കളമശ്ശേരിയില്‍ നാടിനെ നടുക്കിയ സ്ഫോടനം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിടുന്നു. ഒരാളുടെ മരണത്തിനും 36 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായത് ഐ.ഇ.ഡി( ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന ഹാളില്‍ ഐ.ഇ.ഡി.യുടെ സാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. 

To advertise here,

പേര് സൂചിപ്പിക്കുന്നത് പോലെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച്  തട്ടിക്കൂട്ടുന്ന സ്ഫോടകവസ്തുവായതിനാല്‍ 'ഹോംമേഡ് ബോംബ്' എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഇറാഖ് യുദ്ധകാലത്താണ് ഇത്തരം സ്ഫോടകവസ്തുക്കള്‍ക്ക് ഐ.ഇ.ഡി. എന്ന പ്രയോഗം സാധാരണയായി ഉപയോഗിച്ച് തുടങ്ങിയത്. ഗുണ്ടാസംഘങ്ങളും തീവ്രവാദസംഘങ്ങളും ചാവേറുകളും കലാപകാരികളുമാണ് ഐ.ഇ.ഡി. ഉപയോഗിച്ച് സ്ഫോടനങ്ങള്‍ നടത്താറുള്ളത്. പലവിധത്തില്‍, പലരൂപങ്ങളില്‍ ഐ.ഇ.ഡി. സ്ഫോടകവസ്തുക്കള്‍ അക്രമികള്‍ തയ്യാറാക്കാറുണ്ട്. പൈപ്പുകളിലും പാത്രങ്ങളിലും ടിഫിന്‍ ബോക്സുകളിലും പെട്ടികളിലും വാഹനങ്ങളിലും സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് ആക്രമണം നടത്തിയ സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ചാവര്‍ ആക്രമണം നടത്തുന്നവരും ഐ.ഇ.ഡി. ഉപയോഗിച്ച് സ്ഫോടനങ്ങള്‍ നടത്താറുണ്ട്. 

കണ്ടെയ്നറുകളില്‍ തയ്യാറാക്കുന്ന ഐ.ഇ.ഡി. വാഹനങ്ങള്‍ക്ക് നേരേ എറിഞ്ഞോ റോഡരികില്‍ ഒളിപ്പിച്ചുവെച്ചോ സ്ഫോടനം നടത്തുന്നതാണ് പൊതുവെയുള്ളരീതി. വാഹനങ്ങളില്‍ വന്‍തോതില്‍ സ്ഫോടകവസ്തുകള്‍ സ്ഥാപിച്ച് ആക്രമണം നടത്തിയ സംഭവങ്ങളുമുണ്ട്. 

ചെറിയ സ്ഫോടനം മുതല്‍ വന്‍ ആള്‍നാശത്തിന് കാരണമാകുന്ന സ്ഫോടനം വരെ ഐ.ഇ.ഡി. ഉപയോഗിച്ച് നടത്തിയ സംഭവങ്ങള്‍ ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്‌. സ്വിച്ച് / ട്രിഗര്‍, ബാറ്ററി, ഡിറ്റണേറ്റര്‍, സ്ഫോടകവസ്തു, കണ്ടെയ്നര്‍ അല്ലെങ്കില്‍ കെയ്സ് എന്നിവയാണ് ഐ.ഇ.ഡി.യുടെ പ്രധാനഭാഗങ്ങള്‍. ഇതില്‍ സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ളവയാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. സ്ഫോടനത്തിന് കൂടുതല്‍ ആഘാതമുണ്ടാകാനായി കണ്ടെയ്നര്‍ ബോംബില്‍ ആണികളും ബോള്‍ ബെയറിങ്ങുകളും സ്ഥാപിക്കാറുണ്ട്. റിമോട്ട് കണ്‍ട്രോള്‍ വഴിയും ഇന്‍ഫ്രാറെഡ് വഴിയുമെല്ലാം ട്രിഗര്‍ ചെയ്ത് ഐ.ഇ.ഡി. സ്ഫോടനങ്ങള്‍ നടത്താം. 

1995-ല്‍ ഒക്‌ലഹോമയില്‍ നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ ഐ.ഇ.ഡി.യാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ട്രക്കില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് നടത്തിയ ആക്രമണത്തില്‍ 169 പേരാണ് കൊല്ലപ്പെട്ടത്. 1996-ല്‍ അറ്റ്ലാന്റ ഒളിമ്പിക് പാര്‍ക്കില്‍ നടന്ന പൈപ്പ് ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 111 പേര്‍ക്ക് പരിക്കേറ്റു. 2004 മാര്‍ച്ചില്‍ സ്പെയിനിലെ മഡ്രിഡില്‍ ട്രെയിനുകളിലുണ്ടായ സ്ഫോടനത്തില്‍ 191 പേരാണ് കൊല്ലപ്പെട്ടത്. ട്രെയിനില്‍ ബാഗുകളിലായി സൂക്ഷിച്ച ബോംബ് ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 2005-ല്‍ ലണ്ടനില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 

ഇന്ത്യയില്‍ മാവോവാദികളാണ് ഐ.ഇ.ഡി. ഉപയോഗിച്ചുള്ള സ്ഫോടനങ്ങള്‍ കൂടുതലും നടത്തിയിരുന്നത്. ഭീകരസംഘടനകളും ഐ.ഇ.ഡി. ബോംബുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തി. കശ്മീരില്‍ പലതവണ ഐ.ഇ.ഡി. ബോംബ് സ്ഫോടനങ്ങളുണ്ടായി. 2019-ലെ പുല്‍വാമ ആക്രമണത്തില്‍ കാറില്‍ ഘടിപ്പിച്ച ഐ.ഇ.ഡി. ബോംബാണ് ഭീകരര്‍ ആള്‍നാശത്തിനായി ഉപയോഗിച്ചത്. ചാവേറായ ഭീകരന്‍ സൈനിക വാഹനവ്യൂഹത്തിന് നേരേ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച കാറോടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. 2016-ല്‍ പഠാന്‍കോട്ട് വ്യോമത്താവളത്തിന് നേരേ നടന്ന ആക്രമണത്തിലും ഐ.ഇ.ഡി. ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2013-ലെ ഹൈദരാബാദ് ഇരട്ടസ്ഫോടനം, 2014-ല്‍ ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലും ഐ.ഇ.ഡി.യായിരുന്നു പൊട്ടിത്തെറിച്ചത്.

അവലംബം:-

dhs.com
britannica.com
nacin.gov.in
wikipedia