും. 90 മിനിറ്റുവീതം ദൈര്‍ഘ്യമുള്ള രണ്ടുഭാഗങ്ങള്‍ ഉണ്ടാകും.
പാര്‍ട്ട് എ ഓഫ്ലൈന്‍ രീതിയില്‍ നടത്തുന്ന ഡ്രായിങ് ആന്‍ഡ് കോമ്പസിഷന്‍ ടെസ്റ്റ് ആണ്. മൂന്നുചോദ്യങ്ങള്‍, പരമാവധി 80 മാര്‍ക്ക്. ചോദ്യങ്ങള്‍ ഇപ്രകാരമായിരിക്കും:
• എ 1- ഒരു ചോദ്യം, കോമ്പസിഷന്‍ ആന്‍ഡ് കളര്‍ (25 മാര്‍ക്ക്) -വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് കോമ്പസിഷനുകള്‍ സൃഷ്ടിക്കുക, അവയ്ക്ക് അനുയോജ്യനിറങ്ങള്‍ നല്‍കുക, വിവിധ ആകൃതികള്‍ പുനഃക്രമീകരിച്ച്, ആകര്‍ഷകമാക്കി അനുയോജ്യമായ നിറങ്ങള്‍ നല്‍കുക.
• എ 2 -ഒരു ചോദ്യം, സ്‌കെച്ചിങ് ആന്‍ഡ് കോമ്പസിഷന്‍ (ബ്ലാക്ക് ആന്‍ഡ് വൈറ്റ്) -(25 മാര്‍ക്ക്) -സ്‌കെയില്‍, അനുപാതം, ടെക്‌സ്ചര്‍, ഷെയ്ഡ്, ഷാഡോ എന്നിവ ഉള്‍ക്കൊണ്ട്, കെട്ടിടങ്ങള്‍/അതിന്റെ ഭാഗങ്ങള്‍, മനുഷ്യര്‍, പരിസ്ഥിതി, ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാഹചര്യങ്ങള്‍ വരയ്ക്കാനും ഭാവനയില്‍ കാണാനും ചിത്രീകരിക്കാനും ഉള്ള കഴിവ് വിലയിരുത്തപ്പെടും.
• എ 3 -ഒരു ചോദ്യം, ത്രീഡി കോമ്പസിഷന്‍ (30 മാര്‍ക്ക്) -ലഭ്യമാക്കിയിട്ടുള്ള കിറ്റ് ഉപയോഗിച്ച് നല്‍കിയിട്ടുള്ള സാഹചര്യത്തിനനുസൃതമായി ആകര്‍ഷകമായ ത്രീഡി കോമ്പസിഷന്‍ സൃഷ്ടിക്കുക.
പാര്‍ട്ട് ബി 90 മിനിറ്റ് ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ബേസ്ഡ് ഓണ്‍ലൈന്‍ അഡാപ്റ്റീവ് ടെസ്റ്റ് ആയിരിക്കും. മൊത്തം 50 ചോദ്യങ്ങള്‍, പരമാവധി മാര്‍ക്ക് 120. ചോദ്യങ്ങള്‍ ഇപ്രകാരമായിരിക്കും.
• ബി 1-42 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍
• ബി 2-8, 'നോ ചോയ്‌സ്' ചോദ്യങ്ങള്‍ (ചോയ്‌സ് ഇല്ലാത്തവ).
ഈ ഭാഗത്തെ ചോദ്യങ്ങള്‍, വിഷ്വല്‍ റീസണിങ്, ലോജിക്കല്‍ ഡറിവേഷന്‍, ജനറല്‍ നോളജ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍, ലാംഗ്വേജ് ഇന്റര്‍പ്രറ്റേഷന്‍, ഡിസൈന്‍ സെന്‍സിറ്റിവിറ്റി ആന്‍ഡ് തിങ്കിങ്, ന്യൂമറിക്കല്‍ എബിലിറ്റി തുടങ്ങിയവയില്‍ നിന്നുമായിരിക്കും.
പരീക്ഷയുടെ മൊത്തം പരമാവധി മാര്‍ക്ക് 200.
യോഗ്യത നേടാന്‍
• പരീക്ഷയില്‍ യോഗ്യത നേടാന്‍ പാര്‍ട്ട് എയില്‍ കുറഞ്ഞത് 20 മാര്‍ക്കും പാര്‍ട്ട് ബിയില്‍ കുറഞ്ഞത് 30 മാര്‍ക്കും രണ്ടുഭാഗങ്ങള്‍ക്കും കൂടി 200-ല്‍ മൊത്തത്തില്‍ കുറഞ്ഞത് 70 മാര്‍ക്കും നേടണം.
• ഒന്നില്‍ക്കൂടുതല്‍ സെഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍, മുന്‍പുള്ള എല്ലാപരീക്ഷകളുടെയും സ്‌കോറുകള്‍ സ്‌കോര്‍കാര്‍ഡില്‍ ഉണ്ടായിരിക്കും. എല്ലാ അവസരങ്ങളും പരിഗണിച്ചുള്ള ഏറ്റവുംമെച്ചപ്പെട്ട സ്‌കോര്‍ നാറ്റ സ്‌കോറായി കണക്കാക്കും.
• 2024-ല്‍ നാറ്റ അഭിമുഖീകരിച്ച്, സാധുവായ സ്‌കോര്‍നേടിയവര്‍ക്കും ഈവര്‍ഷം അഭിമുഖീകരിക്കാം. അവര്‍ 2025-ല്‍ ഒരുതവണമാത്രം അഭിമുഖീകരിക്കുന്നപക്ഷം 2024-ലെയും 2025-ലെയും സ്‌കോറുകളില്‍ ഭേദപ്പെട്ട സ്‌കോര്‍ 2025-ലെ സ്‌കോറായി പരിഗണിക്കും.
• 2025-ല്‍ രണ്ടുതവണ അഭിമുഖീകരിച്ചാല്‍ അവ രണ്ടിലെയും സ്‌കോറുകളും 2024-ലെ സ്‌കോറും പരിഗണിച്ച്, ഭേദപ്പെട്ടത് 2025-ലെ സ്‌കോറായി കണക്കാക്കും.
• 2025-ല്‍ മൂന്നുതവണ അഭിമുഖീകരിച്ചാല്‍ ഈ മൂന്നുസ്‌കോറുകളിലെ മികച്ച സ്‌കോര്‍ ആയിരിക്കും 2025-ലെ അന്തിമ സ്‌കോര്‍. ഇവരുടെ * 2024-ലെ സ്‌കോര്‍ പരിഗണിക്കില്ല. അത് അസാധുവാകും.
സ്‌കോറിന് സാധുത
അഭിമുഖീകരിക്കുന്ന വര്‍ഷംമുതല്‍ രണ്ട് അക്കാദമിക് വര്‍ഷങ്ങളിലേക്ക് സ്‌കോറിന് സാധുതയുണ്ടാകും.
പരീക്ഷാകേന്ദ്രങ്ങള്‍
കേരളത്തില്‍ ഇടുക്കി, എറണാകുളം/കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കഴക്കൂട്ടം, തൃശ്ശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. വിദേശത്ത് ദുബായ് പരീക്ഷാകേന്ദ്രമാണ്.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചുകൊണ്ട് (i) 10+1 പരീക്ഷ ജയിച്ചവര്‍/അഭിമുഖീകരിക്കുന്നവര്‍ (ii) 10+2 പരീക്ഷ ജയിച്ചവര്‍/അഭിമുഖീകരിക്കുന്നവര്‍ (iii) മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 10+3 ഡിപ്ലോമപരീക്ഷ ജയിച്ചവര്‍/ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് പരീക്ഷ അഭിമുഖീകരിക്കാം.
ബി.ആര്‍ക്ക് പ്രവേശനയോഗ്യത
• ബി.ആര്‍ക്ക് പ്രവേശനത്തിന് 10+2/തത്തുല്യ പരീക്ഷ, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും കെമിസ്ട്രി, ബയോളജി, ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, എന്‍ജിനിയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നിവയിലൊന്നും പഠിച്ച്, മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചിരിക്കണം.
• മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, 10+3 ഡിപ്ലോമപരീക്ഷ, മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്.
• സംവരണം, സംവരണവിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയിലുള്ള മാര്‍ക്കിളവ് തുടങ്ങിയ വ്യവസ്ഥകള്‍, പ്രവേശന/കൗണ്‍സലിങ് അധികാരികളുടെ പരിധിയില്‍വരുന്ന വിഷയങ്ങളാണ്. നാറ്റയുടെ പരിധിയില്‍ അത് ഉള്‍പ്പെടുന്നതല്ല.
അപേക്ഷ
പ്രഖ്യാപിച്ച കാലയളവില്‍ ഒരാള്‍ക്ക് നാറ്റ 2025 ഒന്നോ, രണ്ടോ മൂന്നോ തവണ അഭിമുഖീകരിക്കാം. രണ്ടാമത്തെയോ മൂന്നാമത്തേയോ തവണ പരീക്ഷ അഭിമുഖീകരിക്കണമോ എന്ന് അപേക്ഷാര്‍ഥിയാണ് തീരുമാനിക്കേണ്ടത്.
www.nata.in വഴി ഇപ്പോള്‍ അപേക്ഷിക്കാം. താത്പര്യമനുസരിച്ച്, ഒരാള്‍ക്ക് ഒന്ന്/രണ്ട്/മൂന്ന് ടെസ്റ്റുകള്‍ക്ക് രജിസ്റ്റര്‍ചെയ്യാം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
അപേക്ഷാഫീസ്: ഇന്ത്യയിലെ പരീക്ഷാകേന്ദ്രത്തില്‍ അഭിമുഖീകരിക്കാന്‍ ഒരു ടെസ്റ്റിന് 1750 രൂപയാണ് ഫീസ്. പട്ടിക/ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1250 രൂപയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 1000 രൂപയുമാണ്.
വിദേശപരീക്ഷാകേന്ദ്രത്തിന് എല്ലാവിഭാഗക്കാര്‍ക്കും ഒരു ടെസ്റ്റിന് 15,000 രൂപയാണ് ഫീസ്. ഫീസ് ഓണ്‍ലൈന്‍വഴി അടയ്ക്കാം.
അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയാവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. കണ്‍ഫര്‍മേഷന്‍ പേജ് എവിടേക്കും അയക്കേണ്ടതില്ല.
രജിസ്‌ട്രേഷന്‍ സമയപരിധി, മറ്റുതീയതികള്‍ തുടങ്ങിയവ പ്രോസ്‌പെക്ടസിലോ വെബ്സൈറ്റിലോ നിലവില്‍ ലഭ്യമാക്കിയിട്ടില്ല. അതിനാല്‍, വെബ്‌സൈറ്റ് ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിച്ച് വിവരങ്ങള്‍ പരിശോധിക്കണം. ആദ്യ ടെസ്റ്റിനുമാത്രം അപേക്ഷിച്ചശേഷവും പിന്നീട് രണ്ടാം/മൂന്നാം ടെസ്റ്റിന് അപേക്ഷിക്കാം.
Content Highlights: NATA 2025-26: Architecture Aptitude Test
Published: 11 Feb 2025, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented