തൃശ്ശൂർ: സംസ്ഥാനത്തിന്റെ പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ ലക്ഷങ്ങളുടെ കുടിശ്ശിക. രണ്ടു മുതൽ ഒൻപതു ലക്ഷം രൂപ വരെയാണ് ഗവേഷകരിൽ പലർക്കും കിട്ടാനുള്ളത്. അഞ്ചും ആറും ലക്ഷം കുടിശ്ശികയുള്ളവരാണ് ഇതിൽ ഭൂരിപക്ഷവും.

To advertise here,

സർവകലാശാല, കോളേജ് താത്കാലിക അധ്യാപക ജോലി ഉപേക്ഷിച്ച് ഫെലോഷിപ്പ് പ്രോഗ്രാമിന് ചേർന്നവരാണ് ഇവരിൽ നല്ല പങ്കും. നിലവിലുണ്ടായിരുന്ന വരുമാന മാർഗം നഷ്ടപ്പെടുത്തി സർക്കാറിനെ വിശ്വസിച്ചിറങ്ങിയവർ പെരുവഴിയിലായ അവസ്ഥയാണ്. മൂന്നു ബാച്ചുകളിലായി 105 പേരാണ് ഇതുവരെ ഫെലോഷിപ്പിന് അർഹരായിട്ടുള്ളത്. ആദ്യ മൂന്നു മാസം മാത്രമാണ് കൃത്യമായി ഫെലോഷിപ്പ് തുക നൽകിയത്.

നവകേരള സൃഷ്ടിക്കായുള്ള ഗവേഷണ പദ്ധതികൾക്കായി അഞ്ചു വർഷത്തിനകം 500 പേർക്ക് ഫെലോഷിപ്പ് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതനുസരിച്ച് ആദ്യ ബാച്ച് 2022-ലും രണ്ടാമത്തെ ബാച്ച് 2023-ലുമാണ് തുടങ്ങിയത്. 2024-ൽ മൂന്നാമത് ബാച്ച് ആരംഭിച്ചെങ്കിലും സർവകലാശാല വഴി വന്ന ഗവേഷകർക്കു മാത്രമാണ് പ്രവേശനം നൽകിയത്.

ഇതേവർഷം പൊതുവിഭാഗത്തിൽ അപേക്ഷ ക്ഷണിച്ച് പട്ടികയിൽ ഉൾപ്പെട്ടവരുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഫലത്തിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം പദ്ധതി പാതിവഴിയിൽ നിലച്ച മട്ടാണ്.

മുഴുവൻസമയ ഗവേഷണത്തിനായി ഒന്നാംവർഷം 50,000 രൂപയും രണ്ടാംവർഷം ഒരു ലക്ഷം രൂപയുമാണ് ഫെലോഷിപ്പ് തുക. ഇതിനൊപ്പം സയൻസ് വിഷയക്കാർക്ക് വർഷത്തിൽ ഒരു ലക്ഷം രൂപയും മാനവിക വിഷയക്കാർക്ക് 50,000 രൂപയും വാർഷിക കണ്ടിജൻസിയും പ്രഖ്യാപിച്ചിരുന്നു. ഈ തുകയും പലർക്കും കിട്ടിയിട്ടില്ല.

ഇതേ വിഷയം മാതൃഭൂമി ഉൾപ്പെടെ വാർത്തയാക്കിയിരുന്നെങ്കിലും കുടിശ്ശിക തീർക്കാൻ അധികൃതർ ശ്രമിക്കുന്നില്ല.