പാലക്കാട്: പഠനവും കളിചിരികളും നിറഞ്ഞ കാംപസിലേക്ക് വ്യവസായശാലകളുമെത്തുന്നു. ‘കാമ്പസിൽ വ്യവസായശാല’ പദ്ധതിയിലെ സംസ്ഥാനത്തെ ആദ്യയൂണിറ്റ് തിങ്കളാഴ്ച പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ പ്രവർത്തനമാരംഭിക്കും. സ്റ്റാർട്ടപ്പായ ‘ജൻ റോബോട്ടിക്സ്’ നിർമാണയൂണിറ്റാണ് ഗവ. പോളിടെക്നിക് കാമ്പസിൽ പ്രവർത്തനം തുടങ്ങുന്നത്. കോളേജിലെ 10,000 ചതുരശ്രയടി സ്ഥലത്താണ് ഇതിന് സൗകര്യമൊരുക്കിയത്.

To advertise here,

പഠിക്കുന്ന കുട്ടികൾക്ക് സമ്പാദിക്കാൻ അവസരമുണ്ടാക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണിത്. പോളിടെക്നിക് കോളേജിലെ വിദ്യാർഥികൾക്ക് ഡിപ്ലോമയ്ക്കൊപ്പം പ്രവർത്തനനൈപുണി നേടാനും ചെറിയ സമ്പാദ്യമുണ്ടാക്കാനും ഇതുവഴി കഴിയും.

ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ് വിഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് യൂണിറ്റിൽ അവസരം ലഭിക്കുകയെന്ന് കാമ്പസ് വ്യവസായശാല പദ്ധതിയുടെ സംസ്ഥാന കോഡിനേറ്ററും പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വിഭാഗം മേധാവിയുമായ ഡോ. എം. പ്രദീപും പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. പി. ദിലീപും പറഞ്ഞു. ജൻ റോബോട്ടിക്സുമായി നേരത്തെ സർക്കാർ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് പ്രവർത്തനാനുമതി.

പോളിടെക്നിക്കിലെ ക്ലാസുകൾക്കുശേഷം ദിവസം നാലുമണിക്കൂർ ജോലിയെടുക്കാവുന്ന തരത്തിലാണ് പദ്ധതി. ഇത്തരത്തിൽ വിദ്യാർഥികൾ മാസത്തിൽ ഇരുപത് ദിവസം ജോലിയെടുക്കും. അവർക്ക് ശരാശരി 10,000 രൂപ വരെ പ്രതിഫലമായി ലഭിക്കുകയും ചെയ്യും. കൂടുതൽ സ്റ്റാർട്ടപ്പുകൾക്കും സ്ഥാപനങ്ങൾക്കും പോളിടെക്നിക്‌ കോളേജിന്റെ സ്ഥലം ഉപയോഗിച്ച് നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ സൗകര്യമുണ്ട്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ അടുത്തുതന്നെ പോളിടെക്നിക് കോളേജുമായി ധാരണാപത്രം ഒപ്പുവെയ്ക്കും.

ആൾനൂഴിയിലിറങ്ങി മാലിന്യം നീക്കുന്ന റോബോട്ട്

വലിയ അഴുക്കുചാലുകളിലെ ആൾനൂഴിയിൽ ഇറങ്ങി മാലിന്യം നീക്കം ചെയ്യാൻ സഹായിക്കുന്ന റോബോട്ടാണ് ഗവ. പോളിടെക്നിക് കോളേജിലെ നിർമാണശാലയിൽനിന്ന് ജൻ റോബോട്ടിക്സ് പുറത്തിറക്കുക. തിങ്കളാഴ്ച രാവിലെ പത്തിന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.