
പ്രതീകാത്മക ചിത്രം.|Photo: Gemini AI
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി) നീറ്റ് പിജി മെഡിക്കല്‍ 2025 അടിസ്ഥാനമാക്കി ദേശീയതലത്തില്‍ നടത്തുന്ന എംഡി/എംഎസ്/ഡിപ്ലോമ/ഡിഎന്‍ബി കൗണ്‍സലിങ് നടപടികള്‍ mcc.nic.in വഴിയാണ് നടത്തുന്നത് (പിജി മെഡിക്കല്‍ ലിങ്ക്). ഓരോ റൗണ്ടിലെയും രജിസ്‌ട്രേഷന്‍, ഫീ അടയ്ക്കല്‍, ചോയ്‌സ് ഫില്ലിങ്, ചോയ്‌സ് ലോക്കിങ് എന്നിവ ഈ വെബ്‌സൈറ്റ് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ഓരോ റൗണ്ടിലെയും താത്കാലിക/അന്തിമ അലോട്‌മെന്റ് ഫലവും സൈറ്റില്‍ ലഭ്യമാക്കും. തുടര്‍ന്ന്, സൈറ്റില്‍നിന്ന് അലോട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് അലോട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം.
സീറ്റുകള്‍
ഓള്‍ ഇന്ത്യ ക്വാട്ട, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍/സ്ഥാപനങ്ങള്‍, കല്പിതസര്‍വകലാശാലകള്‍ എന്നിവയിലെ നിശ്ചിത സീറ്റുകള്‍ ഈ അലോട്‌മെന്റില്‍ ഉള്‍പ്പെടും. എംഡി/എംഎസ്/ഡിപ്ലോമ, ഡിഎന്‍ബി എന്നീ പ്രോഗ്രാമുകളിലെ സീറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും. ചില വിഭാഗക്കാര്‍ക്കുമാത്രം ചോയ്‌സ് നല്‍കാവുന്ന ഇന്റേണല്‍ സീറ്റുകളുടെ വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
കൂടാതെ, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് (എഎഫ്എംഎസ്) സ്ഥാപനങ്ങളിലെ മെഡിക്കല്‍ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷനും എംസിസി വെബ്സൈറ്റ് വഴിയായിരിക്കും. ഈ വിഭാഗം സ്ഥാപനങ്ങളിലേക്കുള്ള അലോട്‌മെന്റിന്റെ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ചാപ്റ്റര്‍ 5-ല്‍ നല്‍കിയിട്ടുണ്ട് (പേജ് 20)
ഓള്‍ ഇന്ത്യ സീറ്റുകള്‍
അഖിലേന്ത്യാതലത്തില്‍ നികത്തുന്ന ഓപ്പണ്‍ സീറ്റുകളില്‍ (ഡൊമിസൈല്‍ ഫ്രീ-രാജ്യത്ത് എവിടെയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നവ) ഇവ ഉള്‍പ്പെടും: 50 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകള്‍ (സംസ്ഥാനങ്ങളില്‍നിന്നും ഉള്ളവ), 50 ശതമാനം ബിഎച്ച്യു സീറ്റുകള്‍, 50 ശതമാനം എഎംയു സീറ്റുകള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി (ലേഡി ഹാര്‍ഡിംജെ, മൗലാനാ ആസാദ്, യൂണിവേഴ്‌സിറ്റി കോളേജ്), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (വിഎംഎംസി ആന്‍ഡ് എസ്‌ജെഎച്ച്, എബിവിഐഎംഎസ് ആന്‍ഡ് ആര്‍എംഎല്‍, ഇഎസ്‌ഐസി ബസൈദാരാപുര്‍) എന്നിവയിലെ 50 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകള്‍.
റാഞ്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, തേസ്പുര്‍; ലോകോപ്രിയ ഗോപിനാഥ് ബര്‍ദോളോയ് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്നിവയിലെ 100 ശതമാനം സീറ്റുകള്‍. കൂടാതെ, ഡിഎന്‍ബി സീറ്റുകള്‍ (ഇന്‍ സര്‍വീസ് ഡിഎന്‍ബി സീറ്റുകള്‍ ഒഴികെ).
ഈസീറ്റുകളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍പ്രകാരം സംവരണമുണ്ടാകും. അത് ഇപ്രകാരമാണ് (ശതമാനത്തില്‍): എസ്‌സി -15, എസ്ടി -7.5, ഒബിസി -27, ഇഡബ്ല്യുഎസ് -10, യുആര്‍ -40.5. ഓരോ വിഭാഗത്തിലും അതിലെ ഭിന്നശേഷിവിഭാഗക്കാര്‍ക്ക് അഞ്ചുശതമാനം സീറ്റുസംവരണമുണ്ട്.
കല്പിതസര്‍വകലാശാലകളിലെ 100 ശതമാനം സീറ്റുകളും കൗണ്‍സലിങ്ങില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയില്‍ എന്‍ആര്‍ഐ സീറ്റുകളുണ്ട്. ചില സ്ഥാപനങ്ങളില്‍ ജയിന്‍/മുസ്ലിം സംവരണസീറ്റുകളുണ്ട്. മറ്റുസംവരണമില്ല.
ഓരോ വിഭാഗത്തിലും ആദ്യ റൗണ്ടില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍, പ്രോഗ്രാം, ക്വാട്ട, സീറ്റ് ലഭ്യത എന്നിവ (എല്ലാം താത്കാലികം) വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് അന്തിമമാകണമെന്നില്ല. മാറ്റങ്ങള്‍ സൈറ്റിലും ചോയ്‌സ് ഫില്ലിങ് പേജിലും ലഭ്യമാക്കും. ഇടയ്ക്ക് രണ്ടും പരിശോധിക്കുക.
നാല് റൗണ്ടുകള്‍
കൗണ്‍സലിങ്ങില്‍ റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കന്‍സി റൗണ്ട് എന്നിങ്ങനെ നാല് റൗണ്ടുകള്‍ ഉണ്ടാകും. എല്ലാം ഓണ്‍ലൈനായി നടത്തും.
കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ mcc.nic.in വഴി രജിസ്‌ട്രേഷന്‍ നടത്തി ബാധകമായ ഫീസ് അടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം.
രജിസ്‌ട്രേഷന്‍ ഫീ/ സെക്യൂരിറ്റിത്തുക
ചോയ്‌സ് നല്‍കുന്നതിനുമുന്‍പായി, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍ക്കനുസരിച്ച് പങ്കെടുക്കുന്നവര്‍ തിരികെലഭിക്കാത്ത രജിസ്‌ട്രേഷന്‍ ഫീസും തിരികെലഭിക്കാവുന്ന (ചില സാഹചര്യങ്ങളില്‍) സെക്യൂരിറ്റിത്തുകയും അടയ്ക്കണം.
കല്പിതസര്‍വകലാശാലയില്‍ ചോയ്‌സ് നല്‍കണമെങ്കില്‍ എല്ലാവിഭാഗം വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റിത്തുകയായി രണ്ടുലക്ഷം രൂപയും (മൊത്തം രണ്ടുലക്ഷത്തി അയ്യായിരം രൂപ).
സര്‍ക്കാര്‍വിഭാഗ കൗണ്‍സലിങ്ങില്‍മാത്രം (കല്പിത സര്‍വകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാന്‍, യുആര്‍/ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസായി 1000 രൂപയും സെക്യൂരിറ്റിത്തുകയായി 25,000 രൂപയും അടയ്ക്കണം (മൊത്തം 26,000 രൂപ). പട്ടിക/ഒബിസി/ഭിന്നശേഷി വിഭാഗക്കാര്‍ യഥാക്രമം 500 രൂപയും 10,000 രൂപയും (മൊത്തം 10,500 രൂപ) അടയ്ക്കണം.
കല്പിതസര്‍വകലാശാലകളിലും സര്‍ക്കാര്‍വിഭാഗം സ്ഥാപനങ്ങളിലും (കൗണ്‍സലിങ് പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാസ്ഥാപനങ്ങളിലും) ചോയ്‌സ് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടിയതുകയായ 5000 രൂപ, രണ്ടുലക്ഷം രൂപ യഥാക്രമം രജിസ്‌ട്രേഷന്‍ ഫീസായും സെക്യൂരിറ്റിത്തുകയായും നല്‍കണം. തുക അടച്ചാലേ ചോയ്‌സ് നല്‍കാന്‍ കഴിയൂ.
സംയുക്ത കൗണ്‍സലിങ്
പല വിഭാഗം കോളേജുകളും/സ്ഥാപനങ്ങളും സ്‌പെഷ്യലൈസേഷനുകളും സീറ്റുകളും ഉണ്ടെങ്കിലും പൊതുവായ ഒരു കൗണ്‍സലിങ് പ്രക്രിയയാണ് ബാധകമാക്കിയിട്ടുള്ളത്.
രജിസ്‌ട്രേഷന്‍
ആദ്യറൗണ്ട് രജിസ്‌ട്രേഷനാണ് ഇപ്പോള്‍ തുടങ്ങിയത്. ഇതില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രണ്ടാംറൗണ്ടിനായും രണ്ടിനും രജിസ്റ്റര്‍ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മൂന്നാംറൗണ്ടിനും വ്യവസ്ഥകള്‍ക്കുവിധേയമായി രജിസ്റ്റര്‍ചെയ്യാം. സ്‌ട്രേ റൗണ്ടിലും വ്യവസ്ഥകളോടെ പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
ചോയ്‌സ് ഫില്ലിങ്
ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും ഒരു കോഴ്‌സും (എംഡി/എംഎസ്/ഡിപ്ലോമ/ഡിഎന്‍ബി) ഒരു സ്‌പെഷ്യലൈസേഷനും (അനസ്തീസ്യോളജി, ബയോകെമിസ്ട്രി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, തുടങ്ങിയവ) ചേരുന്നതാണ് ഒരു ചോയ്‌സ്.
രജിസ്റ്റര്‍ചെയ്യുന്ന ഒരാളെ ഏതൊക്കെ ചോയ്‌സുകളിലേക്ക് പരിഗണിക്കണമെന്ന് അവയ്ക്ക് മുന്‍ഗണന നിശ്ചയിച്ച് ആ വ്യക്തി വെബ്‌സൈറ്റ് വഴി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ചോയ്‌സ് ഫില്ലിങ്.
അടച്ച രജിസ്‌ട്രേഷന്‍ ഫീസ്, സെക്യൂരിറ്റിത്തുക എന്നിവയ്ക്കനുസരിച്ച് അര്‍ഹതപ്പെട്ട എല്ലാ വിഭാഗം ചോയ്‌സുകളും ചോയ്‌സ് ഫില്ലിങ് പേജില്‍ കാണാന്‍ കഴിയും. അവ മൊത്തത്തില്‍ പരിഗണിച്ചാണ് ആപേക്ഷിക മുന്‍ഗണന 1, 2, 3, ... എന്ന ക്രമത്തില്‍ നിശ്ചയിച്ച് ചോയ്‌സ് നല്‍കേണ്ടത്.
വിവിധ വിഭാഗങ്ങളിലായി (കോളേജ്/കോഴ്‌സ്/സ്‌പെഷ്യലൈസേഷന്‍) താത്പര്യമുള്ള ചോയ്‌സുകള്‍ ഇടകലര്‍ത്തി നല്‍കാവുന്നതാണ്. താത്പര്യമനുസരിച്ച് വേണമെങ്കില്‍, ഒരു കോഴ്‌സിലെ/സ്‌പെഷ്യലൈസേഷനിലെ ചോയ്‌സുകള്‍ പൂര്‍ണമായും നല്‍കിയശേഷം അതിന്റെ തുടര്‍ച്ചയായി മറ്റൊരു കോഴ്‌സിലെ/സ്‌പെഷ്യലൈസേഷനിലെ ചോയ്‌സ് നല്‍കാം. അപേക്ഷാര്‍ഥിയാണ് അത് തീരുമാനിക്കേണ്ടത്.
എത്ര ചോയ്‌സുകള്‍ വേണമെങ്കിലും നല്‍കാം. എത്ര ചോയ്സുകള്‍, എങ്ങനെ നല്‍കണം എന്നൊക്കെ അപേക്ഷാര്‍ഥിക്ക് തീരുമാനിക്കാം. ചോയ്‌സ് നല്‍കിയശേഷം പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ചോയ്‌സുകള്‍ ലോക്കുചെയ്യണം. അതിനുമുന്‍പ് എത്രതവണ വേണമെങ്കിലും ഒരിക്കല്‍ ഉള്‍പ്പെടുത്തിയ ചോയ്‌സുകള്‍ മാറ്റാം, പുനഃക്രമീകരിക്കാം. പുതിയ ചോയ്‌സുകള്‍ ഉള്‍പ്പെടുത്താം. ലോക്കുചെയ്തുകഴിഞ്ഞാല്‍ ചോയ്‌സുകള്‍ മാറ്റാന്‍ കഴിയില്ല. ചോയ്‌സ് നല്‍കുമ്പോള്‍ ഫീസ് ഘടനയും മനസ്സിലാക്കണം.
അലോട്‌മെന്റില്‍ ആദ്യം പരിഗണിക്കുക ഒന്നാം ചോയ്‌സാണ്. അത് ലഭിക്കുന്നില്ലെങ്കില്‍ രണ്ടാം ചോയ്‌സ് സാധ്യത പരിശോധിക്കും. നല്‍കിയ ചോയ്‌സുകള്‍ ഓരോന്നായി ഈ രീതിയില്‍ താഴേക്കുപരിശോധിക്കും. ഏതെങ്കിലും ഒരു ചോയ്‌സ് അനുവദിക്കപ്പെട്ടാല്‍ അതിനുതാഴെയുള്ള ചോയ്‌സുകള്‍ പരിഗണിക്കുന്നതല്ല.
(നാളെ: ഓരോ റൗണ്ടിലേക്കും പുതിയ ചോയ്‌സ്, ആദ്യ റൗണ്ടില്‍ ഫ്രീ എക്‌സിറ്റ്, രണ്ടാം റൗണ്ടിനുശേഷവും അപ്ഗ്രഡേഷന്‍)
Content Highlights: Understand MCC NEET PG 2025 Counseling rules, eligibility, seat matrix, fee structure, and registration process for MD/MS/DNB admissions.
Published: 12 Nov 2025, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented