
വെള്ളമുണ്ട(വയനാട്): വിതരണത്തിനെത്തിച്ച 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കാണാതായ സംഭവത്തിൽ റേഷൻകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. 257 ചാക്ക് ധാന്യം റേഷൻകടയിൽനിന്ന് മോഷണം പോയെന്ന് പ്രചരിപ്പിച്ച് കബളിപ്പിച്ച കേസിലാണ് വാരാമ്പറ്റ വാഴയിൽ അഷ്‌റഫ് (45) അറസ്റ്റിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ജനുവരി 23-നാണ് കേസിനാസ്പദമായ സംഭവം. റേഷൻകടയുടെ പൂട്ടുപൊളിച്ച് ഷട്ടർ ഉയർത്തി ധാന്യംനിറച്ച ചാക്കുകൾ കടത്തിക്കൊണ്ടുപോയെന്നാണ് അഷ്‌റഫ് കള്ളക്കഥയുണ്ടാക്കിയത്. ഇയാൾതന്നെ വെള്ളമുണ്ട പോലീസിൽ പരാതിയും നൽകി. എന്നാൽ ഇത്രയധികം ധാന്യച്ചാക്കുകൾ ഒറ്റ രാത്രികൊണ്ടു കളവുപോയെന്ന കഥ തുടക്കംമുതൽ ആരും വിശ്വസിച്ചിരുന്നില്ല.
വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. കടയുടമയെ പോലീസ് ചോദ്യം ചെയ്തെങ്കിലും മോഷണക്കഥ ആവർത്തിച്ച് കേസന്വേഷണത്തെ വഴി തിരിച്ചുവിടാനാണ് ഇയാൾ ശ്രമിച്ചത്.
വാഹനങ്ങൾ കേന്ദ്രീകരിച്ചും സി.സി.ടി.വി.കൾ നിരീക്ഷിച്ചും അന്വേഷണം ഊർജിതമാക്കിയപ്പോൾ മോഷണം കെട്ടുകഥയാണെന്ന് പോലീസ് ഉറപ്പിച്ചു. പിന്നീടുള്ള ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തൊണ്ടിമുതൽ കണ്ടെടുക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. ധാന്യ അട്ടിമറിക്കും ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചതിനുമാണ് ഇയാളുടെപേരിൽ കേസെടുത്തത്.
സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള മൊതക്കരയിലെ എ.ആർ.ഡി. മൂന്ന് റേഷൻകടയുടെ ലൈസൻസ് ജില്ലാ സപ്ലൈ ഓഫീസർ സസ്പെൻഡ് ചെയ്തു. രണ്ടു മുറികളിലായാണ് റേഷൻകടയിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. പ്രധാന മുറിയിലെ അഞ്ചുചാക്ക് ഒഴികെ 257 ചാക്ക് ധാന്യങ്ങൾ സ്റ്റോക്കിൽ കുറവുണ്ട്. 127 ക്വിന്റൽ ധാന്യങ്ങളാണ് ഇവിടെനിന്ന് പലപ്പോഴായി കുറവു വന്നത്.
Content Highlights: fake story on Ration shop, store theft, owner arrested, vellamunda Wayanad
Published: 18 Feb 2020, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented