തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഇക്കുറി മത്സരം എ പ്ലസുകാര്‍ തമ്മിലാവും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് മുഴുവന്‍ എ പ്ലസ് നേടി ഉപരിപഠനസാധ്യത തേടുന്നത്. കഴിഞ്ഞവര്‍ഷം 41,906 പേര്‍ക്കാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചതെങ്കില്‍ ഇക്കുറി 1,21,318 ആയി. ഇഷ്ടസ്‌കൂളും കോമ്പിനേഷനും ലഭിക്കണമെങ്കില്‍ പ്രവേശനത്തിനുള്ള മറ്റു മാനദണ്ഡങ്ങള്‍ ഏറെ പ്രസക്തമാകും.

ഇക്കുറി സീറ്റ് വര്‍ധന ആവശ്യമായി വരില്ലെന്നാണു കരുതുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2551 കുട്ടികള്‍മാത്രമാണ് അധികമായി വിജയിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒഴിഞ്ഞുകിടന്ന സീറ്റുകള്‍ പരിഗണിക്കുമ്പോള്‍ ജില്ലാടിസ്ഥാനത്തില്‍ അനുവദിച്ചിരുന്ന ചെറിയ വര്‍ധനയും ഒഴിവാക്കാനായേക്കുമെന്ന് അധ്യാപകര്‍ പറയുന്നു.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ഇഷ്ടമുള്ള കോമ്പിനേഷനില്‍ പ്രവേശനം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്‌കൂള്‍അടിസ്ഥാനത്തില്‍ സീറ്റുവര്‍ധന നടപ്പാക്കിയിരുന്നു. എന്നാല്‍, എ പ്ലസുകാരുടെ എണ്ണം കൂടുതലായതിനാല്‍ അത്തരം വര്‍ധന പ്രായോഗികമാവില്ലെന്നാണു കരുതുന്നത്.

കഴിഞ്ഞവര്‍ഷം 37,000-ഓളം കുട്ടികള്‍ സി.ബി.എസ്.ഇ.യില്‍നിന്നും 3300-ഓളം കുട്ടികള്‍ ഐ.സി.എസ്.ഇ.യില്‍നിന്നും സംസ്ഥാന സിലബസിലേക്ക് എത്തിയിരുന്നു. ഇക്കുറി അവര്‍ക്ക് പരീക്ഷ നടക്കാത്തതിനാല്‍ പ്രവേശനത്തിനു സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ആലോചിച്ചുവരുന്നതേയുള്ളൂ.

കഴിഞ്ഞവര്‍ഷങ്ങളില്‍ ആദ്യ അലോട്ട്‌മെന്റുകള്‍ സംസ്ഥാന സിലബസുകാര്‍ക്കായി നീക്കിവെക്കുകയും അവശേഷിച്ച സീറ്റുകളില്‍ ഇതര സിലബസുകാരെ പരിഗണിക്കുകയുമാണു ചെയ്തത്.

4,19,651 കുട്ടികളാണ് ഇക്കുറി സംസ്ഥാന സിലബസില്‍ പത്താംക്ലാസ് വിജയിച്ചത്. പ്ലസ് വണിന് ഒരു ബാച്ചില്‍ 50 കുട്ടികള്‍ വീതം 3,61,746 സീറ്റുകളാണുള്ളത്. പത്തുശതമാനം മാര്‍ജിനല്‍ വര്‍ധന അനുവദിച്ചാല്‍ ഇത് 3,98,585 ആവും. വി.എച്ച്.എസ്.ഇ.യില്‍ 27,500 സീറ്റും ഐ.ടി.ഐ., ഐ.ടി.സി.കളിലായി 27,000 സീറ്റുകളും പോളിടെക്‌നിക്കുകളില്‍ 22,000 സീറ്റുകളുമുണ്ട്.

plus one

plus one

Content Highlights: Plus one admissions 2021