സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്ന് മാറ്റി ജൂണ്‍-ജൂലൈ ആക്കുന്നതിനേക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങി വച്ച ചര്‍ച്ചയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗത്തെയും പരിഗണിച്ചു കൊണ്ട് എടുക്കേണ്ട തീരുമാനത്തിനായി മന്ത്രി പൊതു അഭിപ്രായം തേടിയ രീതിയെ ഏവരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അവധിക്കാലം മാറ്റാനുള്ള തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത മഴകാരണം അക്കാദമിക്ക് ദിനങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് കാരണത്താലാണ് ഇത്തരം ഒരു ആശയം മുന്നോട്ട് വെയ്ക്കുന്നത്.

To advertise here,

നിരവധി പ്രമുഖര്‍ ഈ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. 

മെയ് ,ജൂണ്‍ മാസങ്ങളില്‍ അവധി ക്രമീകരിക്കാമെന്നും HS വിഭാഗത്തിനും +2 നും നിലവിലുള്ള രീതി തുടരാമെന്നുമാണ് അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടിപി കലാധരന്റെ അഭിപ്രായം.ഇടമലക്കുടി പോലെയുള്ള ഗോത്രമേഖലയില്‍ മഴക്കാലത്തെ പ0നം ദുഷ്‌കരമാണെന്നും അദ്ദേഹം പറയുന്നു. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന സമഗ്രമായി മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം..

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കടുത്ത ചൂടുള്ള മാസങ്ങളില്‍ നിന്നും കടുത്ത മഴയുള്ള മാസങ്ങളിലേക്ക് അവധി മാറ്റണമോ?
1. ഗോത്ര വിഭാഗം മാത്രം പഠിക്കുന്ന ഇടമലക്കുടിയില്‍ വേനല്‍ക്കാലം അത്ര ചൂടുള്ളതല്ല. മഴക്കാലത്ത് കുടികളില്‍ നിന്ന് സ്‌കൂളിലെത്താന്‍ കഴിയില്ല. മൂന്നാറില്‍ നിന്ന് അധ്യാപകരും എത്തില്ല. വാഹനം ഉണ്ടാകില്ല. അതിനാല്‍ അവിടെ അവധി മഴ മാസങ്ങളിലാകണം
2. മുതുവാന്‍ വിഭാഗത്തിന് പൊങ്കലാണ് പ്രധാന ആഘോഷം. ഒരു മാസം കുട്ടികള്‍ വരില്ല. അതിനാല്‍ പൊങ്കല്‍ മാസം അവര്‍ക്ക് അവധി അനുവദിച്ച് മറ്റു അവധികള്‍ ക്രമീകരിക്കണം.
3. പഠിപ്പിക്കല്‍ സമയമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ബഹുഭൂരിപക്ഷം കുട്ടികളും പങ്കെടുക്കാത്ത കലോത്സവങ്ങള്‍ അവധിക്കാലത്തേക്ക് മാറ്റണം
4. പഠിപ്പിക്കല്‍ സമയമാണ് ലക്ഷ്യമിടുന്നതെങ്കില്‍ വാര്‍ഷിക പ്പരീക്ഷയും അര്‍ധവാര്‍ഷികപ്പരീക്ഷയും എന്ന രണ്ട് പരീക്ഷകള്‍ നടത്തി പത്ത് ദിവസം സംരക്ഷിച്ചെടുക്കണം
5. പഠിപ്പിക്കല്‍ സമയമാണ് ലക്ഷ്യമിടുന്നതെങ്കില്‍ പഠിപ്പിക്കല്‍ പൂര്‍ത്തിയാകാതെ (മതിയായ സാധ്യായ ദിനം കിട്ടാതെ ) അക്കാദമിക വര്‍ഷം അവസാനിക്കില്ല എന്നു തീരുമാനിക്കണം
6. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. മഴ മാസങ്ങളില്‍ ഉച്ചഭക്ഷണവും. മഴ മാസങ്ങളില്‍ ഉച്ചഭക്ഷണാവകാശം നിഷേധിക്കരുത്
7. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ പൊതു പരീക്ഷ എഴുതുന്നവരാണ്. അതിനാല്‍ ആ വിഭാഗങ്ങള്‍ ദേശീയ പ്രവണതയോട് ഒട്ടിനില്‍ക്കണം
8. താപനില ക്രമാതീതമായി ഉയരുന്ന ജില്ലകളില്‍ (ഉദ: പാലക്കാട്) ആവശ്യത്തിന് താപ നിയന്ത്രണ സംവിധാനം ഒരുക്കാന്‍ കഴിയണം
9. പൊതു സമൂഹവുമായി ഇടപഴകാന്‍, നാട് കാണാന്‍, വിനോദത്തിന്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ മാസങ്ങള്‍ നിലവിലുള്ള അവധിക്കാലമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ ലോകത്തെ അറിയുകയാണ്. അത് റദ്ദ് ചെയ്യരുത്. ഒരു മാസം വേനല്‍ക്കാലത്ത് നിന്നും ഒരു മാസം മഴക്കാലത്തു നിന്നും അവധി ക്രമീകരിക്കാവുന്നതാണ്
10. സാധ്യായ ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്ന പലവിധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അവയുടെ വിമര്‍ശനാത്മക പരിശോധന നടത്തണം. 
11. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളില്‍ മഴ കഴിയുമ്പോഴാണ് വെള്ളം പൊങ്ങുക. യാത്ര മാത്രമല്ല ജീവിതവും ദുരിതത്തിലാണ്. അവിടെയുള്ള കുട്ടികളെയും പരിഗണിക്കണം
12. കടല്‍ക്ഷോഭമുണ്ടാകുന്ന കാലത്ത് തീരദേശത്തെ വിദ്യാലയങ്ങള്‍ക്ക് പ്രശ്‌നമുണ്ട്. അതും പഠിക്കണം
13. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഉണ്ട്. ലോകാവസാനം വരെ ഈ രീതി തുടരരുത്. തദ്ദേശ സ്ഥാപനങ്ങള്‍ ബദല്‍ സംവിധാനം ആലോചിക്കണം
14. ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്താനാകണം. ആകസ്മിക അവധികളെ കോമ്പന്‍സേറ്റ് ചെയ്യാന്‍ കഴിയണം
 15. അയവുള്ള അവധി ക്രമീകരണം ആലോചിക്കണം.

മാറ്റങ്ങളേക്കുറിച്ച് ചര്‍ച്ച നടക്കട്ടെ. പ്രായോഗികമായ പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും ഉയര്‍ന്നുവരട്ടെ എന്നുമാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പറയുന്നത്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്‌കൂള്‍ അവധിക്കാലം നിലവിലെ ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്ന് മാറ്റി ജൂണ്‍-ജൂലൈ ആക്കുന്നതിനേക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങി വച്ചിരിക്കുന്ന പൊതു ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു മാറ്റത്തേക്കുറിച്ച് തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദമായ ചര്‍ച്ചയും അഭിപ്രായ സമന്വയവും സമൂഹത്തില്‍ ഉണ്ടാവണം എന്ന വിദ്യാഭ്യാസ മന്ത്രിയുടെ തിരിച്ചറിവിനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേല്‍ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയില്‍ നല്ലതല്ല. വിദ്യാഭ്യാസ രംഗത്തുള്ള ഏതൊരു മാറ്റത്തിനും അക്കാദമികവും പ്രായോഗികവുമായ കാരണങ്ങള്‍ ഉണ്ടാവണം. അത് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ വിശദീകരിക്കാനും കഴിയണം.ചര്‍ച്ചകള്‍ക്കായി വിഷയം പൊതുസമൂഹത്തിന് മുന്‍പില്‍ മന്ത്രി അവതരിപ്പിച്ച് കഴിഞ്ഞതേയുള്ളൂ എന്നതിനാല്‍ ഈ ഘട്ടത്തില്‍ സുചിന്തിതമായ ഒരു അന്തിമാഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും കഴിഞ്ഞെന്ന് വരില്ല. വിശദാംശങ്ങളും വാദങ്ങളും എതിര്‍വാദങ്ങളും താത്പര്യത്തോടെ ഉറ്റുനോക്കുന്നു.

