കോട്ടയം: സ്വകാര്യ ഡെന്റൽ കോളേജുകളിലെ ബി.ഡി.എസ്‌. വിദ്യാർഥികൾ നാലര വർഷത്തെ കോഴ്‌സിന്‌ നൽകുന്നത് അഞ്ചുവർഷത്തെ ഫീസ്‌. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. വിദ്യാർഥികളും നാലരവർഷം പഠിക്കുകയും അഞ്ചു വർഷത്തെ ഫീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇവരോട് അരക്കൊല്ലത്തെ ഫീസ് കൂടുതലായി വാങ്ങുന്നത് നാഷണൽ മെഡിക്കൽ കമ്മിഷൻ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.

To advertise here,

എം.ബി.ബി.എസ്‌. വിദ്യാർഥികളിൽനിന്ന്‌ അധികമായി ഈടാക്കിയ ഫീസ്‌ തിരികെ നൽകണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, സമാനസാഹചര്യമുള്ള ബി.ഡി.എസ്.വിദ്യാർഥികൾക്ക് ഇക്കാര്യത്തിൽ നീതി കിട്ടിയിട്ടില്ല. ബി.ഡി.എസിനും അവസാനവർഷം ആറുമാസത്തെ ഫീസ്‌ ഒഴിവാക്കണമെന്നും ഇതിന് നാഷണൽ െഡന്റൽ കൗൺസിലും സർക്കാരും ഇടപെടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ഡെന്റൽ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്റെ പരിധിയിൽ 17 സ്വകാര്യ െഡന്റൽ കോളേജുകളാണുള്ളത്‌. അസോസിയേഷന്റെ ഭാഗമല്ലാത്ത ചില കോളേജുകളുമുണ്ട്‌. ഒരു വർഷം 3.43 ലക്ഷം രൂപയാണ്‌ ഫീസ്. അക്കാദമിക്‌ കാലയളവ്‌ നാലരവർഷവും ഒരു വർഷം ഹൗസ്‌ സർജൻസിയുമാണ്‌. ഓരോ വർഷത്തെയും ഫീസ്‌ പ്രത്യേകം വാങ്ങിന്നില്ലെന്നും ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്‌ചയിക്കുന്ന കോഴ്‌സിന്റെ ആകെ ഫീസ്‌ അഞ്ചു ഗഡുക്കളായി വാങ്ങുന്നതാണ്‌ രീതിയെന്നും ഓൾ കേരള ഡെന്റൽ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ കെ.എം. പരീത്‌ പറഞ്ഞു.

കോടതിയിൽനിന്ന് മുൻപ്‌ അനുകൂല ഉത്തരവും കിട്ടിയിട്ടുണ്ട്‌. നാഷണൽ െഡന്റൽ കൗൺസിൽ ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടില്ലെന്നും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്താൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌െറ്റെപ്പന്റ്‌ തുകയിൽ ന്യായമായ വർധന വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.