കോഴിക്കോട്: മറ്റെല്ലാവിഷയങ്ങളിലും സ്ഥിരം അധ്യാപകരെ നിയമിക്കുമ്പോൾ ഇംഗ്ലീഷിന് താത്കാലികക്കാർ മതിയെന്ന നിലപാട് തുടർന്ന് സർക്കാർ. ഇംഗ്ലീഷിനെ ഭാഷാവിഷയമാക്കി കണക്കാക്കി പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്ന ഹൈക്കോടതിവിധി വന്ന് നാലുവർഷം കഴിഞ്ഞിട്ടും സ്‌കൂളുകളിൽ താത്കാലികനിയമനം മാത്രം.
ഇംഗ്ലീഷിൽ ബിരുദവും ബിഎഡുമുള്ളവർ വേണം ഹൈസ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാനെന്ന് 2021-ൽ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അത് നടപ്പാക്കപ്പെട്ടിരുന്നില്ല. കോടതി അന്ത്യശാസനം നൽകിയതോടെ താത്കാലികതസ്തികകൾ സൃഷ്ടിച്ച് കണ്ണിൽപ്പൊടിയിടുകയായിരുന്നു സർക്കാർ.
ഭാഷകൾ ഉൾപ്പെടെ മറ്റെല്ലാ വിഷയങ്ങൾക്കും സ്ഥിരം അധ്യാപകരെ നിയമിക്കുമ്പോഴാണ് ഇംഗ്ലീഷിനോട് ഈ വിവേചനം. മറ്റുവിഷയങ്ങളുടെ അധ്യാപകരാണ് എത്രയോകാലമായി പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്. അത് കേരളത്തിലെ ഇംഗ്ലീഷ് പഠനനിലവാരം ശോചനീയമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018-ൽ ഒരുകൂട്ടം രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമപ്പോരാട്ടത്തിന് തുടക്കമായത്.
മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകൾപോലെ ഇംഗ്ലീഷിനെയും ഭാഷയായി പരിഗണിച്ച് അധ്യാപകരെ നിയമിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, സ്ഥിരം അധ്യാപകരെ നിയമിക്കാതിരിക്കാൻ തസ്തികകൾ താത്കാലികമായി ഓരോ വർഷവും സൃഷ്ടിക്കുകയായിരുന്നു സർക്കാർചെയ്തത്. ഇത് ഇംഗ്ലീഷ് പഠനനിലവാരത്തെ വീണ്ടും മോശമാക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓരോ അധ്യയനവർഷവും ഒന്നാം ടേം കഴിയാറാവുമ്പോഴാണ് ഇംഗ്ലീഷിന്റെ താത്കാലിക അധ്യാപകനിയമനം നടക്കുക. ഫെബ്രുവരിയോടെ അവർ ഒഴിവാക്കപ്പെടുകയുംചെയ്യും. ഇതോടെ ഇംഗ്ലീഷിന് വേണ്ടപോലെ ക്ലാസുകൾ ലഭിക്കാതെ കുട്ടികൾ പ്രയാസപ്പെടാറാണ് പതിവ്. സ്ഥിരം അധ്യാപകരെ വേണ്ടിടത്ത് താത്കാലികക്കാരെ നിയോഗിക്കാൻ കെഇആറിൽ വ്യവസ്ഥയില്ലെങ്കിലും ഇംഗ്ലീഷിന്റെ കാര്യത്തിൽ അതാണ് നടക്കുന്നത്. സർക്കാർസ്‌കൂളുകളിലാണ് ഇതുകൊണ്ടുള്ള ദുരവസ്ഥ കൂടുതലായി അനുഭവപ്പെടുന്നത്.
സംസ്ഥാനത്താകെ 536 താത്കാലിക ഇംഗ്ലീഷ് അധ്യാപക തസ്തികകളാണ് ഹൈക്കോടതിവിധിയെത്തുടർന്ന് സർക്കാർ സൃഷ്ടിച്ചത്. പിഎസ്സി റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും ഒരാളെപ്പോലും നിയമിക്കാത്ത ജില്ലകളുണ്ട്. 60 താത്കാലികക്കാരെ നിയമിക്കുന്ന എറണാകുളം ജില്ല ഒരുദാഹരണം. മെയിൻ ലിസ്റ്റിൽ പത്തും സപ്ലിമെന്ററി ലിസ്റ്റിൽ 39-ഉം പേരുള്ളതാണ് അവിടത്തെ റാങ്ക് പട്ടിക. സ്ഥിരംനിയമനത്തിന് ഒരാൾക്കുപോലും അഡൈ്വസ് മെമ്മോ ലഭിച്ചിട്ടില്ല.
Content Highlights: high school english teacher appointment
Published: 24 Jan 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented