ളാക്കാട്ടൂര്‍: അഞ്ജിതയ്ക്ക് അച്ഛനെന്നാല്‍ സ്‌നേഹത്തിന്റെ കടലാണ്; നേട്ടങ്ങള്‍ക്കുപിന്നിലെ ഊര്‍ജവും. അച്ഛന്‍ എന്ന വാക്കു പറയുമ്പോള്‍ അഞ്ജിതയുടെ കണ്ണുകളില്‍ അഭിമാനത്തിന്റെ തിരയിളക്കം.

To advertise here,

ളാക്കാട്ടൂര്‍ ചോറ്റുകുന്നേല്‍ സി.ജി. അഞ്ജിതയെന്ന മിടുമിടുക്കി എംഎസ്ഡി ഫൊറന്‍സിക് സയന്‍സില്‍ ഒന്നാംറാങ്കോടെ സ്വര്‍ണമെഡല്‍ ജേതാവാണ്. അച്ഛന്‍ പി.എസ്. ഗോപിനാഥന്‍ നായരുടെ കരുതലിനുള്ള മെഡല്‍കൂടിയാകുന്നു ഇത്.

ഈ സുവര്‍ണനേട്ടം കഠിനാധ്വാനത്തിന്റെ കനല്‍വഴിയിലൂടെ നേടിയെടുത്തതാണ്. പരിമിതികളുടെ നടുവിലും പതറാതെ പുഞ്ചിരിയോടെ ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നു.

ചെറുപ്പത്തിലേ അമ്മ വിടപറഞ്ഞു

അസുഖംമൂലം 2014-ല്‍ അമ്മ രേഖാ ഗോപിനാഥിന്റെ വിയോഗത്തിനുശേഷം ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അഞ്ജിത അന്ന് ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് സ്‌കൂളില്‍ ഒന്‍പാം ക്ലാസ് വിദ്യാർഥിയാണ്. 

ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ അമ്മ മീനാക്ഷിയമ്മയും അഞ്ജിതയുംമാത്രമുള്ള ലോകമായി വീട്. പുറത്തുപോകുമ്പോള്‍ അച്ഛനുമമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്ന പുസ്തകക്കൂമ്പാരങ്ങളുടെ ഓര്‍മ്മ, വെറുതേയിരിക്കുമ്പോള്‍ അഞ്ജിതയുടെ മനസ്സില്‍ സങ്കടം നിറച്ചു.

അതിനെ മറികടക്കാന്‍ ആ പുസ്തകങ്ങളെത്തന്നെ ആശ്രയിച്ചു. സ്ഥിരജോലിയില്ലാത്ത അച്ഛന്‍ പലയിടത്തും പോയി തൊഴിലെടുത്തു. അലച്ചിലായിരുന്നു അച്ഛന് ആ കാലം. മകളും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടില്‍.

മുത്തശ്ശി കൊച്ചുമകളെ സ്‌നേഹച്ചിറകില്‍ ചേര്‍ത്തുപിടിച്ചു. പഠിക്കാന്‍ അച്ഛനും മുത്തശ്ശിയും പ്രചോദിപ്പിച്ചു. ളാക്കാട്ടൂര്‍ ഗവ. എല്‍പി സ്‌കൂള്‍, ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അഞ്ജിതയുടെ നേട്ടങ്ങളുടെ പടവുകളായി.

കലോത്സവത്തിലും തിളങ്ങി. ചരിത്രാധ്യാപകനായ എം.ജി. ഗിരീഷ്, സ്‌കൂളില്‍ തിളക്കമുള്ള ഗുരുവായി. ഉറക്കത്തില്‍ കാണുന്നതല്ല, ഉറക്കം കെടുത്തുന്നതാണ് സ്വപ്നമെന്ന എപിജെ അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ചിന്തകളെ തീപിടിപ്പിച്ചു.

ഇഷ്ടവിഷയം ഫൊറന്‍സിക് സയന്‍സ്

പത്തിലും പ്ലസ്ടുവിലുമെല്ലാം മികച്ച വിജയം നേടി. ഫൊറന്‍സിക് സയന്‍സ് ഇഷ്ടവിഷയമായി പഠിക്കാന്‍ തീരുമാനിച്ചു. ബിഎസ്സിക്ക് ആന്ധ്രപ്രദേശിലെ ആദികവി നന്നയ്യ യൂണിവേഴ്‌സിറ്റിയില്‍. എംഎസ്സി ഛത്തീസ്ഗഢ് ഗുരുഗാസിദാസ് വിശ്വവിദ്യാലയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും. ഇതിനിടയില്‍ നെറ്റ്, ജെആര്‍എഫ് എന്നിവ എടുത്തു.

അസി. പ്രൊഫസറായി മധുര ശ്രീകൃഷ്ണസ്വാമി കോളേജില്‍ ആദ്യജോലി. ഇപ്പോള്‍ ആന്ധ്രപ്രദേശ് യാനത്ത് എസ്പി ഓഫീസില്‍ ഫൊറന്‍സിക് എക്‌സ്‌പേര്‍ട്ടായി ജോലിചെയ്യുന്നു.

എംഎസ്സി ഗോള്‍ഡ് മെഡലിന്റെ അവാര്‍ഡുദാനച്ചടങ്ങ് ഈവര്‍ഷമാദ്യം ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടന്നു. ചടങ്ങില്‍, ഏറെ പ്രചോദനംതന്ന അച്ഛനും ഒപ്പമുണ്ടായിരുന്നു.