എടപ്പാൾ: പുതിയ അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.

To advertise here,

സംസ്ഥാന സിലബസിലുള്ള സർക്കാർ,എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മേയ് രണ്ടിന് പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുംവരെ താത്കാലികപ്രവേശനം എന്ന നിലയിലാവും. സ്‌കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുത്.

വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ആയതുകൊണ്ടോ അസുഖമടക്കമുള്ള കാര്യങ്ങൾ കൊണ്ടോ വാർഷിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്‌കൂൾ തലത്തിൽ പരീക്ഷ നടത്തി അർഹരായവർക്ക് ക്ലാസുകയറ്റം നൽകാനും നടപടിയുണ്ട്.

പ്രതിസന്ധി തലയെണ്ണുമ്പോൾ

രേഖകളില്ലാതെ പ്രവേശനം നൽകുന്ന കുട്ടികളുടെ രേഖകൾ സ്‌കൂൾ തുറന്ന് ആറാം ദിവസം നടക്കുന്ന തലയെണ്ണൽ ഘട്ടത്തിൽ നൽകിയില്ലെങ്കിൽ അവരെ എണ്ണത്തിൽ കൂട്ടില്ല. കഴിഞ്ഞ വർഷം ആധാർ അപ് ലോഡ് ചെയ്യാത്തതിന്റെ പേരിൽ പല സ്‌കൂളുകളിലും കുട്ടികളുണ്ടായിട്ടും തസ്തിക നിർണയത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു. പിന്നീട് സമയം നീട്ടിനൽകി.