ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ എംബിഎ വിദ്യാർഥിനിയായ പെൺസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടും കൂസലില്ലാതെ പ്രതി പീയുഷ് ധാംനോതിയ. ചൊവ്വാഴ്ച തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് യാതൊരു കുറ്റബോധവുമില്ലാതെ പ്രതി പെരുമാറിയത്. മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ മുഖംമറയ്ക്കാൻ പോലും ശ്രമിക്കാതെ പുഞ്ചിരിച്ചുകൊണ്ടാണ് ഇയാൾ നടന്നുനീങ്ങിയത്.

To advertise here,

സംഭവത്തേക്കുറിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ പുഞ്ചിരിച്ചുകൊണ്ടായിരുന്നു പ്രതിയുടെ മറുപടിയും. ''സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. അത് വിട്ടേക്കൂ. ഇനി ഇതെല്ലാം അറിഞ്ഞിട്ട് നിങ്ങൾ എന്തുചെയ്യാനാണ്'' എന്നായിരുന്നു പീയുഷിന്റെ ചോദ്യം. സമയമാകുമ്പോൾ താൻ എല്ലാം പറയാമെന്നും ഇയാൾ പ്രതികരിച്ചു.

ഇന്ദോറിലെ വാടകവീട്ടിൽവെച്ച് 24-കാരിയായ പെൺസുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പീയുഷിനെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നത്. സംഭവത്തിനുശേഷം ഇന്ദോറിൽനിന്ന് കടന്നുകളഞ്ഞ പ്രതിയെ ദിവസങ്ങൾക്കുശേഷം മുംബൈയിൽനിന്നാണ് പോലീസ് പിടികൂടിയത്. തുടർന്ന് ഇയാളെ ചോദ്യംചെയ്തതോടെയാണ് കൊടുംക്രൂരതയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽനിന്നിറങ്ങിയ 24-കാരിയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാവിലെ ജനനസർട്ടിഫിക്കറ്റ് ശരിയാക്കാനായി കളക്ടറേറ്റിലേക്കെന്ന് പറഞ്ഞാണ് വിദ്യാർഥിനി വീട്ടിൽനിന്ന് ഇറങ്ങിയത്. പിതാവ് തന്നെയാണ് പെൺകുട്ടിയെ കളക്ടറേറ്റിൽ കൊണ്ടുവിട്ടത്. എന്നാൽ, പിന്നീട് വിദ്യാർഥിനി സഹോദരിയെ ഫോണിൽ വിളിച്ചു. ആൺസുഹൃത്തായ പീയുഷിന്റെ ജന്മദിന പാർട്ടിക്ക് പോവുകയാണെന്നും വീട്ടിലെത്താൻ രാത്രി 11 മണിയാകുമെന്നുമാണ് പെൺകുട്ടി സഹോദരിയോട് പറഞ്ഞത്. പക്ഷേ, രാത്രി ഏറെ വൈകിയിട്ടും വിദ്യാർഥിനി വീട്ടിലെത്തിയില്ല. ഇതിനിടെ അർധരാത്രിയോടെ വിദ്യാർഥിനിയുടെ ഫോണിൽനിന്ന് സഹോദരിയുടെ ഫോണിലേക്ക് ഒരു സന്ദേശമെത്തി. 'ഇന്ന് വീട്ടിൽവരില്ലെന്ന് പപ്പയോട് പറഞ്ഞേക്കൂ' എന്നായിരുന്നു സന്ദേശം. പിന്നാലെ ഫോൺ സ്വിച്ച് ഓഫായി.

ഇതേസമയം, പെൺകുട്ടിയുടെ നമ്പറിൽനിന്ന് കോളേജിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ചില അശ്ലീലവീഡിയോകളും അയച്ചിരുന്നു. പീയുഷിനൊപ്പമുള്ള പെൺകുട്ടിയുടെ തന്നെ അശ്ലീലവീഡിയോകളാണ് ഗ്രൂപ്പിൽ പോസ്റ്റ്‌ചെയ്തത്. എന്നാൽ, വീഡിയോകളിൽ പീയുഷിന്റെ മുഖം മറച്ചനിലയിലായിരുന്നു. ഇതോടെ കോളേജ് അധ്യാപകർ തന്നെ ഗ്രൂപ്പിൽനിന്ന് വീഡിയോകൾ നീക്കംചെയ്തു. പെൺകുട്ടിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു.

അധ്യാപകരുടെ ഫോൺകോളിന് പിന്നാലെ പിതാവും കുടുംബവും പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ പീയുഷിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഇയാളുടെ ഫോണും സ്വിച്ച്ഓഫായിരുന്നു. ഇതോടെ കുടുംബം പോലീസിനെ സമീപിച്ചു. കുടുംബത്തിന്റെ നിരന്തരമുള്ള അഭ്യർഥന മാനിച്ച് പോലീസ് ഉദ്യോഗസ്ഥർ പീയുഷിന്റെ വീട്ടിലെത്തി. എന്നാൽ, വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വീട്ടുടമയോട് വിവരം തിരക്കി പോലീസ് സംഘം മടങ്ങുകയുംചെയ്തു.

വീട്ടിൽനിന്ന് ദുർഗന്ധം, അകത്ത് മൃതദേഹം...

രണ്ടുദിവസത്തിന് ശേഷം പീയുഷിന്റെ വാടകവീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് എംബിഎ വിദ്യാർഥിനിയുടെ കൊലപാതകം പുറംലോകമറിഞ്ഞത്. പൂട്ടിയിട്ട വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് നഗ്നമായനിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായതിനാൽ വിദ്യാർഥിനി ധരിച്ച സോക്‌സ് കണ്ടാണ് പിതാവ് മൃതദേഹം തിരിച്ചറിഞ്ഞത്.

പ്രാഥമിക പരിശോധനയിൽതന്നെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തി. സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോൾ പീയുഷ് പെൺകുട്ടിയുമായി വീട്ടിലേക്ക് വരുന്നതിന്റെയും പിന്നീട് ഇയാൾ ഒരു ബാഗുമായി തനിച്ച് തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെടുത്തു.

മുംബൈയിൽ കുടുങ്ങി...

കൃത്യംനടത്തിയ ശേഷം ഇന്ദോറിൽനിന്ന് മുങ്ങിയ പീയുഷ് മുംബൈയിലേക്കാണ് രക്ഷപ്പെട്ടത്. ഇതിനിടെ പ്രതി പെൺകുട്ടിയുടെ മൊബൈൽഫോൺ നശിപ്പിച്ചിരുന്നു. അതേസമയം, പൻവേലിലെ ഒരു ഹോട്ടലിൽവെച്ച് പ്രതി യൂട്യൂബിൽ ചില വീഡിയോകൾ കണ്ടതായി പോലീസ് കണ്ടെത്തി. തുടർന്ന് മുംബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൃതദേഹത്തെയും ലൈംഗികമായി ഉപദ്രവിച്ചു....

പെൺകുട്ടിയെ വാടകവീട്ടിലേക്ക് കൊണ്ടുവന്ന പീയുഷ്, ലൈംഗികബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഒഴിഞ്ഞുമാറി. ഇതോടെ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കയർ ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ട് നിലത്തുകിടത്തി. കണ്ണുകളും മൂടിക്കെട്ടി. 'ഒരുസമ്മാനം' നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ നെഞ്ചിൽ കയറിയിരുന്നു. പെൺകുട്ടി എതിർത്തപ്പോൾ വായിൽ തുണിതിരുകി. തുടർന്ന് ബോധരഹിതയാകുന്നത് വരെ ശ്വാസംമുട്ടിച്ചു. പെൺകുട്ടി മരിച്ചെന്ന് മനസിലാകാതെ പ്രതി വീണ്ടും അതിക്രമം തുടർന്നു. കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തി. ആക്രമണത്തിന്റെ കത്തി ഒടിഞ്ഞുപോയി.

പെൺകുട്ടിയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി പുറത്തുപോയി ബിയർ വാങ്ങിച്ച് തിരികെയെത്തി. തുടർന്ന് ഏറെനേരം മൃതദേഹത്തിനരികെ ഇരുന്നു. മൃതദേഹത്തിനരികെ ഇരുന്ന് മദ്യപിച്ചു. തുടർന്ന് മൃതദേഹത്തെയും ലൈംഗികമായി ഉപദ്രവിച്ചു. ഇതിനുശേഷം വസ്ത്രങ്ങൾ നീക്കി പെൺകുട്ടിയുടെ മൃതദേഹം നഗ്നമാക്കിയെന്നും പോലീസ് പറഞ്ഞു.

ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമം...

കൊലപാതകത്തിന് ശേഷം പ്രതിതന്നെയാണ് പെൺകുട്ടിയുടെ ഫോണിൽനിന്ന് സ്വകാര്യവീഡിയോകൾ പ്രചരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മുംബൈയിലേക്ക് മുങ്ങിയ പ്രതി പൻവേലിലെ ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്. ഇവിടെവെച്ച് ദുർമന്ത്രവാദത്തിന് ശ്രമിച്ചതായും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആത്മാവിനെ വിളിച്ചുവരുത്താനായിരുന്നു പ്രതിയുടെ ആഗ്രഹം. ഇതിനായി ഇത്തരത്തിലുള്ള ചില യൂട്യൂബ് വീഡിയോകൾ പ്രതി കണ്ടിരുന്നതായും പോലീസ് പറഞ്ഞു.

അതേസമയം, പെൺസുഹൃത്ത് തന്നോട് അകലം പാലിച്ചതും രണ്ടാഴ്ചയോളം മിണ്ടാതിരുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിയായ പീയുഷിന്റെ മൊഴി. ഡേറ്റിങ് ആപ്പിൽ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചിരുന്നതായും ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പീയുഷിന്റെ ഇത്തരം മൊഴികളെല്ലാം പരസ്പരവിരുദ്ധമാണെന്നും ഇയാൾ മൊഴി മാറ്റിപ്പറയുകയാണെന്നും അന്വേഷണസംഘം പ്രതികരിച്ചു.