തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്-വോട്ടെണ്ണൽ കേന്ദ്രങ്ങൾ കോളേജുകളായതോടെ, സർവകലാശാലകളുടെ ഏകീകൃത അക്കാദമിക് കലണ്ടർ താളംതെറ്റി. നാലുവർഷ ബിരുദത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷ എം.ജി. സർവകലാശാലയിൽ മാത്രമേ പൂർത്തിയായിട്ടുള്ളൂ. മേയിൽ പരീക്ഷ നടത്താനാണ് കേരള, കണ്ണൂർ സർവകലാശാലകളുടെ തീരുമാനം. കാലിക്കറ്റ് സർവകലാശാല ജൂണിലേക്കു പരീക്ഷ മാറ്റി.

To advertise here,

അക്കാദമിക് കലണ്ടർപ്രകാരം എല്ലാ സർവകലാശാലകളും ഏപ്രിലിൽ പരീക്ഷ പൂർത്തിയാക്കി, മേയിൽ ഫലം പ്രസിദ്ധീകരിച്ച് ജൂണിൽ അധ്യയനം തുടങ്ങണം. രണ്ടാം സെമസ്റ്റർ കഴിഞ്ഞാലേ വിദ്യാർഥികൾക്ക് മേജർ, മൈനർ കോഴ്സുകൾ മാറാനും സർവകലാശാലാ മാറ്റത്തിനും സാധിക്കൂ. ഇതിന് പരീക്ഷ പൂർത്തിയാക്കി, ഫലം പ്രസിദ്ധീകരിക്കണം.

വോട്ടിങ് കേന്ദ്രങ്ങളായതിനു പുറമേ, രണ്ടാം സെമസ്റ്ററിലെ അധ്യയനം തീരാത്തതും ചോദ്യബാങ്ക് തയ്യാറാക്കൽ വൈകിയതുമൊക്കെയാണ് ഏപ്രിലിലെ പരീക്ഷ നീട്ടിവെക്കാനുള്ള കാരണം. രണ്ടാം സെമസ്റ്റർ പരീക്ഷ മേയ് 21-നു തുടങ്ങി ജൂൺ ആദ്യം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള. കണ്ണൂർ സർവകലാശാലയിലെ പരീക്ഷ മേയ് ആദ്യവാരം തുടങ്ങും.

എന്നാൽ, കാലിക്കറ്റിലെ പരീക്ഷ ജൂണിലേക്കു മാറുമ്പോൾ ഫലംവരാൻ ഒരുമാസംകൂടി വൈകും. രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾക്കുശേഷം കേന്ദ്രീകൃത മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ കുറഞ്ഞത് ഒരുമാസം വേണ്ടിവരും.