2025 ഡിസംബർ സെഷനിൽ നടത്തിയ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). 2026 ജനുവരി 17-നായിരുന്നു പരീക്ഷ. ആകെ പരീക്ഷയെഴുതിയ 43,933 ഉദ്യോഗാർഥികളിൽ 10,264 പേർ യോഗ്യത നേടി.

To advertise here,

വിദേശത്തുനിന്ന് എംബിബിഎസ് ബിരുദമെടുത്ത ഇന്ത്യക്കാർക്കായി നടത്തുന്ന പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാം. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in സന്ദർശിച്ച് ഫലം പരിശോധിക്കാം. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഉദ്യോഗാർഥികൾക്ക് സ്‌കോർ കാർഡുകൾ 2026 ഫെബ്രുവരി ആറ് മുതൽ ലഭ്യമാകും. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷം എൻബിഇഎംഎസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

സ്‌കോർ കാർഡുകൾ പ്രസിദ്ധീകരിച്ച് ആറ് മാസം വരെയാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. ഈ കാലയളവിന് ശേഷം സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. അതിനാൽ ഉദ്യോഗാർഥികൾ സ്‌കോർകാർഡ് ഈ കാലയളവിനുള്ളിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം മാത്രമാണ്  സർട്ടിഫിക്കറ്റുകൾ ലഭ്യമാകുക. പരിശോധന നടപടിയുമായി ബന്ധപ്പെട്ട സമയക്രമം പിന്നീട് അറിയിക്കും. പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റല്ലാതെ സ്‌കോർകാർഡുകൾ ഉപയോഗിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.

പരീക്ഷ എഴുതിയ നാല് ഉദ്യോഗാർഥികളുടെ ഫലം എൻബിഇഎംഎസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗാർഥികളുമായി ഇമെയിൽ വഴി വ്യക്തിഗതമായി അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി, ഉദ്യോഗാർഥികൾക്ക് 011-45593000 എന്ന നമ്പർ വഴിയോ NBEMS കമ്മ്യൂണിക്കേഷൻ വെബ് പോർട്ടൽ വഴിയോ ബന്ധപ്പെടാം.