ഞാന്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. അവിടെ കേരള സ്‌ക്കൂളുകളില്‍ നിന്ന് ഒരു മാസം വൈകി മെയ്-ജൂണ്‍ മാസങ്ങളിലായിരുന്നു സമ്മര്‍ വെക്കേഷന്‍. നിലവില്‍ അവിടെ രണ്ട് മാസം തികച്ച് വെക്കേഷന്‍ ഇല്ല, 50 ദിവസമേ ഉള്ളു എന്ന് തോന്നുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം മെയ് 9 മുതല്‍ ജൂണ്‍ 17 വരെയായിരുന്നു വെക്കേഷന്‍, 40 ദിവസം മാത്രം. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് രണ്ട് മാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചര്‍ച്ചയാവാമെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ്. 

ഗള്‍ഫ് രാജ്യമായ യുഎഇയില്‍ ഏപ്രില്‍ ആദ്യത്തില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കും. മൂന്ന് മാസത്തെ ആദ്യ ടേം കഴിഞ്ഞ് ജൂലൈ-ആഗസ്ത് മാസങ്ങളിലായി 8 ആഴ്ചയാണ് സമ്മര്‍ വെക്കേഷന്‍. ഡിസംബറില്‍ 20 ദിവസത്തോളം വിന്റര്‍ ഒഴിവും ഉണ്ടാവും. അക്കാദമിക് വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് അവസാനവും രണ്ടാഴ്ചയോളം ഒഴിവ് കുട്ടികള്‍ക്ക് ലഭിക്കും. 
ഏപ്രില്‍, മെയ് മാസങ്ങളിലിപ്പോള്‍ കേരളത്തില്‍ ചുട്ടുപൊള്ളുന്ന വെയിലാണ് എന്നത് കാണാതിരിക്കരുത്. ഗള്‍ഫ് രാജ്യങ്ങളെപ്പോലെ എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളല്ലല്ലോ നമ്മുടെ പൊതുവിദ്യാലയങ്ങളിലുള്ളത്. കുട്ടികള്‍ പുറത്ത് കളിക്കുമ്പോള്‍ സൂര്യാഘാതം ഏല്‍ക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടാവാറുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം പല സ്‌ക്കൂളുകളിലും അനുഭവപ്പെടാറുണ്ട്. ഇതിനൊക്കെ തൃപ്തികരമായ പരിഹാരം കാണേണ്ടതുണ്ട്.

മഴ പെയ്താല്‍/ പെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടാല്‍ ഉടന്‍ ഒരു ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന അവസ്ഥക്കും മാറ്റമുണ്ടാവണം. കൂടുതല്‍ ശാസ്ത്രീയമായി ഇതില്‍ ഇടപെടാന്‍ കഴിയണം. മഴക്കാലമാണെങ്കിലും കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌ക്കൂളിലേക്ക് വരാനും പോകാനും കഴിയുന്ന തരത്തില്‍ നമ്മുടെ പൊതു സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനും കഴിയേണ്ടതുമുണ്ട്. ഏതായാലും മാറ്റങ്ങളേക്കുറിച്ച് ചര്‍ച്ച നടക്കട്ടെ. പ്രായോഗികമായ പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും ഉയര്‍ന്നുവരട്ടെ. ഗുണപരമായ ഇടപെടലുകള്‍ ഉണ്ടാവട്ടെ.

എപ്രില്‍ മെയ് മാസങ്ങളില്‍ നിന്ന് മാറി ജൂണ്‍- ജൂലായിലേക്ക് മാറിയാല്‍ വളരെ നന്നായിരിക്കുമെന്നാണ് യു.എന്‍ ദുരന്തലഘൂകരണ വിഭാഗം മുൻ മേധാവി മുരളി തുമ്മാരുകുടി പറയുന്നത്. 
നാട്ടില്‍ നിന്നും പുറത്തേക്കും പുറത്തു നിന്നും നാട്ടിലേക്കും പഠനം മാറുന്ന  കുട്ടികള്‍ക്കും മറ്റു നാടുകളിലെ വിദ്യാഭ്യാസ കലണ്ടറുമായി നമ്മുടെ കലണ്ടര്‍ സിങ്ക് ചെയ്യുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന് പൂര്‍ണ്ണരൂപം

സ്‌കൂള്‍ അവധിക്കാലം 

കഴിഞ്ഞ ദിവസം എന്റെ ഒരു ഫേസ്ബുക്ക് സുഹൃത്ത് നമ്മുടെ നാട്ടിലെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍ - മെയ് എന്നത് മാറ്റി ജൂണ്‍ - ജൂലൈ ആക്കുന്നതിന്റെ ഗുണങ്ങളെ പറ്റി എനിക്കൊരു പ്രൈവറ്റ് മെസ്സേജ് എഴുതിയിരുന്നു. ശീലിച്ചു പോയത് കൊണ്ടാകാം ഞാന്‍ ഒരിക്കലും ആ വിഷയത്തെ പറ്റി ചിന്തിച്ചിരിക്കുന്നില്ല. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ അതില്‍ കാര്യം ഉണ്ടെന്ന് മനസ്സിലായി. എഴുതണം എന്ന് കരുതുകയും ചെയ്തു.

മഴക്കാലത്ത് സ്‌കൂള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും ഇടക്കിടക്ക് അവധി പ്രഖ്യാപിക്കുന്നതില്‍ കൂടി ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെയും പറ്റിയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. പണ്ടൊക്കെ കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ അതൊരു ആഘോഷമാണ്, കുട്ടികള്‍ക്ക് വീട്ടില്‍ ഇരിക്കാം. പക്ഷെ ഇപ്പോള്‍ അനവധി വീടുകളില്‍ അച്ഛനും അമ്മയും ജോലിക്ക് പോയാല്‍ പിന്നെ അവിടെ ആരും ഇല്ല. രാത്രി പത്തുമണിക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികളുടെ സുരക്ഷിതത്വം എങ്ങനെ ഉറപ്പു വരുത്താം എന്നതിന് നമുക്ക് ഇപ്പോള്‍ ഒരു പദ്ധതിയും ഇല്ല. അച്ഛനോ അമ്മയോ അവധി എടുക്കേണ്ടി വരും, അത് ജോലിയെ ബാധിക്കും എന്നിങ്ങനെ.

ആലപ്പുഴയിലും തീരദേശത്തും ഹൈറേഞ്ചിലും ഒക്കെ പെരുമഴക്കാലത്ത് സ്‌കൂളുകള്‍ വെള്ളം കയറുന്നതുകൊണ്ടും ദുരിതാശ്വാസ ക്യാംപുകള്‍ ആയി പ്രവര്‍ത്തിക്കേണ്ടത് കൊണ്ടും അവിടെ മാത്രം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന ഒരു രീതി ഉണ്ട്. പണ്ടൊക്കെ കുറച്ചു ദിവസം മാത്രമായിരുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ ദിവസങ്ങള്‍ സ്‌കൂളുകള്‍ പഠനത്തിന് ലഭ്യമല്ലാത്ത സാഹചര്യം വരികയാണ്. 

മഴക്കാലത്ത് സ്‌കൂളിലേക്കുള്ള യാത്രയില്‍ റോഡില്‍ ആണെങ്കിലും വള്ളത്തില്‍ ആണെങ്കിലും ഉണ്ടാകുന്ന അധിക അപകട സാദ്ധ്യതകള്‍ ആണ് മറ്റൊന്ന്. സ്‌കൂളില്‍ തന്നെ ഉണ്ടാകുന്ന അപകടങ്ങള്‍ (വെള്ളം നിറഞ്ഞ കുഴികളില്‍ വീഴുന്നത്, കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുന്നത്, മരങ്ങള്‍ കാറ്റില്‍ വീഴുന്നത്) കൂടുതല്‍ ഈ കാലത്താണ് സംഭവിക്കുന്നത്.
ഇങ്ങനെ പല കാരണങ്ങള്‍ ആണ് അദ്ദേഹം പറഞ്ഞത്. 

പക്ഷെ അദ്ദേഹം പറയാത്ത രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ട്. ഒന്ന് മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളില്‍ (ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക)  സ്‌കൂള്‍ അവധിക്കാലം ജൂലൈ - ആഗസ്റ്റ് ആണ്. ഇപ്പോള്‍ അവിടെയുള്ള കുട്ടികള്‍ നാട്ടില്‍ വരുമ്പോള്‍ അവരുടെ കസിന്‍സ് ആയ നമ്മുടെ നാട്ടിലെ കുട്ടികളുമായി ഇടപഴകാനുള്ള അവസരം കുറയുന്നു. വിദേശത്തെ ബന്ധുക്കളെ കാണാന്‍ പോകാന്‍ അവസരമുള്ള കുട്ടികള്‍ക്കും ഇത് ബുദ്ധിമുട്ടാണ്. അവര്‍ ചെല്ലുമ്പോള്‍ അവരുടെ കസിന്‍സ് എല്ലാം പഠനത്തിലും പരീക്ഷയിലും ആയിരിക്കുമല്ലോ.
നാട്ടില്‍ നിന്നും പുറത്തേക്കും പുറത്തു നിന്നും നാട്ടിലേക്കും പഠനം മാറുന്ന  കുട്ടികള്‍ക്കും മറ്റു നാടുകളിലെ വിദ്യാഭ്യാസ കലണ്ടറുമായി നമ്മുടെ കലണ്ടര്‍ സിങ്ക് ചെയ്യുന്നത് നന്നായിരിക്കും.
മൊത്തത്തില്‍ നോക്കിയാല്‍ നമ്മുടെ അവധിക്കാലം ഏപ്രില്‍ - മെയ് മാറി ജൂണ്‍ - ജൂലൈ ആക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ആണ് എനിക്കും ഉള്ളത്.

ഈ വിഷയം ചര്‍ച്ചക്കെടുക്കാന്‍ ഇതിലും പറ്റിയ ഒരു സമയമില്ല. കുട്ടികള്‍ക്ക് ഗുണമുള്ളതും എന്നാല്‍ കുറച്ചാളുകള്‍ ഒക്കെ എതിര്‍ക്കുന്നതുമായ പരിഷ്‌കാരങ്ങള്‍ ധൈര്യമായി നടപ്പിലാക്കുന്ന ഒരാള്‍ ആണ് ഇപ്പോള്‍ വിദ്യഭ്യാസമന്ത്രിയായി ഇരിക്കുന്നത്.  ഈ വിഷയം മന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നു വിശ്വാസത്തോടെ 
മുരളി തുമ്മാരുകുടി 


മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ അഭിപ്രായ കമന്റുകളുമായി എത്തിയിട്ടുണ്ട്. മഴക്കാലത്ത് വീടിനുള്ളില്‍ കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോവുമെന്നും പുറത്ത് ഓടികളിക്കാനുള്ള സമയം നഷ്ടമാവുമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഹൈറേഞ്ച് പോലുള്ള സ്ഥലത്ത് കുട്ടികളുടെ മഴക്കാലത്തെ പഠനം ദുഷ്‌കരമാണെന്നും കമന്റുകളുണ്ട്.