
സുൽത്താൻബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കും കുട്ടികൾക്കും മുകൾനിലയിലേക്ക് പോകാനും വരാനും ലിഫ്റ്റ് സംവിധാനം. കേരളത്തിലെ ലിഫ്റ്റ് സൗകര്യമുള്ള ചുരുക്കം വിദ്യാലയങ്ങളിലൊന്നായി ബത്തേരി സർവജനസ്‌കൂൾ മാറുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷിക്കാർ, ശാരീരികബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾ, അധ്യാപകർ എന്നിവർക്കാണ് പ്രധാനമായും ലിഫ്റ്റിന്റെ പ്രയോജനം ലഭിക്കുക. മൂന്നുനിലക്കെട്ടിടത്തിന്റെ മുകൾനിലകളിലെ ഐടി ലാബ്, ആസ്‌ട്രോണമി ലാബ്, 15 ക്ലാസ്‌മുറികൾ എന്നിവയിലേക്ക് വേഗത്തിലെത്താൻ ലിഫ്റ്റ് സഹായകമാകും. യുപി സെക്‌ഷനും ഹൈസ്കൂളിന്റെ ഒരുഭാഗവുമാണ് ഈ നിലകളിൽ പ്രവർത്തിക്കുന്നത്. ബത്തേരി നഗരസഭ 2024-25 വാർഷികപദ്ധതിയിൽ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ലിഫ്റ്റ് ഒരുക്കിയത്. നേരത്തേ പൊതുവിദ്യാഭ്യാസവകുപ്പിന്റെ രണ്ടുകോടി രൂപയും കിഫ്ബിയുടെ ഒരുകോടി രൂപയും ഉപയോഗിച്ച് 2024-ൽ പൂർത്തീകരിച്ച പുതിയ കെട്ടിടസമുച്ചയത്തിലാണിത്. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം നേടിയ രണ്ട് അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികളുടെ സുരക്ഷകൂടി കണക്കിലെടുത്ത് ലിഫ്റ്റ് പ്രവർത്തിപ്പിക്കുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ഒ.ആർ. കേളു ലിഫ്റ്റ് സംവിധാനം ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എൻഎംഎംഎസ്, യുഎസ്എസ് പരീക്ഷകളിൽ മികച്ചവിജയം നേടിയവരെയും ചടങ്ങിൽ അനുമോദിക്കും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ അബ്ദുൾനാസർ, പ്രധാനാധ്യാപിക ബിജി വർഗീസ്, വി.കെ. സുനിൽകുമാർ, ടി.കെ. ശ്രീജൻ, വി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
Content Highlights: Sultan Bathery`s Govt. Vocational Higher Secondary School installs lift
Published: 17 Jun 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented