ന്റര്‍നെറ്റ് യുഗത്തില്‍ തൊഴില്‍സാധ്യതകള്‍ ഏറെയുള്ള മേഖലകളാണ് ഡേറ്റ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്പേഷ്യല്‍ അനലറ്റിക്‌സ് എന്നിവ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മന്റ് - കേരള (ഐ.ഐ.ഐ.ടി.എം.- കെ) തിരുവനന്തപുരം, ഡേറ്റ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്പേഷ്യല്‍ അനലറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനുകളോടുകൂടിയ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഡേറ്റ അനലിറ്റിക്‌സ്

ഇന്റര്‍നെറ്റില്‍ ദിവസവും ഉപയോഗിക്കുന്ന വിവരങ്ങള്‍ നിരീക്ഷിച്ച് അതില്‍നിന്നും ആവശ്യമായ വിവരങ്ങള്‍ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ഡേറ്റ അനലിറ്റിക്‌സ്. ഈ ഡേറ്റകള്‍ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതിനും പുതിയ വിപണനതന്ത്രങ്ങളും പ്രചാരണ രീതികളും ആവിഷ്‌കരിക്കുന്നു. ഡേറ്റ അനലിസ്റ്റ്, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആര്‍ക്കിടെക്ട്, ഡേറ്റ അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ മേഖലകളിലാണ് ഡേറ്റ അനലിറ്റിക്‌സ് സ്‌പെഷ്യലൈസ് ചെയ്ത ഒരാള്‍ക്ക് ലഭ്യമാകുന്ന തൊഴിലുകള്‍.

ജിയോസ്പേഷ്യല്‍ അനലിറ്റിക്‌സ്

സാറ്റ്ലൈറ്റ് ഫോട്ടോഗ്രാഫുകള്‍, ജി.പി.എസ്. ഉള്‍പ്പെടെയുള്ള ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.) ഡേറ്റകള്‍ ശേഖരിക്കുകയും അപഗ്രഥനം ചെയ്യുകയും വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റിയെടുക്കുകയും ചെയ്യുന്നതാണ് ജിയോസ്പേഷ്യല്‍ അനലിറ്റിക്സ്. ജി.പി.എസ്., ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.), റിമോട്ട് സെന്‍സിങ് എന്നിവ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകളാണ്. ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യകള്‍ ഡേറ്റാ അനലിറ്റിക്സിന്റെ ഉപയോഗവും പ്രസക്തിയും വര്‍ധിപ്പിക്കുന്നു. ജി. ഐ.എസ്. എക്സിക്യുട്ടീവ്, അനലിസ്റ്റ്, പ്രോഗ്രാമര്‍, ടെക്നീഷ്യന്‍, പ്രോജക്ട് ലീഡ്, ഫോട്ടോഗ്രാമെട്രി എന്‍ജിനിയര്‍, ഡെവലപ്പര്‍, ഡേറ്റ അനലിസ്റ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കാം.

മെഷീന്‍ ഇന്റലിജന്‍സ്

നിര്‍മിതബുദ്ധിയുള്ള യന്ത്രങ്ങളുടെ സൃഷ്ടിയും നിയന്ത്രണവും യാഥാര്‍ഥ്യമാക്കുന്ന കംപ്യൂട്ടര്‍ ശാഖയാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപവിഭാഗമായും ഇതിനെ പറയാം. എം. എല്‍. ഡേറ്റ സയിന്റിസ്റ്റ്, ഡിജിറ്റല്‍ നോളജ് മാനേജര്‍, എ.ഐ. ഇന്ററാക്ഷന്‍ ഡിസൈനര്‍ തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്. ലിങ്ക്ഡ് ഇന്‍ എമേര്‍ജിങ് ജോബ്സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലുവര്‍ഷത്തിനകം ഈ മേഖലയില്‍ പ്രതിവര്‍ഷം 74 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്.

സൈബര്‍ സെക്യൂരിറ്റി

ഹാക്കിങ്, മാല്‍വേര്‍, ഫിഷിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സുകളിലുള്ള ആക്രമണങ്ങള്‍, ഡേറ്റ ബ്രീചെസ്, സ്പൈയിങ് എന്നിവ പ്രതിരോധിക്കുന്നതിനൊപ്പം ഡേറ്റകള്‍ക്കും കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങളില്‍നിന്ന് പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയാണ് സൈബര്‍ സെക്യൂരിറ്റിയിലൂടെ ചെയ്യുന്നത്. വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇരട്ടി ആളുകളെയാണ് നിയമിച്ചത്. സൈബര്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്, സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചേര്‍, ഐ.ടി. സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍

ഇന്റേണ്‍ഷിപ്പ്

കോഴ്സിന്റെ നാലാം സെമസ്റ്ററിലാണ് ഇന്റേണ്‍ഷിപ്പ്. ജോലിയുടെ സ്വഭാവം മനസ്സിലാക്കി ശോഭിക്കാന്‍ ഇന്റേണ്‍ഷിപ്പ് സഹായിക്കും. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന കമ്പനികളില്‍തന്നെ കുട്ടികള്‍ക്ക് ജോലിയും ലഭിച്ചേക്കും.

യോഗ്യത

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്.

ഓര്‍മിക്കാന്‍

അവസാന തീയതി: ജൂണ്‍ 14. വിവരങ്ങള്‍ക്ക്: www.iiitmk.ac.in/admission.

Content Highlights: Learn date analytics, Machine learning, cyber security, New courses