കേരളത്തിലെ പഞ്ചവത്സര, ത്രിവത്സര എൽഎൽബി കോഴ്സുകളിലെ 2025-26-ലെ പ്രവേശനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി
പ്ലസ് ടു പൂർത്തിയാക്കി, നിയമപഠനം ആഗ്രഹിക്കുന്നവർക്ക് പ്രവേശനപരീക്ഷാ കമ്മിഷണർവഴി നടത്തുന്ന ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രോഗ്രാമിന് അപേക്ഷിക്കാം.സർക്കാർ ലോ കോളേജുകൾ (നാല്), സർക്കാരുമായി സീറ്റ് പങ്കുവയ്ക്കുന്നതിന് കരാറിൽ ഏർപ്പെടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ (ഗവ. സീറ്റുകൾ) എന്നിവയിലെ ബിഎ എൽഎൽബി/ബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി/ബികോം എൽഎൽബി (ഓണേഴ്സ്), ബിബിഎ എൽഎൽബി/ബിബിഎ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഇതിൽ ഉൾപ്പെടുന്നത്.
2024-25-ലെ പ്രവേശനപ്രക്രിയയിൽ സർക്കാർ ലോ കോളേജുകളിൽ 360 സീറ്റുണ്ടായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്-120 വീതം, എറണാകുളം, തൃശ്ശൂർ-60 വീതം. സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ 28 കോളേജുകളുമാണ് ഉണ്ടായിരുന്നത്. 2024-25-ലെ പട്ടിക 2025 പ്രോസ്‌പെക്ടസിലുണ്ട്. ഈവർഷത്തെ അന്തിമ കോളേജ് പട്ടിക, സീറ്റ് ലഭ്യത തുടങ്ങിയവ അലോട്മെൻറ്് നടപടികൾ ആരംഭിക്കുംമുൻപ് വ്യക്തമാകും.
നേറ്റിവിറ്റി
ഇന്ത്യക്കാരനായിരിക്കണം. ഒസിഐ/പിഐഒ വിഭാഗക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സംവരണാനുകൂല്യം ലഭിക്കില്ല. കേരള ഒറിജിൻ ഉണ്ടെങ്കിൽ (കേരളത്തിൽ ജനിക്കുകയോ അപേക്ഷാർഥിയുടെ അച്ഛനോ അമ്മയോ കേരളത്തിൽ ജനിക്കുകയോ ചെയ്തതാണെങ്കിൽ) മാത്രമേ സംവരണാനുകൂല്യങ്ങളും എന്തെങ്കിലും ഫീസ് ഇളവിനുള്ള അർഹതയും ലഭിക്കൂ. ഇതിലേക്ക് നിശ്ചിതരേഖ നൽകേണ്ടതുണ്ട്.
യോഗ്യത
കേരള ഹയർ സെക്കൻഡറി പരീക്ഷയോ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ/ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള തത്തുല്യ പ്ലസ്ടുതല പരീക്ഷയോ ജയിച്ചിരിക്കണം. ക്ലാസ് 10 കഴിഞ്ഞ് മൂന്നുവർഷ ഡിപ്ലോമ/പോളിടെക്നിക് കോഴ്സ് ജയിച്ചവർ, ഡിസ്റ്റൻസ്/കറസ്‌പോണ്ടൻസ് വഴി പ്ലസ് ടു/ആദ്യ ബിരുദം നേടിയവർ എന്നിവർക്കും അപേക്ഷിക്കാം.
എന്നാൽ, അടിസ്ഥാന യോഗ്യതയില്ലാതെ ഓപ്പൺ സ്‌കൂൾ വഴി പ്ലസ് ടു/ബിരുദം/പിജി നേടിയവർ അപേക്ഷിക്കാൻ അർഹരല്ല. യോഗ്യതാപരീക്ഷ 45 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് 40-ഉം സോഷ്യലി ആൻഡ് എജുക്കേഷണലി ബാക്‌വേഡ് ക്ലാസസ് (എസ്ഇബിസി) വിഭാഗക്കാർക്ക് 42-ഉം ശതമാനം മാർക്ക് മതി. മാർക്ക് പൂർണസംഖ്യയാക്കി ക്രമീകരിക്കാൻ അനുവാദമില്ല.യോഗ്യതാപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.31.12.2025-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി, സുപ്രീംകോടതിയുടെ ഇക്കാര്യത്തിലെ വിധിക്ക് വിധേയമായിരിക്കും.
പ്രവേശനപരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാണ് പ്രവേശനം. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, 120 ഒബ്ജക്ടീവ് ടൈപ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ജനറൽ ഇംഗ്ലീഷ് (36 ചോദ്യങ്ങൾ), ജനറൽ നോളജ് (27), അരിത്‌മറ്റിക് ആൻഡ് മെൻറൽ എബിലിറ്റി (15) ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (42) എന്നീ മേഖലകളിൽനിന്നുമായി ഉണ്ടാകും. ശരിയുത്തരത്തിന് മൂന്നുമാർക്ക്. പരമാവധി മാർക്ക് 360. ഉത്തരം തെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും.പ്രവേശനപരീക്ഷയിൽ യോഗ്യത നേടി, റാങ്ക്പട്ടികയിൽ ഇടംനേടാൻ 10 ശതമാനം മാർക്ക് (36) വാങ്ങണം. പട്ടികവിഭാഗക്കാർ അഞ്ചുശതമാനം (360-ൽ 18) മാർക്ക് നേടണം.
ത്രിവത്സര എൽഎൽബി
ബിരുദപഠനം കഴിഞ്ഞ് നിയമരംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കായി ത്രിവത്സര എൽഎൽബി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.2024-25-ൽ നാല് സർക്കാർ ലോ കോളേജുകളിലായി 461 സീറ്റ് ഉണ്ടായിരുന്നു (തിരുവനന്തപുരം-66, എറണാകുളം-131, തൃശ്ശൂർ, കോഴിക്കോട്-132 വീതം)16 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളാണ് 2024-25-ൽ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നത്. 2024-25-ലെ പട്ടിക 2025-ലെ പ്രോസ്‌പെക്ടസിലുണ്ട്. ഈവർഷത്തെ പട്ടിക പിന്നീട് പ്രസിദ്ധപ്പെടുത്തും.
ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദമുള്ളവർക്കും അതിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞപ്രായപരിധിയില്ല. ഉയർന്നപ്രായപരിധി, സുപ്രീംകോടതിയുടെ ഇക്കാര്യത്തിലെ വിധിക്ക് വിധേയമായിട്ടായിരിക്കും.നേറ്റിവിറ്റി, യോഗ്യതാപരീക്ഷാ മാർക്കുവ്യവസ്ഥ, പ്രവേശപരീക്ഷാഘടന, പ്രവേശനപരീക്ഷയിൽ യോഗ്യത നേടാൻവേണ്ട മാർക്ക്, എന്നിവയെല്ലാം പഞ്ചവത്സര എൽഎൽബിക്ക് ബാധകമായവതന്നെയാണ്.
കേന്ദ്രീകൃത അലോട്മെന്റ്
രണ്ട് പ്രോഗ്രാമുകളുടെയും പരീക്ഷാ മേയ് 25-ന് നടക്കും. ഫലപ്രഖ്യാപനങ്ങൾക്കുശേഷം റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നവരിൽനിന്നും കോളേജ്/കോഴ്സ് ഓപ്ഷൻ ക്ഷണിച്ച് രണ്ട് കോഴ്സിലേക്കും പ്രത്യേകം കേന്ദ്രീകൃത അലോട്മെൻറുകൾ, പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തും.വിവരങ്ങൾക്ക്: www.cee.kerala.gov.in
അപേക്ഷ
രണ്ട് പ്രോഗ്രാമുകൾക്കും www.cee.kerala.gov.in വഴി മേയ് 14-ന് വൈകീട്ട് അഞ്ചുവരെ നൽകാം.അപേക്ഷാഫീസ് 900 രൂപ. പട്ടികവിഭാഗക്കാർക്ക് 450 രൂപ. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം. ബാധകമായ രേഖകൾ അപ്‌ലോഡ്ചെയ്യേണ്ടതുമുണ്ട്.
Content Highlights: Kerala LLB 2025-26 Admissions Open
Published: 08 May 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented