ചാത്തന്നൂര്‍ : ആദിച്ചനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലും കുണ്ടുമണ്‍ മേഖലയിലും പൂജാമുറികളില്‍മാത്രം കയറുന്ന കള്ളന്മാരുടെ വിളയാട്ടം. കഴിഞ്ഞ ശനിയാഴ്ച മൈലക്കാട് ആലുംകടവ് ഭാഗത്തെ കാവില്‍നിന്ന് വിളക്കുകളും പൂജാസാധനങ്ങളും കവര്‍ന്നതാണ് ഏറ്റവും ഒടുവിലത്തേത്. അവിടെനിന്ന് ആറടിയോളം ഉയരമുള്ള വിളക്കുകളാണ് നഷ്ടപ്പെട്ടത്. അരലക്ഷത്തിലധികം രൂപ വിലവരുന്ന പൂജാസാമഗ്രികളും വിളക്കുമാണ് മോഷ്ടാക്കള്‍ കടത്തിയത്.
രണ്ടാഴ്ചമുന്‍പാണ് മോഷണപരമ്പര തുടങ്ങിയത്. കുണ്ടുമണ്‍ പായ്ക്കിങ് സെന്ററിനുസമീപം രണ്ടുവീടുകളിലെ പൂജാമുറിയില്‍നിന്ന് നിലവിളക്കും കിണ്ടിയും മോഷണംപോയ കേസാണ് ആദ്യത്തേത്.
ഒരാഴ്ചയ്ക്കുശേഷം കുണ്ടുമണ്‍ സ്വദേശികളായ മണിയിലഴികം രാധാകൃഷ്ണന്‍, ഞാറവീളവീട്ടില്‍ അനീഷ് എന്നിവരുടെ വീടുകളിലും പൂജാമുറിയിലിരുന്ന വിളക്കും കിണ്ടിയും പൂജാസാധനങ്ങളും നഷ്ടപ്പെട്ടു. തുടര്‍ന്ന് ആദിച്ചനല്ലൂര്‍ വില്ലേജ് ഓഫീസിനുസമീപം സജിതയുടെ വീട്ടിലും വില്ലേജ് ഓഫീസിനു സമീപത്തെ കാവിലും ഇത്തരത്തില്‍ മോഷണം നടന്നു. നിരവധി വീടുകളില്‍നിന്ന് ഇത്തരത്തില്‍ പൂജാവിളക്കുകളും മറ്റും മോഷണംപോയിട്ടുണ്ട്. വീടുകളുടെ മുന്‍വശത്തു െവച്ചിരിക്കുന്ന ഓട്ടുവിളക്കുകളും കാണാതായി. പലരും പൂജാമുറി പൂട്ടാത്തതും അവയെല്ലാം വീടിനോടുചേര്‍ന്ന് പുറത്താണെന്നതും മോഷ്ടാക്കള്‍ക്ക് സൗകര്യമാകുന്നു.
ഒന്നും രണ്ടും വിളക്കുകളുംമറ്റും മോഷണം പോയിട്ടുള്ള വീട്ടുകാര്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാത്തതും മോഷ്ടാക്കള്‍ക്ക് സഹായകമായി. കുണ്ടുമണ്‍ സ്‌കൂളിനുസമീപത്തെ ഒരുവീടിന്റെ ഗേറ്റ് എടുത്തുമാറ്റാുള്ള ശ്രമം വിജയിച്ചില്ല.
കഴിഞ്ഞദിവസം കുണ്ടുമണില്‍ ട്യൂഷന്‍ കഴിഞ്ഞ് റോഡരികിലൂടെ പോയ നാലാംക്ലാസുകാരനെ ബൈക്കിലെത്തിയ രണ്ടുപേര്‍ അടിച്ചുവീഴ്ത്തിയശേഷം കൈയിലുണ്ടായിരുന്ന വിലകൂടിയ ബാഗ് തട്ടിയെടുക്കുകയുണ്ടായി. സി.സി.ടി.വി.ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന് നല്‍കിയിട്ടും മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.
ലഹരി വില്പനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് മോഷണത്തിനുപിന്നിലെന്നും ഇവരെ പിടികൂടി നാട്ടിലെ ഭീതി അകറ്റണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു
ചാത്തന്നൂര്‍ : പാരിപ്പള്ളി വേളമാനൂര്‍ നെട്ടയത്ത് വഴിയാത്രക്കാരിയായ വയോധികയുടെ മാല മോഷ്ടാക്കള്‍ കവര്‍ന്നു. നെട്ടയം സ്വദേശിനി മന്‍സൂര്‍ മന്‍സിലില്‍ ജമീലാബീവി(74)യുടെ രണ്ടുപവന്റെ സ്വര്‍ണമാലയാണ് അപഹരിച്ചത്. തിങ്കളാഴ്ച രാവിലെ മകളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഇവരുടെ പിന്നാലെ നടന്നുവന്ന രണ്ടുയുവാക്കളാണ് മാലപൊട്ടിച്ച് ഓടിമറഞ്ഞത്. പാരിപ്പള്ളി പൊലീസ് അന്വേഷണമാരംഭിച്ചു.
Published: 09 Nov 2021, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented