Photo Credits: 1)ചിന്ത ജെറോം | ഫോട്ടോ വി.പി ഉല്ലാസ്, 2) പ്രതീകാത്മക ചിത്രം | Photo: canva.com
തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തെച്ചൊല്ലിയുള്ള വിവാദം ഒടുവില്‍ കോപ്പിയടി (പ്ലേജറിസം) പരാതിയില്‍ എത്തിയിരിക്കുന്നു. ചിന്തയുടെ പ്രബന്ധത്തിലെ ഗുരുതരപിഴവുകള്‍ ചര്‍ച്ചയാവുമ്പോള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഗവേഷണപഠനത്തിലും ബിരുദദാനത്തിലുമുള്ള ഉദാസീനതയിലേക്ക് കണ്ണുതുറപ്പിക്കുകയാണ് ഈ വിവാദം.
പെറ്റു പെരുകുന്ന ഡോക്ടറേറ്റുകള്‍
കേരള സര്‍വകലാശാല മാത്രം ഒരു വര്‍ഷം നല്‍കുന്നത് 520 ഗവേഷണ ബിരുദങ്ങള്‍. കാലിക്കറ്റ്, എം.ജി. സര്‍വകലാശാലകളിലുമൊക്കെ വര്‍ഷാവര്‍ഷം ശരാശരി 500 വീതം പിഎച്ച്.ഡി.
മാനവികവിഷയങ്ങളിലാണ് ബിരുദം നേടുന്നവര്‍ കൂടുതല്‍. ഗവേഷണത്തില്‍ എന്തെങ്കിലുമൊരു കണ്ടെത്തല്‍ ഈ വിഷയങ്ങളില്‍ പ്രസക്തമല്ല. അപഗ്രഥനവും നിരീക്ഷണവും മതി. ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവര്‍ പിന്നീട് ഗവേഷണബിരുദം നേടാനുള്ള എളുപ്പത്തില്‍ മറ്റു വിഷയങ്ങളെ ആശ്രയിക്കുന്നു. സര്‍വീസിലെ വളര്‍ച്ച ലക്ഷ്യമിട്ട് ഗവേഷണം നടത്തുന്ന അധ്യാപകരാണ് കൂടുതല്‍.
കോളേജ് അധ്യാപകര്‍ക്ക് പിഎച്ച്.ഡി.യുണ്ടെങ്കില്‍ മൂന്ന് ഇന്‍ക്രിമെന്റ് കിട്ടും. പിഎച്ച്.ഡി.യോടെ ജോലിക്കു ചേര്‍ന്നാല്‍ അഞ്ച് ഇന്‍ക്രിമെന്റാണ് ആനുകൂല്യം. ശമ്പളത്തോടെ ഗവേഷണം ചെയ്യാവുന്ന വ്യവസ്ഥ യു.ജി.സി. 2015-ല്‍ നിര്‍ത്തി. അതിനാല്‍, ജോലിക്കൊപ്പം പാര്‍ട്ട്-ടൈം ഗവേഷണം നടത്തുന്നവരാണ് കൂടുതല്‍.
കാലമില്ല; പരിധിയും
മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് സ്‌കോളര്‍ഷിപ്പോടെ ഗവേഷണ ബിരുദത്തിനുള്ള കാലാവധി. ഇതു പാലിക്കുന്നവര്‍ ഏറെയില്ല. കാലാവധി അനന്തമായി നീട്ടുന്നതാണ് പതിവ്. ചിന്താ ജെറോമിന്റെ ഗവേഷണം പൂര്‍ത്തിയാവാന്‍ 10 വര്‍ഷമെടുത്തു.
ജെ.എന്‍.യു. പോലുള്ള സര്‍വകലാശാലകളില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രബന്ധം സമര്‍പ്പിച്ചില്ലെങ്കില്‍ പിഎച്ച്.ഡി. ലഭിക്കില്ല. കേരള സര്‍വകലാശാലയിലും മറ്റും ഒരു തവണ രജിസ്ട്രേഷന്‍ മുടങ്ങിയാല്‍ വര്‍ഷങ്ങള്‍ക്കുശേഷം നിശ്ചിത തുകയടച്ചാല്‍ ഗവേഷണം തുടരാം.
പലതുണ്ട് പഴുതുകള്‍
സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനാണ് പിഎച്ച്.ഡി. നല്‍കാനുള്ള അധികാരം. പലപ്പോഴും ഗവേഷകരുടെ രാഷ്ട്രീയസ്വാധീനം എളുപ്പത്തില്‍ ബിരുദം നേടാനുള്ള പഴുതായി മാറുന്നു.പ്രബന്ധ പരിശോധനയ്ക്കുള്ള വിഷയവിദഗ്ധരുടെ പാനല്‍, പരാതിപരിഹാരം എന്നിവയിലൊക്കെ സിന്‍ഡിക്കേറ്റിനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ആക്ഷേപം. ചിലര്‍ സിന്‍ഡിക്കേറ്റിലെ സ്വാധീനത്തില്‍ പാനല്‍ അംഗങ്ങളെ മനസ്സിലാക്കി, പ്രബന്ധം അവര്‍ക്കു നല്‍കാന്‍ വഴിയൊരുക്കും.
പ്ലേജറിസം പമ്പ കടക്കും
ഗവേഷണ പ്രബന്ധങ്ങളില്‍ കോപ്പിയടി തടയാന്‍ 2018-ല്‍ യു.ജി.സി. നടപ്പാക്കിയതാണ് പ്ലേജറിസം (സാഹിത്യ മോഷണം അഥവാ കോപ്പിയടി) മാര്‍ഗരേഖ. ഇത് കണ്ടെത്താന്‍ പ്രത്യേക സോഫ്റ്റ്വേറും നിലവിലുണ്ട്. സമാനതാസൂചികയിലെ അളവനുസരിച്ചാണ് ഗവേഷകര്‍ക്കെതിരേയുള്ള നടപടി. സൂചികയില്‍ 60 ശതമാനത്തിനു മുകളിലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും.
കുത്തും കോമയുമൊക്കെ ഉപയോഗിച്ചു ആശയം നിലനിര്‍ത്തിയും വാക്കും പ്രയോഗവുമൊക്കെ തിരിച്ചും മറിച്ചുമിട്ടുമൊക്കെയാണ് പ്ലേജറിസം മറി കടക്കുന്ന വഴികള്‍. പിഎച്ച്.ഡി. നേടിയവര്‍ക്കെതിരേ പിന്നീട് പരാതി ഉയര്‍ന്നാല്‍ ബിരുദം പിന്‍വലിക്കല്‍ എളുപ്പമല്ല. തടഞ്ഞുവെക്കാനേ വ്യവസ്ഥയുള്ളൂ.
വിഷയങ്ങൾ വിചിത്രം; പൊള്ളയായ പ്രബന്ധങ്ങൾ
ഗവേഷണം ഒരു ഗ്ലാമറായി മാറിയതോടെ വിഷയങ്ങളും പ്രബന്ധങ്ങളുമൊക്കെ നിരർഥകമായി. ‘പഠനത്തിൽ കരാട്ടെയുടെ സ്വാധീനം’ എന്നതാണ് ഒരു പ്രമുഖ സർവകലാശാലയിൽ വന്ന ഗവേഷണവിഷയം. 60 മണിക്കൂർ കരാട്ടെ പഠിച്ചാൽ കൈയക്ഷരം മെച്ചപ്പെടുമെന്നാണ് കണ്ടെത്തൽ. ഒരു പത്രത്തിന്റെ 25 വർഷത്തെ വാർത്താശൈലിയിലെ വ്യതിയാനവും തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസിനു കിട്ടിയ വോട്ടിങ് രീതിയുമൊക്കെ ഗവേഷണ വിഷയങ്ങളായി.
ഗവേഷണത്തിലെ ഗൗരവമില്ലായ്മ കാരണം ശ്രദ്ധേയമായ ജേണലുകളിൽ വിരലിലെണ്ണാവുന്ന പ്രബന്ധങ്ങളേ കേരളത്തിൽനിന്ന് സമീപകാലത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളൂ.
ഗൈഡുണ്ട്, ദിശയില്ല
അസി. പ്രൊഫസർക്ക് നാലുപേർ, അസോസിയേറ്റ് പ്രൊഫസർക്ക് ആറ്, പ്രൊഫസർക്ക് എട്ട് എന്നിങ്ങനെ ഗവേഷകരുടെ ഗൈഡാവാം. സംസ്ഥാനത്തെ 90 ശതമാനം കോളേജുകളിലും ഗവേഷണകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ, ഗവേഷണരീതിശാസ്ത്രം (റിസർച്ച് മെത്തഡോളജി) പോലും കാര്യമായി പഠിപ്പിക്കുന്നില്ല.
ഗവേഷണ പുരോഗതി ആറു മാസത്തിലൊരിക്കൽ വിലയിരുത്താൻ ഹൈദരാബാദ് സർവകലാശാല, ജെ.എൻ.യു. എന്നിവിടങ്ങളിലൊക്കെ അക്കാദമിക സമിതിയുണ്ട്. കേരളത്തിൽ, ഗൈഡിന്റെ മേൽനോട്ടത്തിനപ്പുറം ഒരു സംവിധാനവുമില്ല. കോളേജുകളിലെ കേന്ദ്രങ്ങളിൽ ഹാജരും ഗവേഷണനിലവാരവും നിരീക്ഷിക്കുന്നില്ല. ഗൈഡുകൾക്കായി സർവകലാശാലകളിൽ തുടർപരിശീലന പരിപാടികളില്ല.
Content Highlights: Chintha Jerome's doctoral thesis controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..