ഉന്നത പദവികളും സ്വാധീനവും ഉപയോഗിച്ച് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ല. ജനാധിപത്യത്തിലൂന്നിയുള്ള ഭരണവ്യവസ്ഥയുള്ള രാജ്യങ്ങളില്‍ വാദിഭാഗത്ത് നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ജനങ്ങളുടെ പ്രതിഷേധവും പോരാട്ടങ്ങളും ചില കേസുകളിലെങ്കിലും കരുത്തായിട്ടുണ്ട്. അതിനുദാഹരണമാണ് പ്രിയദര്‍ശിനി മാട്ടൂ കൊലപാതക കേസ്. പിറകെ നടന്ന് നിരന്തരം ശല്യം ചെയ്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമത്തിന്റെ സഹായം തേടിയതാണ് ഈ പെണ്‍കുട്ടി. പക്ഷേ അതവസാനിച്ചത് അവളുടെ ദാരുണ മരണത്തിലും.

To advertise here,

ആരാണ് പ്രിയദർശിനി?

കശ്മീരിലെ ഒരു പണ്ഡിറ്റ് കുടുംബത്തിലെ അംഗമായിരുന്നു പ്രിയദര്‍ശിനി. 1970 ല്‍ ശ്രീനഗറിലായിരുന്നു ജനനം. പ്രദേശത്തെ ഭീകരാക്രമണ ഭീഷണി ശക്തമായതോടെ പ്രിയദര്‍ശിനിയുടെ കുടുംബാംഗങ്ങളും ജമ്മുവിലേക്ക് സ്ഥലം മാറി. ബികോം പഠനത്തിന് ശേഷമാണ് പ്രിയദര്‍ശിനി നിയമബിരുദം നേടാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. അവിടെ നിന്നാണ് അവരുടെ ജീവിതം മാറിമറയുന്നത്. 

ഡല്‍ഹിയില്‍ അമ്മാവനൊപ്പമായിരുന്നു പ്രിയദര്‍ശിനിയുടെ താമസം. മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കേ 1996  ജനുവരി 23 ന് പ്രിയദര്‍ശിനിയെ അമ്മാവന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നു. ഒറ്റനോട്ടത്തില്‍ തന്നെ കൊലപാതകമാണെന്ന് വ്യക്തം. കഴുത്തില്‍ ഒരു ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. തലയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയത്ത് അമ്മാവന്റെ വീട്ടില്‍ പ്രിയദര്‍ശിനി മാത്രമേയുണ്ടായിരുന്നുള്ളൂ. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കേ പ്രതി ആരായിരിക്കാമെന്ന സാധ്യതകളെക്കുറിച്ച് പോലീസ് അന്വേഷിച്ചു. പ്രിയദര്‍ശിനിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന സന്തോഷ് കുമാര്‍ സിംഗ് എന്ന വ്യക്തിയിലേക്കാണ് ബന്ധുക്കള്‍ വിരല്‍ചൂണ്ടിയത്. 

കൊലയാളി ഉന്നതനാകുമ്പോൾ

സന്തോഷിനെ സംശയിക്കാന്‍ വ്യക്തമായൊരു കാരണമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ പ്രിയദര്‍ശിനിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. തുടക്കത്തില്‍ പ്രണയാഭ്യര്‍ഥനയുമായാണ് ഇയാള്‍ പ്രിയദര്‍ശിനിയ്ക്ക് പിറകേ കൂടിയത്. അത് നിരസിക്കപ്പെട്ടപ്പോള്‍ വാശിയായി. പിന്നീട് ഈ പെണ്‍കുട്ടിയുടെ സ്വൈര്യജീവിതം  എങ്ങനെയെങ്കിലും നശിപ്പിക്കുക എന്നത് മാത്രമായി അയാളുടെ ലക്ഷ്യം. ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ പ്രിയദര്‍ശിനി പോലീസില്‍ പരാതിപ്പെട്ടു. മാനസിക പീഡനം, ഭീഷണി തുടങ്ങിയ ആരോപണങ്ങളാണ് പ്രിയദര്‍ശിനി പരാതിയില്‍ ഉന്നയിച്ചത്. സമൂഹത്തില്‍ ഉന്നതബന്ധങ്ങള്‍ ഉണ്ടായിരുന്ന വ്യക്തിയാണ് സന്തോഷ് കുമാര്‍. ഐ.പി.എസ് ഉദ്യോഗസ്ഥനായ ജെ.പി സിംഗ് ആയിരുന്നു അയാളുടെ പിതാവ്. പോണ്ടിച്ചേരിയിലെ ഇന്‍സ്പെക്ടർ  ജനറലായിരുന്നു ജെ.പി സിംഗ്. പിന്നീട് ഡല്‍ഹിയിലെ ജോയിന്റ് കമ്മീഷണറായി ചുമതലയേറ്റു. പ്രിയദര്‍ശിനിയുടെ പരാതിയില്‍ സന്തോഷിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ഇയാള്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ജാമ്യത്തിലിറങ്ങി വീണ്ടും ഉപദ്രവം ആരംഭിച്ചു. ഇതേ കേസില്‍ ഇയാള്‍ മൂന്നിലേറെ തവണ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പിതാവിന്റെ സ്വാധീനത്താല്‍ അയാള്‍ പുറത്തിറങ്ങി. പ്രിയദര്‍ശിനിയുടെ സുരക്ഷയ്ക്കായി കുറച്ച് കാലത്തേക്ക് പോലീസ് എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്തിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വൈകാതെ പിന്‍വലിച്ചു. 

കോളേജ് അധികാരികള്‍ക്കാണ് പിന്നീട് പ്രിയദര്‍ശിനി പരാതി നല്‍കിയത്. അതിന് പകരമായി പ്രിയദര്‍ശിനിയ്‌ക്കെതിരേ ഡല്‍ഹി സര്‍വകലാശാലയില്‍ സന്തോഷ് മറുപരാതി നല്‍കി. നിയമപഠനത്തിനൊപ്പം പ്രിയദര്‍ശിനി എംകോം പഠിക്കുന്നുണ്ടെന്നായിരുന്നു സന്തോഷിന്റെ വാദം. ഇതിന്റെ അന്വേഷണ കാലയളവില്‍ പ്രിയദര്‍ശിനിയുടെ പരീക്ഷാഫലം തടഞ്ഞുവച്ചു. 1991-ലാണ് താന്‍ എം.കോം പൂര്‍ത്തിയാക്കിയെന്നും അതുവരെ എല്‍.എല്‍.ബി.യ്ക്ക് ചേര്‍ന്നിട്ടില്ലെന്നും പ്രിയദര്‍ശിനി വാദിച്ചു. അത് സംബന്ധമായ രേഖകളും പ്രിയദര്‍ശിനി ഹാജരായതോടെ സന്തോഷിന്റെ ആരോപണം തകര്‍ന്നടിഞ്ഞു. എന്നിരുന്നാലും ഈ കാലയളവിലെല്ലാം പ്രിയദര്‍ശിനി അനുഭവിച്ച മാനസിക സംഘര്‍ഷം വളരെ വലുതായിരുന്നു. 

അന്വേഷണത്തിൽ ഉഴപ്പി പോലീസ്

സന്തോഷിനെ പ്രാഥമികഘട്ടത്തില്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള എല്ലാ കാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു ഒഴുക്കന്‍ മട്ടിലാണ് പോലീസ് ആദ്യം പ്രതികരിച്ചത്. എന്നാല്‍,  കൊലപാതകം നടന്ന അതേ ദിവസം സന്തോഷിനെ സംഭവസ്ഥലത്ത് കണ്ടെന്ന് പ്രിയദർശിനിയുടെ വീട്ടിലെ ജോലിക്കാരൻ മൊഴി നല്‍കിയതോടെ പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു. സന്തോഷിനെതിരേ വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി) സെക്ഷന്‍ 302 പ്രകാരമാണ് കേസെടുത്തത്.

പ്രതിയുടെ പിതാവ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് പ്രിയദര്‍ശിനിയുടെ പിതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐയുടെ കണ്ടെത്തലുകള്‍ ഇങ്ങനെയായിരുന്നു.

സിബിഐയുടെ കണ്ടെത്തലുകൾ

1996 ജനുവരി 3 ന് സന്തോഷ് വസന്ത് കുഞ്ചിലെ പ്രിയദര്‍ശിനിയുടെ അമ്മാവന്റെ വീട്ടിലെത്തുന്നു. പ്രിയദര്‍ശിനി മാത്രമാണ് ആ സമയത്ത് അവിടെയുണ്ടായിരുന്നത്. അവര്‍ വാതില്‍ തുറന്നയുടന്‍ പ്രതി അകത്തേയ്ക്ക് അതിക്രമിച്ച് കയറുന്നു. തനിക്കെതിരേ പോലീസില്‍ നല്‍കിയ പരാതികളെല്ലാം പിന്‍വലിക്കണമെന്ന് സന്തോഷ്  പ്രിയദര്‍ശിനിയോട് ആവശ്യപ്പെടുന്നു. എന്നാല്‍ അവരതിന് സമ്മതിക്കുന്നില്ല. വാക്കുതര്‍ക്കത്തിനൊടുവില്‍ സന്തോഷ് പ്രിയദര്‍ശിനിയെ ആക്രമിക്കുന്നു പിന്നീട് ബലാത്സംഗം ചെയ്യുന്നു. അതിനുശേഷം ഒരു ഇലക്ട്രിക് വയര്‍ കഴുത്തില്‍ കുരുക്കി വലിച്ച് കൊലപ്പെടുത്തുന്നു. മരിച്ചുവെന്ന് ഉറപ്പായിട്ടും അയാളുടെ അരിശം തീരുന്നില്ല. കൈവശമുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് പ്രിയദര്‍ശിനിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധത്തില്‍ തകര്‍ക്കുന്നു. സമഗ്രമായ അന്വേഷണത്തിനുശേഷം സന്തോഷിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.  ഐപിസി 302, 376 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. 1997 ഓഗസ്റ്റ് 11-ന് വിചാരണ ആരംഭിച്ചു. അമ്പതോളം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. എന്നാല്‍ പിന്നീട് സംഭവിച്ചത് നാടകീയമായ സംഭവങ്ങളായിരുന്നു.

1999 ലാണ് കേസിലെ വിധി വരുന്നത്. പ്രിയദര്‍ശിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊതുജനവുമെല്ലാം കോടതിയില്‍ തടിച്ചുകൂടി. ജി.പി തരേജയായിരുന്നു സെഷന്‍ കോര്‍ട്ട് ജഡ്ജി.

''ഇയാൾ കുറ്റവാളിയാണെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ അയാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നു. ''

449 പേജുകളുള്ള കോടതി വിധിയിലെ പ്രധാനഭാഗങ്ങളിലൂടെ കണ്ണോടിച്ച ശേഷം തരേജ പറഞ്ഞു. 

ഈ വ്യക്തിയാണ് കുറ്റവാളി എന്നെനിക്കറിയാം. പക്ഷേ ഞാന്‍ അയാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നു. ജഡ്ജി ഈ വാചകങ്ങള്‍ പറഞ്ഞവസാനിച്ചപ്പോള്‍ അവിടെയിരുന്ന എല്ലാവരും ആദ്യം സ്തബ്ധരായി. തൊട്ടുപിന്നാലെ പ്രതിഷേധസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങി. 

അതിന് പിന്നാലെ പോലീസിനും സിബിഐയ്ക്കുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് തരേജ ഉന്നയിച്ചത്. ഒരു കേസന്വേഷണത്തില്‍ പുലര്‍ത്തേണ്ട ഔദ്യോഗിക ചട്ടങ്ങളെല്ലാം പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്ന തെളിവുകളില്‍ പലതും ഹാജരാക്കിയില്ല. ചില തെളിവുകള്‍ കെട്ടിച്ചമച്ചു. പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഹെല്‍മെറ്റിന്റെ ഗ്ലാസ് തകര്‍ന്നിട്ടുണ്ടായിരുന്നു. അതിനെ ഒരു നിര്‍ണായക തെളിവായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് പ്രതിഭാഗത്തിന് ഗുണമായി. ഡല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതിയെ സഹായിക്കുന്ന നീക്കങ്ങള്‍ നടത്തി. വ്യാജ തെളിവുകളുണ്ടാക്കി പ്രതിയെ സഹായിച്ചു. സിബിഐ കേസ് ഏറ്റെടുത്ത ശേഷവും ഡല്‍ഹി പോലീസിലെ ഒരു ഇന്‍സ്പെക്ടര്‍ വിഷയവുമായി ബന്ധപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിലെ ജീവനക്കാരുടെ സമീപനവും പ്രവര്‍ത്തനവും ഉന്നതമായ പദവിയിലിരിക്കുന്നവരുടെ മക്കളെ കുട്ടികളെ ശിക്ഷാവിധികളില്ലാതെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സംഭവദിവസം പ്രതി പ്രിയദര്‍ശിനി താമസിക്കുന്ന വീട്ടിലെത്തിയിരുന്നു എന്ന് മൊഴി നല്‍കിയ വീരേന്ദര്‍ പ്രസാദ് എന്ന ജോലിക്കാരനെ കോടതിയില്‍ സാക്ഷിയായി ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു (വിരേന്ദര്‍ പ്രസാദിനെ കാണാനില്ലെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം ബിഹാറിലെ ഒരു ഗ്രാമത്തിലുണ്ടെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി). ബാലാത്സംഗം നടന്നതിന് തെളിവായി ഡി.എന്‍.എ ഫലം കോടതിയില്‍ സമര്‍പ്പിക്കുന്നതിലും സിബിഐയ്ക്ക് വീഴ്ച പറ്റി. പ്രിയദര്‍ശിനിയുടെ വസ്ത്രങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ദ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ബയോളജിയിലേക്ക് അയച്ചിരുന്നു. എന്നാല്‍ മരണപ്പെടുമ്പോള്‍ പ്രിയദര്‍ശിനി ധരിച്ചുവെന്ന് പറയുന്ന സോക്സുകള്‍ അതിലുണ്ടായിരുന്നില്ല. അടിവസ്ത്രത്തിലുണ്ടായിരുന്ന വെളുത്ത കറ സംശയിച്ചത് പോലെ ശുക്ലമല്ലെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. അതുകൊണ്ട് ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചു. പ്രതി കുറ്റം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ സംശയത്തിന്റെ ആനുകൂല്യത്തില്‍ സന്തോഷിനെ വെറുതെ വിടുന്നുവെന്നും  കോടതി വ്യക്തമാക്കി. 

കോടതിവിധിയില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത ജനരോഷമുണ്ടായി. തെളിവുകള്‍ ഉണ്ടായിട്ടും കോടതി പ്രതിയെ വെറുതെ വിട്ടുവെന്ന ആരോപണമുണ്ടായി.  ജസ്റ്റിസ് തരേജയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് ജസ്റ്റിസ് ഫോര്‍ പ്രിയ എന്ന കാമ്പയിന്‍ ആരംഭിച്ചു. പൊതുജനങ്ങളുടെ ഇടപെടല്‍ കൂടുതല്‍ ശക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥരില്‍ വലിയ സമ്മര്‍ദമുണ്ടായി. പ്രിയദര്‍ശിനിയുടെ പിതാവ് ഒട്ടനവധി അഭിമുഖങ്ങള്‍ നല്‍കുകയും മകള്‍ക്ക് നീതി ലഭിക്കാന്‍ കൂടെ നില്‍ക്കണമെന്ന് പൊതുജനത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 

ഒടുവിൽ കേസ് ഹെെക്കോടതിയിലേക്ക്

2000 ഫെബ്രുവരി മാസത്തില്‍ സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടക്കത്തില്‍ ഹൈക്കോടതി കേസിന് പ്രത്യേക പരിഗണനയൊന്നും നല്‍കിയില്ല. എന്നാല്‍, മോഡല്‍ ജസ്സീക്ക ലാല്‍ കൊലപാതകക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധിയില്‍ പ്രതിഷേധം ശക്തമായ സമയത്ത് പ്രിയദര്‍ശിനിയുടെ കേസും വലിയ ചര്‍ച്ചയായി. ഒടുവില്‍ ജൂഡീഷ്യറിക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടായി. 

2006 ആയപ്പോഴേക്കും പ്രതി സന്തോഷ് ജീവിതം സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഡല്‍ഹിയില്‍ ഒരു അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന അയാള്‍ അതിനിടെ വിവാഹവും കഴിച്ചു. അതിനിടെ ഓഗസ്റ്റ് 31ല്‍ ആര്‍.എസ് സോധി, പി.കെ ബാഷിന്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് പ്രിയദര്‍ശിനിയുടെ കേസ് പരിഗണിച്ചു. സന്തോഷിനെതിരേ വാറന്റ് പുറപ്പെടുവിച്ചു. വിചാരണക്കോടതിയിന്‍മേലുള്ള വാദപ്രതിവാദങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും 42 ദിവസം കൊണ്ട് കോടതി അന്തിമ വിധിയിലെത്തി. 

കൊലപാതകത്തിന്റെ അന്ന് വൈസറുള്ള ഹെല്‍മെറ്റുമായി സന്തോഷ് നില്‍ക്കുന്നത് പലരും കണ്ടിട്ടുണ്ട്. പ്രിയദര്‍ശിനിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഹെല്‍മറ്റിന്റെ ചില്ലുകള്‍ സന്തോഷിന്റേത് തന്നെയാണ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ഹെല്‍മറ്റില്‍ പറ്റിപ്പിടിച്ചിരുന്ന രക്തം പ്രിയദര്‍ശിനിയുടേതാണെന്ന് തെളിഞ്ഞു. വിചാരണക്കോടതിയില്‍ ഫോറന്‍സിക് വിഭാഗം തിരിമറി നടത്തിയെന്ന് ആരോപിക്കപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതിയിലെത്തിയപ്പോള്‍ പ്രിയദര്‍ശിനിക്ക്  അനുകൂലമായി വന്നു. പ്രിയദര്‍ശിനിയുടെ അടിവവസ്ത്രത്തിലുണ്ടായിരുന്നത് ശുക്ലമായിരുന്നുവെന്നും അത് സന്തോഷിന്റേതാണെന്നും ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സന്തോഷിനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിയെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു. 

ഇവിടെ സന്തോഷ് സിംഗിന്റെ കുറ്റം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. ഭീഷണി, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിക്കാന്‍ പ്രതി ബാധ്യസ്ഥനാണ്. 

30, ഒക്ടോബര്‍ 2006, പ്രതിയായ സന്തോഷ് തന്നെ ശല്യം ചെയ്യുന്നുവെന്ന് ആ പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമല്ല പറഞ്ഞത്. ഒന്നിലേറെ തവണ രേഖാമൂലം പോലീസില്‍ പരാതി നല്‍കി. ആ തെളിവ് നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പ്രതിയുടെ പിതാവ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് ഭയപ്പെട്ടു. നിയമം നടപ്പിലാക്കേണ്ടവരുടെ കുടുംബാംഗങ്ങള്‍ തെറ്റ് ചെയ്താല്‍ അവരെ ശിക്ഷിക്കരുതെന്ന് ഏത് നിയമമാണ് പറയുന്നത്. പ്രിയദര്‍ശിനി പരാതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും സന്തോഷ് അയാളുടെ സമീപനത്തില്‍ മാറ്റം വരുത്തിയില്ല. തന്റെ കുടുംബത്തിന് പോലീസിലുള്ള  സ്വാധീനം അയാളെ കൂടുതല്‍ മോശക്കാരനാക്കി. രണ്ടുവര്‍ഷക്കാലം പ്രതി അവരെ തുടര്‍ച്ചയായി ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി. ഒടുവില്‍ അത് അതിക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചു.

ഇന്നയാള്‍ ഒരു അഭിഭാഷകനാണെന്ന് കൂടി ഓര്‍ക്കണം. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒരു കേസാണ്. അതുകൊണ്ടു തന്നെ പ്രതി വധശിക്ഷയേക്കാള്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല- കോടതി പ്രഖ്യാപിച്ചു.

വധശിക്ഷ ജീവപര്യന്തമാകുന്നു

2017 ഫെബ്രുവരി 19 ന് സന്തോഷ് സിംഗ് വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. തുടര്‍ന്ന് സുപ്രീം കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി സന്തോഷ് സിംഗിനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചത്. ഹൈക്കോടതിയിലെത്തിയപ്പോള്‍ പിന്നീടത് പ്രതിയ്ക്ക് എതിരായതില്‍ സംശയമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയിലുണ്ടായ സംഭവവികാസങ്ങള്‍ക്ക് വലിയ മാധ്യമശ്രദ്ധയാണ് ലഭിച്ചത്. കോടതിവിധിക്കെതിരേ വലിയ ജനരോഷമുണ്ടായി. ഇതെല്ലാം ഹൈക്കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വധശിക്ഷ നല്‍കുന്നത് നീതിയല്ലെന്നും പ്രതിഭാഗം പറഞ്ഞു. ഒക്ടോബര്‍ 10ന് സന്തോഷ് കുമാറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. 

വഴിവിട്ട് പരോൾ

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സന്തോഷിന് ഇതുവരെ മൂന്ന് തവണയാണ് പരോള്‍ ലഭിച്ചത്. എല്‍.എല്‍.എം പരീക്ഷയെഴുതാനായി 2019 ല്‍ മൂന്ന് ആഴ്ച പരോള്‍ നല്‍കിയതാണ് ഏറ്റവും ഒടുവിലത്തേത്. നല്ലനടപ്പിന്റെ പേരില്‍ ജയില്‍ മോചിതരാകുന്നവരുടെ പട്ടികയില്‍ സന്തോഷ് സിംഗിന്റെ പേരും  ഡല്‍ഹി സെന്റന്‍സ് റിവ്യൂ ബോര്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.