
കൂട്ടുകാരെല്ലാം പ്ലസ്ടുവിന് ശേഷം പ്രൊഫഷണല്‍ കോഴ്‌സ് തേടി പോയപ്പോഴും പ്ലസ്ടുവിന് മികച്ച മാര്‍ക്കുനേടിയ ഹെലന്റെ മനസില്‍ ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്... ഫിസിക്‌സ്... ഊര്‍ജതന്ത്ര മേഖലയിലെ ഉന്നതപഠനത്തെ ആ മിടുക്കി അത്രമേല്‍ ആഗ്രഹിച്ചു. സിനിമാനടനും കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ സിബി തോമസിന്റെ മകളാണ് ഹെലന്‍ സിബി. മകൾ ഏത് വിഷയം തിരഞ്ഞെടുത്താലും ആ മേഖലയില്‍ ഉന്നത വിദ്യഭ്യാസം വരെ നേടി മികച്ചതാവണമെന്ന് നിര്‍ബന്ധം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അച്ഛന്‍ ആഗ്രഹം നെഞ്ചോടു ചേര്‍ത്ത ഹെലന്‍ ജപ്പാനിലെ ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നായ നാഷണല്‍ ഇന്‍സ്റ്റ്യൂറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍ സയന്‍സില്‍ 72 ലക്ഷം യെന്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുയാണ്. എന്തു പഠിക്കണമെന്ന് കൃത്യമായ ബോധ്യവും അതിനായുള്ള അന്വേഷണങ്ങളുമാണ് തന്നെ ഇവിടെയെത്തിച്ചതെന്ന് ഹെലന്‍ പറയുന്നു.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നാണ് ഹെലന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിനുശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ഫിസിക്‌സ് ബിരുദം നേടി. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മാസ്റ്റേര്‍സ് ചെയ്യുന്ന കാലയളവില്‍ ഫൈനല്‍ പ്രോജക്റ്റ് ചെയ്യാന്‍ ഐഐടിയിലാണ് അവസരം ലഭിച്ചത് ഹെലന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവിന് കാരണമാണ്. അവിടെ നിന്ന് ലഭിച്ച് സാധ്യകളെ കുറിച്ചുള്ള അറിവാണ് ജപ്പാനിലെ നിംസിലേക്കുള്ള വഴിതുറന്നത്.
ഫിസിക്‌സിന്റെ മേഖലയിലേക്ക്
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ സയന്‍സ് മേഖലയോട് വളരെയേറെ താത്പര്യമുണ്ടായിരുന്നു. പ്ലസ്ടുവിന് മികച്ച മാര്‍ക്കുണ്ടായിരുന്നതിനാല്‍ പ്രൊഫഷണല്‍ കോഴ്‌സെടുക്കാനായിരുന്നു വീട്ടുകാരും കൂട്ടുകാരും പറഞ്ഞത്. എന്നാല്‍, എനിക്ക് ഗവേഷണത്തോട് അന്നേ താത്പര്യം ഉണ്ടായിരുന്നു. പ്യുവര്‍ സയന്‍സ് മേഖലയിലേക്കാണ് പോവേണ്ടതെന്ന് ബോധ്യമുണ്ടായിരുന്നു. എന്റെ കരിയറിനെ കുറിച്ചുള്ള ആഗ്രഹവും വ്യക്തതയും മാതാപിതാക്കള്‍ക്കും മനസിലായതോടെ അവര്‍ എനിക്കൊപ്പം പൂര്‍ണ പിന്തുണയോടെ നിന്നു.
അച്ഛന്‍ സിബി തോമസ്
സെലിബ്രിറ്റി സ്റ്റാറ്റസോ തൊഴിലിടത്തെ ഭാരം കൊണ്ടോ ഞങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന വ്യക്തിയായിരുന്നില്ല അച്ഛന്‍. എന്റെ യാത്രയില്‍ പൂര്‍ണപിന്തുണയുമായി അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്റെ തീരുമാനങ്ങള്‍ തെറ്റില്ലെന്ന് പൂര്‍ണ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഞാന്‍ ഏത് വിഷയമെടുത്ത് പഠിച്ചാലും പഠനം പാതിയില്‍ നിര്‍ത്താതെ ആ മേഖലയിലെ ഉയര്‍ന്ന വിദ്യാഭ്യാസം തന്നെ നേടണമെന്നായിരുന്നു അച്ഛന്‍ ഉപദേശിച്ചിരുന്നത്.
ഗവേഷണത്തിലേക്ക് താത്പര്യം
പ്ല്‌സ്ടുവിന് ശേഷം കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരിയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. മികച്ച മാര്‍ക്കോടെ തന്നെ ബിരുദം പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധ്യമായി. പിന്നീട് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നിന്നാണ് പിജി ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു ഗവേഷണ മേഖലയോട് അതിയായ താത്പര്യം ഉദിക്കുന്നതും അതിനായുള്ള അന്വേഷണങ്ങള്‍ ആരംഭിക്കുന്നതും.
ഒന്നര വര്‍ഷത്തെ കാത്തിരിപ്പ്
പിജി അവസാന വര്‍ഷം മുതല്‍ തന്നെ ഞാന്‍ ഗവേഷണത്തിനായി ശ്രമിക്കാന്‍ തുടങ്ങി. അപേക്ഷകള്‍ അയച്ചും മറ്റും ഒന്നര വര്‍ഷത്തോളം ഞാന്‍ ഇതിന്റെ പിന്നാലെ തന്നെയായിരുന്നു. ആ ഒന്നരകൊല്ലത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും എനിക്ക് മികച്ച ഫലമാണ് ലഭിച്ചത്. സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നത് നമ്മുക്ക് വലിയ പിന്തുണ നല്‍കും.
എനിക്ക് മുന്നോട്ട് പോവേണ്ട വഴിയെ കുറിച്ച് എനിക്ക് വളരെ വ്യക്തതയുണ്ടായിരുന്നു. അതിനാല്‍ തന്നെ പിജി കാലഘട്ടത്തില്‍ തന്നെ ഇവയെ കുറിച്ചുള്ള അന്വേഷണങ്ങളും സംബന്ധപ്പെട്ട വായനകളും ആരംഭിച്ചിരുന്നു. ഗവേഷണം മുന്‍കൂട്ടി കണ്ട് തന്നെയായിരുന്നു അന്താരാഷ്ട്ര ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഈ പ്രബന്ധം പ്രസിദ്ധീകരിക്കാനായി വിഷയത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം അത്യാവശ്യമായിരുന്നു. വിജയകരമായി ഈ പ്രബന്ധം പൂര്‍ത്തികരിച്ചത് എന്റെ സ്‌കോളര്‍ഷിപ്പ് പരിശ്രമങ്ങള്‍ക്ക് ചവിട്ടുപടിയായി.
ഇതിനായി നിരവധി ജേണലുകളെ കുറിച്ച് വായിക്കുകയും അത് മനസിലാക്കുകയും ചെയ്തു. എങ്ങനെ പ്രസിദ്ധീകരിക്കണമെന്നും ഗവേഷണത്തിലൂടെ മനസിലാക്കി. ജേണലില്‍ വരാന്‍ മാത്രമുള്ള മേന്മയില്‍ പ്രബന്ധത്തെ എങ്ങനെ അവതരിപ്പിക്കണമെന്നും ഈ അന്വേഷണങ്ങളിലൂടെ വ്യക്തമായി. നിംസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഈ പ്രബന്ധം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഗവേഷണത്തിനാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ അതിനായുള്ള അന്വേഷണങ്ങളില്‍ സജീവമാവണമെന്നാണ് എനിക്ക് തോന്നുന്നത്. നിരവധി സാധ്യതകളാണ് നമുക്ക് ചുറ്റുമുള്ളത്. പലതും നമ്മള്‍ അറിയാതെ കിടക്കുകയാണ്.
ഗവേഷണത്തിന് എങ്ങനെ വിദേശത്തേക്ക്
ഫിസിക്‌സിലെ ഗവേഷണ മേഖലയില്‍ നിരവധി സാധ്യകളാണുള്ളത്. ഗേറ്റ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുകയാണെങ്കില്‍ ഇന്ത്യയിലെ ഐഐടി, ഐഐഎസ്ഇ തുടങ്ങിയ വലിയ സ്ഥാപനങ്ങളില്‍ ഗവേഷണം ചെയ്യാം.
