
സമയവും സ്ഥലവും കുറിക്കപ്പെട്ടു,ആരാച്ചര്‍ ഒരുങ്ങി, കഴുമരം തയാറായി വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ നിന്ന് മീററ്റ് ജയിലിലേയ്ക്ക് ഒരു സ്റ്റേ ഓര്‍ഡറെത്തി. അതിന് ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കഴുമരം കാത്തിരുന്ന ആ പ്രതിയെ കോടതി കുറ്റവിമുക്തനുമാക്കിയിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അപൂര്‍വമായൊരു ഏട് സിനിമയെ വെല്ലുന്ന കഥയുള്ള നിതാരിയില്‍ നിന്നാണ് തുടങ്ങുന്നത്.
കുടിയേറ്റ തൊഴിലാളികളും റിക്ഷക്കാരും തെരുവുകച്ചവടക്കാരും നിറഞ്ഞ, ഒറ്റമുറി വീടുകളുള്ള ഉത്തര്‍പ്രദേശിലെ നിതാരി, ഒരു രാത്രി വെളുത്തപ്പോള്‍ ദുരൂഹത നിറഞ്ഞ രാജ്യം മുഴുവന്‍ ഭയത്തോടെ നോക്കുന്ന ഗ്രാമമായി മാറി. പെണ്‍കുട്ടികളും യുവതികളും അടക്കം അജ്ഞാത കാരണങ്ങളാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് കാണാതായവരുടെ എണ്ണം 17-ല്‍ അധികം വരും. ദുരൂഹതകള്‍ നിറഞ്ഞ നിതാരിയിലെ കൂട്ടക്കൊലപാതകങ്ങള്‍ ലോകമറിഞ്ഞുതുടങ്ങുന്നത് 2006 മാര്‍ച്ചുമാസമായിരുന്നു. അന്ന് ഗ്രാമത്തില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുറച്ച് കുട്ടികള്‍ക്ക് സമീപത്തുള്ള അഴുക്കുചാലില്‍ നിന്ന് ഒരു പ്ലാസ്റ്റിക്ക് കവര്‍ കിട്ടി. കവര്‍ തുറന്ന നിതാരി ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളിലുണ്ടായിരുന്നത് മനുഷ്യന്റെ അഴുകിയ കൈകളായിരുന്നു. വിഷയം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചപ്പോള്‍ അത് മൃഗത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നും ഇതേക്കുറിച്ച് മറന്നുകളയണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഈ സംഭവം നടക്കുന്നതിന് മുമ്പ് 2003-06 കാലഘട്ടത്തില്‍ നിതാരിയില്‍ നിന്ന് അജ്ഞാത കാരണത്താല്‍ തുടര്‍ച്ചയായി കുട്ടികളെയും സ്ത്രീകളെയും കാണാതായിക്കൊണ്ടിരുന്നു. കാണാതാകുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍ക്ക് കവറില്‍ നിന്ന് അഴുകിയ കൈകള്‍ ലഭിച്ചത്. കൈകള്‍ കണ്ടെത്തിയ അഴുക്കുചാലുള്ളത് നിതാരി ഗ്രാമത്തിലെ വ്യവസായി മൊനീന്ദര്‍ സിംഗ് പണ്‌ഢേറിന്റെ ബംഗ്ലാവായ ഡി-5 -ന് പിന്നിലായിരുന്നു.
അഴുക്കുചാലില്‍നിന്ന് കൈകള്‍ കണ്ടെത്തി അധികം കഴിയും മുമ്പ് നിതാരിയില്‍ നിന്ന് വീണ്ടുമൊരു പെണ്‍കുട്ടിയേക്കൂടി കാണാതായി. പണ്‌ഢേറിന്റെ ബംഗ്ലാവിലേയ്ക്ക് പോകുകയാണെന്ന വിവരം മകള്‍ പായല്‍ തന്നെ അറിയിച്ചിരുനെന്നും ഇതിനുശേഷമായിരുന്നു മകളെ കാണാതായതെന്നും പിതാവ് നന്ദ് ലാല്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ മകളെ അന്വേഷിച്ച് പണ്‌ഢേറിന്റെ ഡി 5-ല്‍ എത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. അയാളുടെ കുടുംബം ചണ്ഡീഗഡിലായിരുന്നു താമസം. പണ്‌ഢേറിനെക്കൂടാതെ ജോലിക്കാരന്‍ സുരേന്ദര്‍ കോലിയും ഒരു വീട്ടുജോലിക്കാരിയും ഒരു തോട്ടക്കാരനും രണ്ട് ഡ്രൈവര്‍മാരുമായിരുന്നു ആ ബംഗ്ലാവില്‍ ഉണ്ടായിരുന്നത്. മകളെ കാണാനില്ലെന്ന് കാണിച്ച് നന്ദ്‌ലാല്‍ പോലീസിനെ സമീപിച്ചെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. ഒരു മാസത്തോളം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല. ഇതിനിടയില്‍ പണ്‌ഢേറിനെയും കോലിയേയും മൂന്ന് തവണ ചോദ്യം ചെയ്യാന്‍ വിളിക്കുകയും വിട്ടയക്കുകയും ചെയ്തു. ഒടുവില്‍ അയാള്‍ നോയിഡ എസ്പിയെ കണ്ടു. എസ്പിയുടെ നിര്‍ദേശത്തോടെ മകളെ കാണാനില്ലെന്ന് കാണിച്ച് പായലിന്റെ പിതാവ് പരാതി നല്‍കിയതോടെ പോലീസ് പണ്‌ഢേറിനെയും കോലിയേയും ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തു.
കാണാതായി ഒരുമാസത്തിന് ശേഷവും പായലിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിനിടയില്‍ മനസിലായി. തുടര്‍ന്ന് സിം വാങ്ങിയയാളെ പോലീസ് കണ്ടെത്തി. പണ്‌ഢേറിന്റെ വീട്ടില്‍ നിന്നുള്ള ഒരാളുടെതാണ് ഫോണ്‍ എന്ന സ്ഥിരീകരണം വന്നതോടെ പായല്‍ തിരോധാനത്തില്‍ വഴിത്തിരിവായി. എന്നാല്‍ അന്വേഷണത്തില്‍ പിന്നീട് പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നന്ദ് ലാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. വൈകാതെ കോടതി നിര്‍ദേശപ്രകാരം മൊനിന്ദറിനും കോലിക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പണ്‌ഢേറിന്റെ ജോലിക്കാരന്‍ സുരേന്ദര്‍ കോലിയെയും ചോദ്യം ചെയ്തപ്പോള്‍ പായലിനെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നില്‍ ഉപേക്ഷിച്ചതായി കോലി സമ്മതിച്ചു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പായലിന്റെ പിതാവ് നന്ദ് ലാല്‍ കോടതിയെ വീണ്ടും സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് അന്വേഷണം സജീവമായി. ഇത്തവണ പുറത്തുവന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
ഡി-5 ന് പിന്നില്‍, അഴുകിയ കൈകള്‍ കണ്ടെത്തിയ അതേ അഴുക്കുചാലില്‍ മനുഷ്യാസ്ഥികള്‍ നിറച്ച ഒന്നിലധികം പ്ലാസ്റ്റിക്ക് ബാഗുകള്‍ പോലീസ് കണ്ടെത്തി. അസ്ഥികള്‍ ഒരാളുടേതായിരുന്നില്ല, എത്രപേരുടെതാണെന്ന് അപ്പോള്‍ വ്യക്തമായിരുന്നുമില്ല. അഴുക്കുചാലില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതറിഞ്ഞ് കാണാതായ കുട്ടികളുടെ മാതാപിതാക്കള്‍ ബംഗ്ലാവിന് പിന്നിലേയ്ക്ക് ഓടിയെത്തി. 2006 ഡിസംബര്‍ 29 ന് ബംഗ്ലാവ് ഉടമ പണ്‌ഢേറിനേയും ജോലിക്കാരന്‍ കോലിയേയും പോലീസ് അറസ്റ്റ് ചെയ്തു. പായലിനെ കൊന്നുവെന്ന് കോലി അന്ന് കുറ്റസമ്മതം നടത്തി. ഡി-5 നും ഡി-6 നും സമീപത്തു നടന്ന തിരച്ചിലില്‍ 15 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. ഡിസംബര്‍ 31 ന് വീണ്ടും കൂടുതല്‍ അസ്ഥികള്‍ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ അറസ്റ്റിലായ പണ്‌ഢേറിനും കോലിക്കുമെതിരെ കാര്യമായ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അഴുക്കുചാലില്‍ നിന്ന് അസ്ഥികള്‍ നിറച്ച കവറുകള്‍ കണ്ടെത്തിയതിന് പിന്നാലെ ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇതോടെ കേസ് സിബിഐയ്ക്ക് കൈമാറി. സിബിഐ 60 ദിവസം കോലിയെ കസ്റ്റഡിയില്‍ വച്ചു. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെങ്കിലും കോലി മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ കുറ്റസമ്മതമൊഴി ഞെട്ടിക്കുന്നതായിരുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് പിന്നീട് മുന്‍പോട്ടുപോയത്.
കോലിയുടെ മൊഴി ഇങ്ങനെയായിരുന്നു. ഒമ്പത് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അഞ്ച് സ്ത്രീകളും തന്റെ ഇരകളായി. ഇവരെ പണ്‌ഢേറിന്റെ ബംഗ്ലാവിലേയ്ക്ക് വശീകരിച്ചു കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹങ്ങളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു, എന്നാല്‍ പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയെന്ന് കോലി പിന്നീട് മാറ്റി പറഞ്ഞു. കൊലപ്പെടുത്തുന്നവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. ബാക്കിയായ ശരീരാവശിഷ്ടങ്ങള്‍ ബംഗ്ലാവിന് പിന്നിലെ അഴുക്കുചാലിലേയ്ക്ക് എറിഞ്ഞിരുന്നു. എല്ലാ കൊലപാതകങ്ങളും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ഡ്രോയിങ് റൂമില്‍ വച്ചാണ് നടത്തിയത്. ഓരോ കൊലപാതകങ്ങള്‍ക്ക് ശേഷവും മൃതദേഹം മുകളിലത്തെ നിലയിലെ കുളിമുറിയില്‍ വച്ച് മൂന്നു കഷ്ണങ്ങളാക്കി മുറിച്ചു. മൃതദേഹത്തില്‍ നിന്ന് തലമുറിച്ചു മാറ്റുകയും കരള്‍ അടക്കമുള്ള ഭാഗങ്ങള്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ശേഷം തിരികെ വന്ന് കുളിമുറിയും ഡ്രോയിങ് റൂമും വൃത്തയാക്കുമെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ കോലി മൊഴി നല്‍കി. കൊലപാതങ്ങള്‍ എല്ലാം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് സുരേന്ദ്രര്‍ കോലി കുറ്റസമ്മതം നടത്തി. എല്ലാ കൊലപാതകങ്ങളും കഴുത്ത് ഞെരിച്ചാണ് നടത്തിയതെന്നും പണ്‌ഢേറിന്റെ സഹായം ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. കോലിയേയും പണ്‌ഢേറിനെയും ബ്രെയിന്‍മാപ്പിങിനും നാര്‍ക്കോ അനാലിസിസിനും പോളിഗ്രാഫ്‌ടെസ്റ്റിനും വിധയരാക്കി. കേസിന്റെ വിചാരണയില്‍ സാക്ഷികളായി ആരെയും പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോലിയുടെ കുറ്റസമ്മതമൊഴി അവശേഷിപ്പിച്ചത് നിരവധി സംശയങ്ങളായിരുന്നു. എല്ലാ കൊലപാതങ്ങളും ബംഗ്ലാവില്‍ വച്ച് തനിയെ നടത്തിയെന്ന് കോലി പറയുമ്പോഴും ഒരു കൊലപാതകം പോലും പണ്‌ഢേറോ അയാളുടെ മറ്റ് ജോലിക്കാരോ അറിഞ്ഞില്ലെന്നത് അവിശ്വസനീയമായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍ തള്ളിയെന്ന് പറയുമ്പോള്‍ ദുര്‍ഗന്ധം വന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പീഡനത്തിന് ശേഷം കൊലപാതകം നടത്തിയെന്ന് കോലി മൊഴി നല്‍കിയെങ്കിലും ഇരകളുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ബീജസാമ്പിളുകളും കോലിയുടെ പുതപ്പില്‍ നിന്ന് ലഭിച്ച സാമ്പിളുകളും ഒന്നായിരുന്നില്ല. ഏറ്റവും പ്രധാനപ്പെട്ടക്കാര്യം കോലി ഇത്രയധികം കൊലപാതകങ്ങള്‍ നടത്താനുള്ള ശക്തമായ ഒരു കാരണം അന്വേഷണ ഏജന്‍സിക്ക് കണ്ടെത്താനായില്ലെന്നതാണ്.

മോനിന്ദര്‍ സിങ് പണ്‌ഢേറിനേയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുന്നു
നിതാരി കേസ് അന്വേഷിക്കാന്‍ വനിത ശിശുവികസന മന്ത്രാലം ഒരു വിദഗ്ധസമതിയെ നിയോഗിച്ചിരുന്നു. അവയവ വ്യാപാരമാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചു. മൃതദേഹം മുറിച്ചരീതിയും മനുഷ്യശരീരവശിഷ്ടങ്ങള്‍ അടങ്ങിയ നിരവധി ബാഗുകള്‍ കണ്ടെത്തിയതും സംശയത്തിന്റെ തീവ്രതകൂട്ടി. കൊലപാതകങ്ങള്‍ നടന്ന പണ്‌ഢേറിന്റെ ബംഗ്ലാവിന് സമീപം നവീന്‍ ചൗദരി എന്നൊരു ഡോക്ടര്‍ താമസിക്കുന്നുണ്ടായിരുന്നു. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ആശുപത്രിയിലെ അനധികൃത അവയവ വ്യാപാരമാരോപിച്ച് പോലീസ് ഇയാളെ സംശയിക്കുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഡോക്ടറെ കോടതി അന്ന് വെറുതെവിട്ടെങ്കില്‍ അതേവര്‍ഷം തന്നെ ഡോക്ടര്‍ നവീനെതിരെ വീണ്ടും കുറ്റംചുമത്തിയതായി പോലീസ് വെളിപ്പെടുത്തി. ഇയാളുടെ സ്വത്തുക്കളടക്കം പരിശോധിച്ചെങ്കിലും നിതാരി കൊലപാതക പരമ്പരയ്ക്ക് അവയവ റാക്കറ്റുമായുള്ള ബന്ധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. നോയിഡയിലെ എല്ലാ ആശുപത്രിയിലെയും അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് അന്വേഷിക്കണമെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു. ഇത്രയധികം മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ഇതിനിടയില്‍ കൊലപാതകങ്ങള്‍ക്ക് ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു. ഒരു വെബ് ക്യാമറയും ലാപ്‌ടോപ്പും അശ്ലീലസാഹിത്യങ്ങളും അന്വേഷണസംഘം പണ്‌ഢേറിന്റെ ബംഗ്ലാവില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ പണ്‌ഢേര്‍ നഗ്നരായ കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും നിരത്തി. ഇതോടെ കൊലപാതക പരമ്പരയ്ക്ക് അന്താരാഷ്ട്ര ചൈല്‍ഡ് പോണോഗ്രാഫി റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ചു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ കുട്ടികള്‍ പണ്‌ഢേറിന്റെ കൊച്ചുമക്കളാണെന്ന് കണ്ടത്തി. ആരോപണം കെട്ടുകഥയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും വെബ്ക്യാമും തിരികെ നല്‍കി.

ഇതിനോടകം നിതാരിയിലെ കൊലപാതക പരമ്പരയും പെണ്‍കുട്ടികളുടെ തിരോധാനവും രാജ്യം മുഴുവന്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും നീതിക്കു വേണ്ടി മുറവിളിയുയര്‍ന്നു. രാജ്യം മുഴുവന്‍ നിതാരി ചര്‍ച്ചയായി, വാര്‍ത്തകളിലും ആളുകള്‍ കൂടുന്നിടത്തും നിതാരി നിറഞ്ഞു. രോഷാകുലരായ ജനങ്ങള്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തി. പണ്‌ഢേറിന്റെ ലുധിയാന ഫാം ഹൗസിലും സമീപപ്രദേശങ്ങളിലും തുടര്‍ച്ചയായി തിരിച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. കാണാതായ പത്തുപേരുടെ ഫോട്ടോ കോലി തിരിച്ചറിഞ്ഞു. സംഭവസ്ഥലത്ത് നിന്നുള്ള സാധനങ്ങള്‍ കണ്ട് അഞ്ചുപേരെ കുടുംബാംഗങ്ങളും തിരിച്ചറിഞ്ഞു.നിതാരി കൊലപാതക പരമ്പരയില്‍ ഇരയെ തിരഞ്ഞെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പാറ്റേണ്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം വിദഗ്ധ സമിതി വ്യക്തമാക്കി. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ അഴുക്കുചാലിന് ആഴമുണ്ടായിരുന്നില്ല. മൃതദേഹം അഴുകുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം വന്നില്ലെന്നത് വളരെ വിചിത്രമായിരുന്നു. കൊലപാതകങ്ങളെല്ലാം നടത്തിയത് പകല്‍ സമയത്താണെന്ന് സുരേന്ദര്‍ കോലി പറയുമ്പോഴും മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചതിന് സാക്ഷികളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണെന്ന് വിദഗ്ധസമിതി നിരീക്ഷിച്ചു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. 17 സെറ്റ് തലയോട്ടികള്‍ പരിശോധിച്ചതില്‍ 11 ഉം പെണ്‍കുട്ടികളുടേതായിരുന്നു. ഇതിനിടയില്‍ എയിംസില്‍ നിന്ന് ഭയപ്പെടുത്തുന്നൊരു വെളിപ്പെടുത്തല്‍ വന്നു. തലയോട്ടികള്‍ 17 അല്ല 19 എണ്ണം ഉണ്ട്. അതില്‍ 16 എണ്ണം പൂര്‍ണരൂപം ഉള്ളവയും 3 എണ്ണം കേടുപാടുകള്‍ സംഭവിച്ചവയുമാണ്. കൊല്ലപ്പെട്ടവരില്‍ ലൈംഗികചൂഷണത്തിന് ഇരയായ എട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അന്നത്തെ സര്‍ക്കാര്‍ 12 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും 2 ലക്ഷം രൂപ നല്‍കുകയും ചെയ്തു. കേസ് അന്വേഷണം കൃത്യമായി നടന്നിരുന്നില്ലെന്ന കടുത്ത ജനരോഷത്തേയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് പോലീസ് സൂപ്രണ്ടമാരെ സസ്‌പെന്‍ഡ് ചെയ്തു. ആറു പോലീസുകാരെ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടു. ഇതിനിടയില്‍ കേസ് കോടതിയിലെത്തി. ഇരകളില്‍ ഒരാളായ റിംപ ഹാല്‍ദറിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക സിബിഐ കോടതി കോലിക്കും പണ്‌ഢേറിനും വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതുകൊണ്ട് പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്. തന്റെ പിതാവ് നിരപരാധിയാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പണ്‌ഢേറിന്റെ മകന്‍ കരണ്‍ദീപ് സിങ് അറിയിച്ചു. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 19 കേസുകളായിരുന്നു സിബിഐ രജിസ്ട്രര്‍ ചെയ്തത്. കുറ്റപത്രത്തില്‍ നിന്ന് പണ്‌ഢേറിനെ സിബിഐ ഒഴിവാക്കിയിരുന്നു. പണ്‌ഢേറിനെ ഒഴിവാക്കിയതില്‍ സിബിഐയെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തി. 2009 ഫെബ്രുവരി 13-ന് സിബിഐ പ്രത്യേക കോടതി പണ്‌ഢേറിന് വധശിക്ഷ വിധിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി ഇയാളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പണ്‌ഢേര്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെറുതെവിട്ടത്.
2010 ആയപ്പോഴേയ്ക്കും നാല് കേസുകളില്‍ കോലിക്ക് വധശിക്ഷ വിധിച്ചു. റിംപ വധക്കേസില്‍ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിന് പിന്നാലെ 2011 മെയില്‍ സിബിഐ ജഡ്ജി ശ്യംലാല്‍ കോലിയെ തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചു. 2014-ല്‍ രാഷ്ട്രപതി കോലിയുടെ ദയഹര്‍ജി തള്ളി. ഒടുവില്‍ 2014 സെപ്റ്റംബര്‍ 12 ന് കോലിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനമായി. സമയം കുറിക്കപ്പെട്ടു. കോലിയെ മീററ്റിലെ ജയിലിലേയ്ക്ക് മാറ്റി. അവിടെ കോലിക്കായി കഴുമരമൊരുങ്ങി. കനത്ത സുരക്ഷയില്‍, പ്രത്യേകസെല്ലില്‍ സിസിടിവി നീരിക്ഷണത്തിലായിരുന്നു ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി കോലിയെ താമസിപ്പിച്ചത്. അന്ത്യാഭിലാഷങ്ങള്‍ ഒന്നും അയാള്‍ വെളിപ്പെടുത്തിയില്ല. ശാന്തസ്വഭാവത്തില്‍ സാധാരണ മട്ടില്‍ കോലി പെരുമാറി. ആധ്യാത്മിക പുസ്തകങ്ങള്‍ വായിച്ചു. മീററ്റ് ജയിലില്‍ തൂക്കിലേറ്റപ്പെടാന്‍ പോകുന്ന 18-ാമത്തെ പ്രതിയായിരുന്നു കോലി. കോലിക്കായി പവന്‍ എന്ന ആരാച്ചരെ നിശ്ചയിക്കപ്പെട്ടു. കോലിയെ കഴുവേറ്റാന്‍ തന്റെ കൈകള്‍ വിറയ്ക്കില്ലെന്ന് പവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴുമരമൊരുങ്ങി, ആരാച്ചരൊരുങ്ങി, സമയം കുറിക്കപ്പെട്ടു. 2014 സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ അഞ്ചരയായിരുന്നു കോലിയേ തൂക്കിലേറ്റാനുള്ള സമയം. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. മരണം കാത്തിരുന്ന കോലിയേ തേടി വധശിക്ഷയുടെ സ്റ്റേ ഓര്‍ഡറെത്തി. വധശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോലിയുടെ വധശിക്ഷ ഒരാഴ്ച്ചത്തേയ്ക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് പുലര്‍ച്ചെ 1.40 ന് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവും അനില്‍ ആര്‍ ദവെയുമടങ്ങിയ രണ്ടംഗ ബഞ്ച് കോലിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. ഈ സമയം കോലിക്കെതിരായ 11 കേസുകളുടെ വാദം തുടരുകയായിരുന്നു.
വധശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധി പുഃനപരിശോധിക്കമെന്ന് ആവശ്യപ്പെട്ട് കോലി വീണ്ടും ഹര്‍ജി നല്‍കിയെങ്കിലും സുപ്രീം കോടതി തള്ളി. പഴയ തീരുമാനം
പുഃനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതിയുടെ വാദം. എന്നാല്‍ പ്രതിയുടെ കുറ്റസമ്മതമൊഴി തെറ്റാണ് അത് കണക്കിലെടുക്കരുതെന്നും പ്രതിയെ പോലീസ് പീഡിപ്പിച്ചെന്നും ഈ കാര്യം ഹൈക്കോടതിയോ സുപ്രീം കോടതിയോ പരിഗണിച്ചില്ലെന്നും കോലിയുടെ അഭിഭാഷകര്‍ വാദിച്ചു. മൃതദേഹങ്ങള്‍ മുറിച്ചത് സര്‍ജിക്കല്‍ ബ്ലെയിഡുകൊണ്ടാണെന്ന വിവരം പ്രോസിക്യൂഷന്‍ മറച്ചുവച്ചു, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജനെ വിചാരണയ്ക്കു വിളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോലിയുടെ അഭിഭാഷകര്‍ നിഷ്‌കളങ്കമായ ഒരു ജീവന്‍ മറ്റെന്തിനേക്കാളും വലുതാണെന്നും പറഞ്ഞു. അവയവകച്ചവടം നടത്താന്‍ ഒരു ഡോക്ടര്‍ നടത്തിയ സംഭവമാകാം ഇത് എന്നായിരുന്നു കോലിക്കുവേണ്ടി വാദിച്ച അഭിഭാഷകര്‍ കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞത്.പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റൈറ്റ്‌സെന്ന സന്നദ്ധ സംഘടന ഹര്‍ജി നല്‍കിയതിനേ തുടര്‍ന്ന് വധശിക്ഷയുടെ സ്റ്റേ വീണ്ടും നീട്ടി. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകുന്നത് വധശിക്ഷ ജീവപര്യന്തമാക്കാന്‍ മതിയായ കാരണമാണെന്നും ഉത്തര്‍പ്രദേശ് ഗവര്‍ണറും പ്രസിഡന്റും ദയഹര്‍ജി വൈകിപ്പിച്ചു എന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ മൂന്നുവര്‍ഷവും മൂന്നുമാസവും എടുത്തത് പരിഗണിച്ച് 2015 ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി സുരേന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചു.
16 കേസുകളില്‍ 12 കേസുകളിലാണ് കോലിയെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ മരണവാറണ്ട് പുറുപ്പെടുവിച്ച് 12 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബര്‍ 16-ന് സുരേന്ദര്‍ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിധി. വധശിക്ഷ വിധിച്ച രണ്ട് കേസുകളില്‍ നിന്നും കൂട്ടുപ്രതി മൊനീന്ദര്‍ സിങ്ങ് പണ്‌ഢേറിനേയും കുറ്റവിമുക്തനാക്കി. പണ്‌ഢേര്‍ നോയിഡയിലെ ജയിലിലും കോലി ഗാസിയബാദിലെ ജയിലിലുമായിരുന്നു. ഒരു കേസിലെ ജീവപര്യന്തശിക്ഷ കൂടി റദ്ദാക്കാനുള്ളതിനാല്‍ കോലി വീണ്ടും ജയിലില്‍ തുടരുകയാണ്. കോലിയെയും പണ്‌ഢേറിനേയും കുറ്റവിമുക്തരാക്കി കൊണ്ട് ആദ്യ ഇരയുടെ തിരോധാനം മുതലുള്ള അന്വേഷണത്തില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ കേസെന്ന് കോടതി പറഞ്ഞു. ഉന്നതതല സമിതിയുടെ പ്രത്യേക ശിപാര്‍ശ ഉണ്ടായിട്ടും അവയവ വ്യാപാരം അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്നും വീട്ടുജോലിക്കാരനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതിനുള്ള ഏളുപ്പവഴിയാണ് അന്വേഷണത്തില്‍ തിരഞ്ഞെടുത്തതെന്ന് തോന്നുന്നതായും കോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോലി കുറ്റവിമുക്തനാകുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് കോലി തന്നെയായിരുന്നോ? അങ്ങനെയെങ്കില്‍ ഇത്ര സമര്‍ത്ഥമായി തെളിവുകളില്ലാതാക്കാന്‍ അയാള്‍ക്ക് എങ്ങനെ സാധിച്ചു. അയാളെ മറയാക്കി മറ്റൊരെങ്കിലുമായിരുന്നോ ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഇത്രയധികം കൊലപാതകങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് പണ്‌ഢേറിന്റെ വീട്ടിലെ മറ്റ് ജോലിക്കാര്‍ പോലും വിവരമറിഞ്ഞില്ല. 16 കേസുകള്‍ രജിസ്ട്രര്‍ ചെയ്തതില്‍ ഒരിടത്തുപോലും നിലനില്‍ക്കുന്ന ശക്തമായ തെളിവുകള്‍ നിരത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാതിരുന്നതെന്തുകൊണ്ടാണ്? നിതാരിയില്‍ നിന്ന് ഇത്രയധികം ആളുകളെ കാണാതാകുമ്പോള്‍ എന്തുകൊണ്ട് ഒരിക്കല്‍ പോലും പോലീസ് സജീവമായി ഇടപെട്ടില്ല. നിതാരി കൊലപാതക പരമ്പരയിലെ യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും ഇരുട്ടില്‍ തന്നെയാണോ? ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും വരെ നിതാരി ദുരൂഹമായി തുടരും. ഒപ്പം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഒരിക്കലും ആവര്‍ത്തികരുതാത്ത ഉദാഹരണമായി നിലനില്‍ക്കും.
Content Highlights: Nithari serial killings case history
Published: 12 Nov 2023, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented