കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ കെ.കെ. രാധാകൃഷ്ണനെ(49) വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ ഭാര്യയും പിടിയില്‍. കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുമത്തിയാണ് രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി പ്രവര്‍ത്തകയുമായിരുന്ന മിനി നമ്പ്യാരെ(46) പരിയാരം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ നാടിനെ നടുക്കിയ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

To advertise here,

പെരുമ്പടവ് നെല്ലൂര്‍ വീട്ടില്‍ എന്‍.കെ. സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മാര്‍ച്ച് 20-ന് രാത്രി ഏഴുമണിയോടെ രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു സംഭവം. വയറിന് വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതിയായ സന്തോഷിനെ പോലീസ് അന്നുതന്നെ പിടികൂടുകയുംചെയ്തു. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസും പിന്നീട് അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് കൊലപാതകത്തിന് ഒത്താശചെയ്തതിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും അറസ്റ്റിലായത്. 

നാട് നടുങ്ങിയ ദിനം, രാധാകൃഷ്ണന്‍ നാട്ടില്‍ സജീവം...
പുതുതായി പണിയുന്ന വീടിന്റെ മുറ്റത്തുവെച്ച് രാധാകൃഷ്ണന്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കൈതപ്രം ഗ്രാമം കേട്ടത്. സംഭവമറിഞ്ഞതിന് പിന്നാലെ നാട്ടുകാര്‍ സ്ഥലത്തേക്ക് പാഞ്ഞെത്തി. സംഭവദിവസം വൈകീട്ടുവരെ കൈതപ്രം ബസ് സ്റ്റോപ്പില്‍ പലരോടും കുശലംപറഞ്ഞിരുന്നു രാധാകൃഷ്ണന്‍. തന്റെ ഓട്ടോയില്‍ പലവീടുകളിലേക്കും പലചരക്ക് സാധനങ്ങള്‍ എത്തിക്കുകയുംചെയ്തു.

Also Read: രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതിൽ സന്തോഷിന് പക; കൈതപ്രം കൊലപാതകത്തിൽ FIR...

ബിജെപി പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ നാട്ടിലെ ക്ഷേത്രോത്സവങ്ങളിലും സജീവമായിരുന്നു. 20 വര്‍ഷം മുമ്പ് ഇരിക്കൂര്‍ കല്യാട്ടുനിന്ന് കൈതപ്രത്ത് എത്തി താമസമാക്കിയതാണ് രാധാകൃഷ്ണന്‍. അടുത്തിടെയാണ് ഇവിടെ പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ നാട്ടിലെ പല കുടുംബങ്ങള്‍ക്കുവേണ്ടിയും കാര്‍ ഡ്രൈവറായും ജോലിചെയ്തിരുന്നു. 

ഭാര്യയുമായി സന്തോഷിന്റെ സൗഹൃദം, പ്രശ്‌നങ്ങള്‍ ഇങ്ങനെ...

രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും പ്രതി സന്തോഷും തമ്മിലുള്ള സൗഹൃദമാണ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Also Read: 'എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷേ നിനക്ക് മാപ്പില്ല'; തോക്കേന്തി പ്രതി, ഫേസ്ബുക്കിൽ പോസ്റ്റ്...

പ്രതി സന്തോഷും മിനി നമ്പ്യാരും സഹപാഠികളായിരുന്നു. നേരത്തേ ഒരു പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് ഇരുവരും വീണ്ടും പരിചയം പുതുക്കി. ഇത് സൗഹൃദത്തിലെത്തി. ഇക്കാര്യം രാധാകൃഷ്ണന്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. സന്തോഷുമായുള്ള ഭാര്യയുടെ സൗഹൃദം രാധാകൃഷ്ണന്‍ വിലക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

ഇതിനിടെ, പുതുതായി പണിയുന്ന വീടിന്റെ നിര്‍മാണജോലികളും സുഹൃത്തെന്നനിലയില്‍ സന്തോഷാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നാല്‍, മിനി നമ്പ്യാരുമായുള്ള സൗഹൃദം വിലക്കിയതോടെ സന്തോഷിന് രാധാകൃഷ്ണനോട് പകയായി. തുടര്‍ന്നാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. 

കൊലപാതകസൂചന നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍...

കൊലപാതകം നടന്നദിവസം പ്രതി സന്തോഷ് ഭീഷണിസ്വഭാവമുള്ള കുറിപ്പുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സംഭവദിവസം രാവിലെയാണ് ഇതില്‍ ആദ്യത്തെ കുറിപ്പ് പങ്കുവെച്ചത്. 

placeholder
പ്രതി സന്തോഷ്, സന്തോഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് | Photo: https://www.facebook.com/santhoshnk.santhoshnk.731
പ്രതി സന്തോഷ്, സന്തോഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് | Photo: https://www.facebook.com/santhoshnk.santhoshnk.731

'ചില തീരുമാനം ചിലപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും. നമ്മള്‍ അത് മനസിലാക്കാന്‍ വൈകി പോകും. അവസാന ഘട്ടത്തില്‍ പോലും മനസിലാകാതെ വന്നാല്‍ കൈവിട്ടു പോകും. നമ്മുടെ നില നമ്മള്‍ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിര്‍ത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തില്‍ ആര്‍ക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവര്‍ക്ക് മുന്നില്‍ പോകരുത് അവര്‍ നമ്മളെ ഒരിക്കലും കാണരുത്', എന്നായിരുന്നു സംഭവദിവസം രാവിലെ പത്തുമണിയോടെ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പിന്നീട് വൈകീട്ട് നാലരയോടെ തോക്കേന്തിയുള്ള ചിത്രം സഹിതം മറ്റൊരു കുറിപ്പും പങ്കുവെച്ചു. 'കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്', എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള വാക്കുകള്‍. പിന്നീട് രാത്രി ഏഴരയോടെ മറ്റൊരു കുറിപ്പും പ്രതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും. പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല', എന്നായിരുന്നു അന്നേദിവസം സന്തോഷിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനുപിന്നാലെയാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നവിവരം പുറത്തറിഞ്ഞത്. 

അന്വേഷണം ഭാര്യയിലേക്ക്...
രാധാകൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലെ കാരണം ഭാര്യ മിനി നമ്പ്യാരും സന്തോഷും തമ്മിലുള്ള സൗഹൃദമാണെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. പ്രതി കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തത് മിനി നമ്പ്യാരുടെ വാടകവീടിന്റെ പിറകില്‍നിന്നായിരുന്നു. വെടിയുണ്ട സൂക്ഷിച്ചിരുന്ന കവര്‍ സമീപത്തെ വാഴത്തോട്ടത്തില്‍നിന്നും കണ്ടെടുത്തു. ഇതിനുപിന്നാലെ കേസില്‍ മിനി നമ്പ്യാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പിന്നീട് സന്തോഷിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ക്കും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് ഒത്താശചെയ്തതിന് മിനി നമ്പ്യാരെയും പോലീസ് പിടികൂടിയത്.

placeholder
മിനി നമ്പ്യാര്‍ | Photo: facebook.com/mini.r.nambiar
മിനി നമ്പ്യാര്‍ | Photo: facebook.com/mini.r.nambiar

അറസ്റ്റിലായ മിനി നമ്പ്യാരും ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിന്റെ നിരവധി ചിത്രങ്ങളും നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായും മിനി നമ്പ്യാര്‍ മത്സരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനിലാണ് മിനി നമ്പ്യാര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.