ഫിസിക്‌സ് ഗവേഷണരംഗത്ത് വിദേശത്തുള്ളതിനേക്കാള്‍ ഇന്ത്യയില്‍ ഗവേഷണ സൗകര്യം കുറവാണ് അതിനാല്‍ തന്നെ അഞ്ചും ആറും വര്‍ഷങ്ങള്‍ അതിനായി എടുക്കേണ്ടി വരുന്നു. എന്നാല്‍ വിദേശത്ത് സ്ഥിതി വ്യത്യസ്തമാണ്. ഞാന്‍ ഇപ്പോള്‍ ഗവേഷണം ചെയ്യുന്ന നിംസിന്റെ കാര്യം കണക്കാക്കുകയാണെങ്കില്‍ എന്റെ ഗവേഷണത്തിന് വേണ്ട മുഴുവന്‍ കാര്യങ്ങളും ഇതേ സ്ഥാപനത്തില്‍ എനിക്ക് ലഭ്യമാണ്. ഇനി അഥവാ കിട്ടാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ അക്കാര്യം പരിഹരിക്കപ്പെടും. ഇന്ത്യയില്‍ ഐഐഎസ്ഇ പോലുള്ള ചില സ്ഥാപനങ്ങളില്‍ മാത്രമാണ് സൗകര്യമുള്ളത്. എന്നാല്‍ അത് അവിടെയുള്ള കുട്ടികളുടെ എണ്ണമെടുത്ത് നോക്കുമ്പോള്‍ വളരെ കുറവാണ്.
ജപ്പാന്‍
പിജിയുടെ പ്രോജക്റ്റ് ഐഐടി മദ്രാസുമായി സംയുക്തമായിട്ടാണ് ചെയ്തത്.ഐഐടി മദ്രാസില്‍ പരിചയപ്പെട്ട അധ്യാപികയായിരുന്നു ജപ്പാനില്‍ ഇത്തരമൊരു സ്ഥാപനമുണ്ടെന്ന് അവിടെ ഗവേഷണത്തിന് അവസരമുണ്ടെന്നും പറഞ്ഞ് തന്നത്. ജപ്പാനിലെ ഏറ്റവും വലിയ ഗവേഷണസ്ഥാപനവും മെറ്റീരിയല്‍ സയന്‍സിലെ ലോകത്തിലെ നാലാം റാങ്കുമാണ് ഈ സ്ഥാപനത്തിനുള്ളത്. പിന്നീട് ഇവിടെ ഗവേഷണത്തിനായുള്ള ശ്രമങ്ങളും അന്വേഷണങ്ങളുമായിരുന്നു.
ഒരു വിഷയം പഠിച്ചാല്‍ അത് ആഴത്തില്‍, വ്യക്തതയോടെ പഠിച്ചെടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തുടക്കത്തില്‍ അത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് അത് എളുപ്പമായി. പിജി പ്രോജക്റ്റ് മാഗ്നറ്റിസത്തെ കുറിച്ചായിരുന്നു. ഇത് ചെയ്ത് ഈ മേഖലയോട് താത്പര്യമേറി. അങ്ങനെ മാഗ്നറ്റിസം മേഖലയിലുള്ള ഗവേണത്തിന് ജപ്പാന്‍ മികച്ച ഇടമാണെന്ന് മനസിലാക്കുകയും അതിനായുള്ള സ്‌കോളര്‍ഷിപ്പിന് ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടേക്കെത്തിയത്.
നിംസ് നടത്തിയ എന്‍ട്രന്‍സിലൂടെയാണ് പ്രവേശനം ലഭിച്ചത്. ആവശ്യമുള്ള രേഖകള്‍ സമര്‍പ്പിച്ചശേഷം തിരഞ്ഞെടുക്കുന്നവര്‍ പരീക്ഷ അല്ലെങ്കില്‍ അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. എനിക്ക് അഭിമുഖമായിരുന്നു ഉണ്ടായിരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റീരിയല്‍ സയന്‍സ് ഗ്രാജുവേറ്റ് റിസര്‍ച്ച് അസിസ്റ്റന്‍ഷിപ്പ് എന്നാണ് ഈ പരീക്ഷയുടെ പേര്.
ഞാന്‍ ആഗ്രഹിച്ച വിഷയത്തില്‍ അതിന് പറ്റിയ മികച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. അതോടൊപ്പം മികച്ച സ്‌കോളര്‍ഷിപ്പ് തുകയും ലഭിക്കുന്നു. ഇപ്പോള്‍ എനിക്കിവിടെ മാസം രണ്ട് ലക്ഷം യെന്നാണ് ലഭിക്കുന്നത്. ഗവേഷണത്തിനും ജീവിക്കാനും ഈ തുക ധാരാളമാണ്. നിലവില്‍ നിംസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായിട്ടാണ് ജോലി ചെയ്യുന്നത്. ഒക്ടോബര്‍ 2024 ന് ഗവേഷണം ആരംഭിക്കും.
ജപ്പാന്‍ ജീവിതം
സാംസ്‌കാരികമായും ഒരുപാട് വൈവിധ്യങ്ങള്‍ ഇവിടെ കാണാം. വ്യത്തിയാണ് ഈ രാജ്യത്തെ മികച്ചതാക്കുന്ന ഘടകങ്ങളിലൊന്ന്. അതുപോലെ തന്നെ നിയമങ്ങളെല്ലാം തന്നെ കൃത്യമായി നോക്കി മുന്നോട്ട് പോവുന്ന ഒരു ശാന്തമായ ജനതയാണ്. സര്‍ക്കാര്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റിനോ മറ്റോ നമ്മള്‍ ഓഫിസുകളെ സമീപിക്കുമ്പോള്‍ കൃത്യനിഷ്ഠമായി സമയബന്ധിതമായി അവര്‍ അത് തീര്‍ത്തു തരാറുണ്ട്. ഇതുവരെയുള്ള അനുഭവത്തില്‍ സുരക്ഷിത രാജ്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലാബില്‍ നിന്ന് ജോലികള്‍ തീര്‍ത്ത് രാത്രി 1 മണിക്കെല്ലാം ഞാന്‍ ഒറ്റയ്ക്ക് നടന്നു പോയിട്ടുണ്ട്. ഒഴിവുള്ളപ്പോള്‍ ടോക്യോ പോലുള്ള സ്ഥലങ്ങളിലേക്ക് പോവാറുണ്ട്. വളരെ മികച്ച ഗതാഗത സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഫിസിക്സ് മേഖലയിലേക്ക് വരുന്നവരോട്
ഫിസിക്‌സില്‍ ഗവേഷണത്തിനാണ് താത്പര്യമെങ്കില്‍ നിരവധി സാധ്യതകളുണ്ട്. ആദ്യം ഫിസിക്‌സില്‍ ഏത് മേഖലയാണ് നിങ്ങള്‍ക്ക് താത്പര്യമെന്ന് നോക്കി ഏതേ രാജ്യത്തിലാണ് ആ വിഭാഗത്തിലുളള ഗവേഷണത്തില്‍ മികച്ചതെന്ന് മനസിലാക്കി മുന്നോട്ട് പോവാം. എന്റെ അറിവില്‍ ഫണ്ടമെന്റല്‍ ഫിസിക്‌സിന് ഗവേഷണത്തിന് മികച്ച ഇടമാണ് ജര്‍മ്മനി. മാഗനറ്റിസത്തിന് മികച്ച ഇടമാണ് ജപ്പാന്‍. അങ്ങനെ നിരവധി വിഭാഗങ്ങളുണ്ട്. നിങ്ങള്‍ക്ക് പറ്റിയ ഇടം കണ്ടെത്തിയ അവിടെയുള്ള സര്‍വകലാശാല പ്രവര്‍ത്തകരമായി കോണ്ടാക്ടറ്റ് ഉണ്ടാക്കി നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാം.
ഭാവി പരിപാടികള്‍
ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കുക എന്നതാണ് പ്രഥമ പരിഗണന. ഒരു ഫിസിക്‌സ് ഗവേഷക എന്ന പേരില്‍ കരിയര്‍ ഉറപ്പിക്കണം. എന്നാല്‍, മാത്രമേ എന്റെ ഇത്രയും കാലത്തെ പ്രയത്‌നം സഫലമാവുകയുള്ളൂ. ഒരുപാട് യാത്രകള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന ഒരാളാണ് ഞാന്‍ ഗവേഷണം ജീവിതത്തിലൂടെ അതിന് എനിക്ക് അവസരം ലഭിച്ചു. നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ ഉണ്ടായിരിക്കും. ഇതിനായി സാമ്പത്തിക പിന്തുണയും നമുക്ക് ലഭിക്കുന്നതാണ്. ഇവിടുത്തെ ഗവേഷണത്തിന്റെ ഭാഗമായി ഇറ്റലി, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് ചെല്ലാനുള്ള അവസരമുണ്ട്. സ്ഥലങ്ങളും സന്ദര്‍ശിക്കാനാവും അതിനേക്കാളുപരി ഇത്തരം കോണ്‍ഫറന്‍സുകള്‍ വളരെയധികം അറിവും സാധ്യതകളാണ് ഗവേഷകന് തരുന്നത്. അതിലെല്ലാം പങ്കെടുക്കണമെന്നതാണ് നിലവിലെ ആഗ്രഹം.
Content Highlights: NIMS scholarship to helen sibi thomas
Published: 24 Jul 2024, 10:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented