കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങുന്നു. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ലെന്ന് നേരത്തേ സർക്കാരിന്റെ ഉത്തരവുണ്ട്.
2021 ഒക്ടോബർ ഏഴിന് പദ്ധതി നിർവഹണ, വിലയിരുത്തൽ നിരീക്ഷണവകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് അറിയാത്ത പലരും ഇത്തരം സർട്ടിഫിക്കറ്റിനായി എത്തുകയാണ്.
നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്ക് മാത്രം മതി. സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് മാത്രമേ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.
പ്ലസ് വൺ ഏകജാലക പ്രവേശന മാർഗനിർദേശം പ്രകാരം പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നവർക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങൾക്കുള്ള രേഖകൾ പ്രവേശനത്തിനുശേഷം നൽകിയാൽ മതി.
സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ച് വർഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം.
വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരിൽ ഒരാളുടെ എസ്.എസ്.എൽ.സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.
വാട്സാപ്പ് മുഖേന വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുംവിധം പലവിധത്തിലുള്ള അറിയിപ്പുകൾ പ്രചരിക്കുന്നുണ്ട്. വിവിധ ജനസേവനകേന്ദ്രങ്ങളുടെ പേരിലും ഇത്തരം വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: Nativity, income, and caste certificates are not mandatory for general Plus One admission., SSLC book is sufficient for proving nativity and caste in most cases., Only SC/ST/OEC students require specific certificates for scholarship benefits., Reservation documents can be submitted after the admission process., Beware of fake messages regarding document requirements circulating on social media.
Published: 24 May 2026, 09:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented