ചാത്തന്നൂര്‍/ഓയൂര്‍(കൊല്ലം): ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ഫൊറന്‍സിക് വിദഗ്ധരുടെ സംഘമെത്തി പരിശോധന നടത്തി.

To advertise here,

ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം ഇളവൂരിലുള്ള ദേവനന്ദയുടെ വീട്ടിലാണ് ആദ്യം എത്തിയത്. അന്വേഷണച്ചുമതല വഹിക്കുന്ന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ പോലീസും ഒപ്പമുണ്ടായിരുന്നു.

ദേവനന്ദയുടെ അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും വീട്ടിനുള്ളില്‍ കുട്ടി നിന്നിരുന്ന മുറിയും അലക്കുകല്ലിനടുത്തെ ജനാലയും പരിശോധിച്ചു. തുടര്‍ന്ന് വീട്ടിനടുത്തുള്ള റോഡരികിലെ പള്ളിമണ്‍ ആറ്റിന്റെ ഇളവൂര്‍ ഭാഗത്തെ കുളിക്കടവിലെ കല്‍പ്പടവുകളും ദേവനന്ദയെ മരിച്ചനിലയില്‍ കണ്ട സ്ഥലവും ഷാള്‍ കണ്ട നടപ്പാലവും സന്ദര്‍ശിച്ചു.

നടപ്പാലത്തിനുസമീപം ആറിന്റെ ആഴം അളന്നു തിട്ടപ്പെടുത്തി. ആറ്റിനുനടുവില്‍ പാറയുള്ള സ്ഥലവും കാടുപോലെ ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു. എ.സി.പി. അനില്‍കുമാര്‍, കണ്ണനല്ലൂര്‍ സി.ഐ. വിപിന്‍കുമാര്‍, എസ്.ഐ. സുന്ദരേശന്‍, എസ്.ഐ. നിയാസ് എന്നിവരില്‍നിന്നും വിവരം ശേഖരിച്ചു.

കുടവട്ടൂരിലെ നന്ദനം വീട്ടിലും ഫൊറന്‍സിക് സംഘമെത്തി. ദേവനന്ദയുടെ അമ്മ ധന്യയോടും അച്ഛന്‍ പ്രദീപിനോടും കുട്ടി ഇളവൂരിലെ ആറ്റില്‍ മുന്‍പ് പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരിക്കലും ആറ്റിന്റെ പരിസരത്തുപോലും പോയിട്ടില്ലെന്ന് ധന്യ പറഞ്ഞു. ഒരുവര്‍ഷംമുന്‍പ് കുട്ടി ഒറ്റയ്ക്ക് അകലെയുള്ള മിനിയുടെ വീട്ടില്‍ എങ്ങനെ പോയെന്നും തിരക്കി. ദേവനന്ദ ട്യൂഷന്‍ പഠിക്കാന്‍ ഇതുവഴിയുള്ള വീട്ടില്‍ പോയിട്ടുള്ളതിനാലാകാം ആ റോഡിലൂടെ പോയതെന്ന് ധന്യ പറഞ്ഞു. മിനിയുടെ വീട്ടിലെത്തിയും ഫൊറന്‍സിക് അധികൃതര്‍ വിവരം ചോദിച്ചറിഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് ദേവനന്ദയെ കാണാതാകുന്നത്.

ഇരുപതുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പള്ളിമണ്‍ ആറ്റിന്റെ ഇളവൂര്‍ നടപ്പാലത്തിനുസമീപം കുട്ടിയെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Content Highlights: kollam devananda death; forensic team conducts search