കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് എത്ര പേപ്പറുണ്ട്. സിലബസ് എവിടെക്കിട്ടും. സയന്‍സ് പഠിക്കാത്തവര്‍ക്ക് ബുദ്ധിമുട്ടാകുമോ?

To advertise here,

വിനീത്, കണ്ണൂര്‍

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് പരീക്ഷ വഴി ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്‌സ് അക്കാദമി എന്നിവയിലേക്കാണ് പ്രവേശനം. പരീക്ഷയ്ക്ക് മൂന്നു പേപ്പറുകളുണ്ടാകും. ഓരോപരീക്ഷയുടെയും ദൈര്‍ഘ്യം രണ്ടുമണിക്കൂര്‍. ഓരോന്നിന്റെയും പരമാവധി മാര്‍ക്ക് 100. പേപ്പര്‍ ഒന്ന് ഇംഗ്ലീഷ്, പേപ്പര്‍ രണ്ട് ജനറല്‍ നോളജ്, പേപ്പര്‍ മൂന്ന് എലിമെന്ററി മാത്തമാറ്റിക്‌സ്. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് ഇതില്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ് എന്നീ പേപ്പറുകള്‍ മാത്രമേയുള്ളൂ.

എല്ലാ പേപ്പറുകളിലും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. ജനറല്‍ നോളജ്, എലിമെന്ററി മാത്തമാറ്റിക്‌സ് എന്നിവയിലെ ചോദ്യങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമാക്കും. എലിമെന്ററി മാത്തമാറ്റിക്‌സ് പേപ്പറിലെ ചോദ്യങ്ങള്‍ മെട്രിക്കുലേഷന്‍ നിലവാരത്തിലാകും. മറ്റു വിഷയങ്ങളിലെ ചോദ്യങ്ങള്‍ ബിരുദധാരിയില്‍നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിലും. ഓരോ പേപ്പറിലും വിദ്യാര്‍ഥിയില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വെബ്‌സൈറ്റിലെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷാവിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, ജനറല്‍ നോളജ് (കറന്റ് ഇവന്റ്‌സ്, ഹിസ്റ്ററി ഓഫ് ഇന്ത്യ, ജ്യോഗ്രഫി ഉള്‍പ്പെടെ), എലിമെന്ററി മാത്തമാറ്റിക്‌സ് (അരിത്തമറ്റിക്, ഓള്‍ജിബ്ര, ട്രിഗണോമെട്രി, ജ്യോമട്രി, മെന്‍സുറേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവ) പരീക്ഷകളുടെ സിലബസും ലഭ്യമാണ്. നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.

സയന്‍സ് പശ്ചാത്തലമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേപോലെ അഭിമുഖീകരിക്കാവുന്ന സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. പത്താംക്ലാസ് വരെ പഠിച്ച മാത്തമാറ്റിക്‌സ് നിലവാരമുള്ളതായിരിക്കും മാത്തമാറ്റിക്‌സ് പേപ്പറിലെ ചോദ്യങ്ങള്‍. ജനറല്‍ നോളജ് പേപ്പറില്‍ അടിസ്ഥാനശാസ്ത്രത്തിലെ ചോദ്യങ്ങള്‍ ഉണ്ടാകാം. അവയ്ക്ക് ഉത്തരംനല്‍കാന്‍ ഏതെങ്കിലും ശാസ്ത്രവിഷയപഠനം വേണമെന്നില്ല. മറിച്ച് വിദ്യാഭ്യാസമുള്ള ഒരാള്‍ അറിഞ്ഞിരിക്കേണ്ട ശാസ്ത്രവും ദൈനംദിന നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കിയിട്ടുള്ള ചില തത്ത്വങ്ങളെക്കുറിച്ചുള്ള ധാരണയും മതിയാകും. അതിനാല്‍ സിലബസ് മനസ്സിലാക്കി തയ്യാറെടുത്ത് ആത്മവിശ്വാസത്തോടെ പരീക്ഷ അഭിമുഖീകരിക്കുക.