മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത അധ്യായനവർഷം മുതൽ എസ്.എസ്.സി. വിദ്യാർഥികൾക്ക് കണക്കിനും സയൻസിനും കുറഞ്ഞമാർക്ക് ലഭിച്ചാലും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനംനേടാം. ഈ വിഷയങ്ങളിൽ കുറഞ്ഞത് 20 മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് പതിനൊന്നാം ക്ലാസിൽ പ്രവേശനംനേടാൻ കഴിയും. ഈ വിഷയങ്ങളിൽ വിജയിക്കാനുള്ള കുറഞ്ഞമാർക്ക് പരിധി 35 ആയി തുടരും. 20 മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾ പതിനൊന്നാം ക്ലാസിൽ ഈ വിഷയങ്ങൾ ഇല്ലാത്ത വിഭാഗങ്ങളിലാണ് പ്രവേശനം തേടേണ്ടതെന്ന് സർക്കാർ വ്യക്തമാക്കുന്നു.
കണക്കിലും സയൻസിലും ദുർബലരായ പത്താം ക്ലാസ് വിദ്യാർഥികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. 20 നും 34 നും ഇടയിൽ മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ രണ്ട് ചോയ്സുകൾ നൽകിയിട്ടുണ്ട്. അവരുടെ കുറഞ്ഞ സ്കോറുമായി ഈ വിഷയങ്ങൾ ഇല്ലാത്ത വിഭാഗങ്ങളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനംനേടാം. അല്ലെങ്കിൽ പരീക്ഷവീണ്ടും എഴുതാം.
പത്താംക്ലാസിൽ കണക്കും സയൻസും പാസാകില്ല എന്ന ഭയംകൊണ്ടോ അല്ലെങ്കിൽ ഈ വിഷയങ്ങളിൽ വിജയിക്കാത്തത് കാരണമോ ഒരുപാട് വിദ്യാർഥികൾ പഠനംനിർത്തി പോകുന്നുണ്ട്. ഇപ്പോൾ ഇത്തരമൊരു നീക്കം കൊഴിഞ്ഞുപോകുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് മുൻ വിദ്യാഭ്യാസ ഡയറക്ടർ വസന്ത് കൽപാണ്ഡെ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഈ നീക്കം വിദ്യാഭ്യാസനിലവാരം കുറയ്ക്കുമെന്ന ആശങ്ക അധ്യാപകരിൽ ഒരു വിഭാഗത്തിനുണ്ട്.
കണക്കും സയൻസും പഠിക്കാൻ പ്രയാസുമുള്ള വിദ്യാർഥികളെ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, പത്താം ക്ലാസിൽ മറ്റെന്തെങ്കിലും വിഷയം പഠിക്കാനുള്ള ഓപ്ഷൻ അവർക്ക് നൽകണമെന്നാണ് ഇവരുടെ വാദം. 35-ൽ താഴെ സ്കോർ ചെയ്താൽ മാർക്ക് ഷീറ്റിൽ നെഗറ്റീവ് പരാമാർശംവരുന്നത് വിദ്യാർഥികളിൽ നിരാശഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ധന്വന്തി ഹാർദികർ പറയുന്നു.
Content Highlights: Maharashtra reduces passing marks for maths and science in Class 10
Published: 24 Oct 2024, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented