തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സയന്‍സ് പരീക്ഷകള്‍ തുടര്‍ച്ചയായി നടത്തുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിച്ച് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസവകുപ്പിന് വേറെ വഴിയില്ലാത്തതിനാല്‍ പരീക്ഷ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പ്രശ്‌നമുന്നയിച്ച് കത്തെഴുതിയ ടി.വി. ഇബ്രാഹിം എം.എല്‍.എ.യ്ക്കുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.

മാര്‍ച്ച് 17 മുതല്‍ 21 വരെ തുടര്‍ച്ചയായി പരീക്ഷകള്‍ നടത്തുന്നതിലാണ് പരാതി.

17-ന് ഒന്നാം വര്‍ഷ ബയോളജി, 18-ന് രണ്ടാം വര്‍ഷ കെമിസ്ട്രി, 19-ന് ഒന്നാം വര്‍ഷ ഫിസിക്‌സ്, 20-ന് രണ്ടാം വര്‍ഷ ഗണിതം, 21-ന് ഒന്നാം വര്‍ഷ ഗണിതം എന്നിങ്ങനെയാണ് പരീക്ഷ. രണ്ടാംവര്‍ഷക്കാരുടെ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ഒപ്പമായതാണ് വിദ്യാര്‍ഥികളെ വലയ്ക്കുന്നത്.

ഹാള്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തതും ചോദ്യക്കടലാസ് അച്ചടിക്കാന്‍ നല്‍കിയതും സയന്‍സ് പരീക്ഷ മാറ്റാതിരിക്കാനുള്ള കാരണങ്ങളായി മന്ത്രി വിശദീകരിച്ചു.

മുസ്ലിം ലീഗ് അനുഭാവ സംഘടനയായ കെ.എച്ച്.എസ്.ടി.യു. ബദല്‍ ടൈംടേബിള്‍ തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല.