കോട്ടയം: അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം മഹാത്മാഗാന്ധി സർവകലാശാല ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.
ആറാം സെമസ്റ്റർ വിജയശതമാനം 76.70 ആണ്. ഈവർഷം സംസ്ഥാനത്ത് അവസാനവർഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി ആണ്. ഒൻപത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിൽ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ ഏഴാംതീയതി അവസാനിച്ചു. ഒൻപതാം തീയതിയാണ് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകൾ പൂർത്തിയായത്.കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവർത്തനവുമാണ് റെക്കോഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്താൻ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള സിൻഡിക്കേറ്റ് സബ് കമ്മിറ്റി കൺവീനർ ഡോ. ജോജി അലക്സ് പറഞ്ഞു.
2023-ൽ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024-ൽ പത്താംദിവസവും സർവകലാശാല അവസാനവർഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അവധിദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലുവർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാംസെമസ്റ്റർ പരീക്ഷാഫലം മൂന്നാംദിവസം പ്രസിദ്ധീകരിച്ചിരുന്നു.ആറാംസെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുമുൻപുനടന്ന അനുബന്ധ സപ്ലിമെൻററി പരീക്ഷാഫലങ്ങൾകൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചതെന്ന് പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് അറിയിച്ചു.
മൂല്യനിർണയം ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകർ, ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവർ, ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങൾ, പരീക്ഷാ കൺട്രോളർ, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവരെ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അഭിനന്ദിച്ചു.പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ (www.mgu.ac.in) ലഭിക്കും.
Content Highlights: Mahatma Gandhi University declared 6th semester results
Published: 13 May 2025, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented