
കണ്ണൂർ: കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാമിനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. നിതിൻ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്നും അധ്യാപകൻ നിതിനെ സ്ഥിരമായി പ്രയാസപ്പെടുത്തിയിരുന്നെന്നും സഹപാഠികൾ വെളിപ്പെടുത്തി. ക്ലാസ് റൂമിൽ ബോഡി ഷെയിമിങ് ഉണ്ടെന്നും പലരും പരാതി പറയാത്തത് പ്രതികാരം ചെയ്യുമോ എന്ന് ഭയന്നിട്ടാണെന്നും സഹപാഠികൾ ആരോപിച്ചു. നിതിന്റെ വീട്ടിലെത്തിയ സഹപാഠികൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അധ്യാപകന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞത്.
"നിതിൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. അവന്റെ പേപ്പർ എല്ലാവരുടേയും മുമ്പിൽവെച്ച് ഓരോ കുട്ടികളുടെ കൈയിലും കൊടുത്ത് വായിപ്പിച്ച് ഉപദ്രവിച്ചിരുന്നു. ക്ലാസിൽ സാർ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്. എന്നെ 'ഫാറ്റി ഗേൾ' എന്ന് വിളിക്കാറുണ്ട്. നിറം കുറവാണെങ്കിൽ കറുത്തിട്ടാണെന്ന് പറയാറുണ്ട്. നിറം കൂടിയ കുട്ടിയാണെങ്കിൽ, 'യു ലുക്ക് ലൈക്ക് സിൻഡ്രല' എന്നും പറയാറുണ്ട്. ഞങ്ങളെയൊക്കെ അടിച്ച് താഴ്ത്തിയാണ് സംസാരിക്കുന്നത്. സീനിയേഴ്സ് പറയാറുണ്ട്, അവരും ഇങ്ങനെ ഒരു ട്രോമ കഴിഞ്ഞാണ് വന്നത് എന്ന്. ആത്മഹത്യയുടെ അറ്റംവരെ അവരും എത്തിയിട്ടുണ്ട്. 'റാം എന്ന സാർ ഉണ്ട്. സാർ പറയുന്നത് എന്താണോ അത് ചെയ്യുക. അല്ലെങ്കിൽ സാറ് അറ്റൻഡൻസ് കളയും' എന്ന് സീനിയേഴ്സ് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് എല്ലാവർക്കും പേടി. അറ്റൻഡൻസ് ഇല്ലെങ്കിൽ എക്സാം എഴുതാൻ പോലും പറ്റില്ല. ഒരു മാസത്തെ അറ്റൻഡൻസ് വരെ അങ്ങേര് കളയും. അത് പേടിച്ചാണ് ക്ലാസിൽ പോകുന്നത്. പഠിപ്പിക്കില്ല, മതപരമായ കാര്യങ്ങളും ബോഡി ഷെയിമിങ്ങുമാണ് ക്ലാസ് സമയത്ത്’’, നിതിന്റെ സഹപാഠിയായ വിദ്യാർഥിനി മാധ്യമങ്ങളോട് പറഞ്ഞു.
‘സാറിന്റെ ടാർഗറ്റ് ആയിരുന്നു നിതിൻ. പാരന്റ്സ് മീറ്റിങ്ങിന് എന്താ വരാത്തത് എന്ന് അവനോട് ക്ലാസിൽ വെച്ച് ചോദിച്ചു. അമ്മയ്ക്ക് വയ്യ, സർജറി കഴിഞ്ഞെന്ന് പറഞ്ഞു. 'അമ്മയ്ക്ക് കാലിന് കുഴപ്പം ഒന്നും ഇല്ലാല്ലോ, വരാൻ പറ്റത്തില്ലേ' എന്ന് സാറ് ചോദിച്ചു. നിന്റെ ഓർഗൻ കൂടി കളഞ്ഞോ എന്നുള്ള രീതിയിലൊക്കെ സംസാരിച്ചു’, വിദ്യാർഥിനി പറഞ്ഞു.
‘ക്ലാസിലിരിക്കുന്ന കുട്ടിയെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും. അടിച്ചത് ശരിയായില്ലെങ്കിൽ, 'നീ എന്താ ട്രാൻസ്ജെൻഡർ ആണോ? ഗേ ആണോ' എന്ന് ചോദിക്കും. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞങ്ങൾക്ക് ഒന്നും മിണ്ടാൻ പറ്റില്ല. പരാതി പറഞ്ഞാൽ പിന്നീട് അയാൾ എന്താ ചെയ്യുന്നതെന്ന് അറിയില്ല, പേടിച്ചിട്ടാണ്. എക്സാം തോൽപ്പിക്കും. അഞ്ചര വർഷത്തെ കോഴ്സ് പന്ത്രണ്ട് വർഷത്തോളം ഇരിക്കേണ്ടി വരും. ആ ടെൻഷൻ കാരണം ആരും ഒന്നും ചെയ്യാറില്ല. കഴിഞ്ഞ വർഷം സാറിന് സസ്പെൻഷൻ കിട്ടിയിരുന്നു. 'എനിക്ക് സസ്പെൻഷൻ കിട്ടിയാൽ ഒന്നുമില്ല, അതിനേക്കാൾ ഊർജ്ജത്തോടെ തിരിച്ചു വരും. എന്താണെന്ന് വെച്ചാൽ പരാതിപ്പെട്ടോ, എനിക്ക് കുഴപ്പമില്ല' എന്ന് പറയും. 'ഞാൻ ഒരാളെ കൊന്നിട്ടുണ്ടെന്ന്' ക്ലാസിൽ വെച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്, വിദ്യാർഥിനി പറഞ്ഞു.
‘നിതിൻ പറഞ്ഞതൊക്കെ സത്യമാണ്. അതിൽ കള്ളത്തരമൊന്നുമില്ല. ഇതൊക്കെ പറഞ്ഞിട്ട് എന്റെ ജീവിതം എന്താവും എന്നുപോലും അറിയില്ല. പക്ഷെ, പറയണം. ഇത് പറയാതെ രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല. നിതിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഞാൻ എന്ന് അവൻ എപ്പോഴും പറയും, കണ്ണീരോടെ സഹപാഠി പറഞ്ഞു. സാറെന്ന് വിളിക്കാൻ പോലും തോന്നുന്നില്ല. ഒരു മൃഗമാ അത്. സാറല്ല അത്, സഹപാഠി പറഞ്ഞു.
'എല്ലാവർക്കും ഷോക്ക് ആയിരുന്നു. നിതിൻ വീണു എന്ന് മാത്രമേ അറിയൂ. എല്ലാവരും എന്താണെന്ന് അറിയാതെ ഓടിനടക്കുകയായിരുന്നു. മരിച്ചു എന്നറിഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഇങ്ങോട്ട് വരണമെന്നുണ്ടായിരുന്നു. വരാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല. ഇനിയും സാറ് വന്നാൽ എന്താവും എന്ന പേടികൊണ്ടാണ് മിണ്ടാതിരുന്നത്. ഫസ്റ്റ് ഇയറിൽ കിട്ടിയില്ലേൽ മൂന്നാം വർഷം എന്ത് ചെയ്യുമെന്ന് പേടിയുണ്ട്. അതാണ് ആരും ഒന്നും പറയാത്തത്. അവർക്ക് വേണ്ടിയാണ് ഞാൻ ഇതൊക്ക പറയുന്നത്, സഹപാഠി പറഞ്ഞു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത എന്നിവരുടെപേരിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റവും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധനവകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അധ്യാപകൻ ഡോ. കെ. റാം നേരത്തേയും നടപടിനേരിട്ടയാളാണ്. കഴിഞ്ഞവർഷം രണ്ട് പരാതി ഇദ്ദേഹത്തിന്റെപേരിൽ നൽകിയിരുന്നു. ഒന്നാംവർഷ വിദ്യാർഥികളും അധ്യാപകരും സർവകലാശാലയ്ക്ക് നൽകിയ പരാതിയിൽ രണ്ടുമാസത്തെ സസ്പെൻഷൻ കിട്ടി. ഇതേ കാലയളവിൽ മൂന്നാംവർഷ വിദ്യാർഥികളും അധ്യാപകന്റെ ജാതി-വർണ അധിക്ഷേപങ്ങൾക്കും ശാരീരിക അധിക്ഷേപങ്ങൾക്കുമെതിരേ പരാതി നൽകിയിരുന്നു.
Content Highlights: Investigation into the 2026 death of BDS student Nitin Raj., Allegations of systemic body shaming and mental abuse by faculty., Official police case filed against Dr. K. Ram and Dr. Sangeetha., Reports of retaliation threats regarding attendance and exams., History of previous suspensions and complaints against the accused professor.
Published: 13 Apr 2026, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented