പട്ന: ജെഡിയുവിന്റെ ശക്തന്, പട്നയ്ക്ക് സമീപത്തെ മൊകാമ എന്ന പ്രദേശത്തെ രണ്ടു പതിറ്റാണ്ടായി നിയന്ത്രിക്കുന്നയാള്. ഒടുവില് അനന്ത് കുമാര് സിങ് എന്ന 'ബിഹാര് ബാഹുബലി' കൊലക്കേസില് അഴിക്കുള്ളിലായിരിക്കുകയാണ്. ജന് സുരാജ് പാര്ട്ടി പ്രവര്ത്തകനായ ദുലാര് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 'ഛോട്ടേ സര്ക്കാര്' എന്ന് വിളിക്കുന്ന അനന്ത് സിങ്ങിനെ പോലീസ് ഞായറാഴ്ച അറസ്റ്റ്ചെയ്തത്. ഇയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൊകാമ നിയോജകമണ്ഡലത്തില് ഇത്തവണത്തെ ജെഡിയു സ്ഥാനാര്ഥിയാണ് അനന്ത് സിങ്. രണ്ട് പതിറ്റാണ്ടിലേറെയായി മൊകാമയെ നിയന്ത്രിക്കുന്ന അതിശക്തനായ നേതാവ്. പാര്ട്ടി ഏതായാലും മത്സരിച്ചാല് അനന്ത് സിങ് വിജയിക്കുമെന്ന് നാട്ടുകാര്ക്ക് തീര്ച്ച. അതിനാല് തന്നെ ആര്ജെഡിയിലും ജെഡിയുവിലും സ്വതന്ത്രനായുമെല്ലാം അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി. പാര്ട്ടിയും മുദ്രാവാക്യങ്ങളും ഇടയ്ക്കിടെ മാറിയെങ്കിലും വിജയം എപ്പോഴും അനന്ത് സിങ്ങിനൊപ്പമായിരുന്നു.
ബിഹാര് രാഷ്ട്രീയത്തിനൊപ്പം ഏറെ കുപ്രസിദ്ധമാണ് അതിനൊപ്പം വളര്ന്ന ബിഹാറിലെ കുറ്റകൃത്യങ്ങളും. അനന്ത് സിങ്ങും ഇക്കാര്യത്തില് വ്യത്യസ്തമായിരുന്നില്ല. കൊലപാതകം, തട്ടിക്കൊണ്ടുപോകാല്, ക്രിമിനല് ഗൂഢാലോചന, മോഷണം തുടങ്ങി 28 ക്രിമിനല്ക്കേസുകളില് പ്രതിയാണ് അനന്ത് സിങ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു കൊലക്കേസില് കൂടി ഉള്പ്പെട്ടിരിക്കുന്നത്.
വെളുപ്പ് നിറത്തിലുള്ള വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ചാണ് അനന്ത് സിങ് പൊതുയിടങ്ങളില് പ്രത്യക്ഷപ്പെടാറുള്ളത്. ഏകദേശം 50 കോടിയുടെ ആസ്തിയുണ്ട്. ടൊയോട്ട ലാന്ഡ് ക്രൂയിസര്, ഫോര്ച്യൂണര് എന്നിങ്ങനെയുള്ള വാഹനങ്ങളും സ്വന്തമായിട്ടുണ്ട്. ഇതിനുപുറമേ ആനയും കുതിരയും കന്നുകാലികളും അനന്ത് സിങ്ങിന്റെ സമ്പാദ്യത്തില് ഉള്പ്പെടുന്നു. നിലവിലെ മൊകാമ എംഎല്എയും ഭാര്യയുമായ നീലം ദേവിയുടെ പേരില് 62.72 കോടി രൂപയുടെ ആസ്തികളാണുള്ളത്.
മൊകാമയിലെ 'സര്ക്കാര്' ആയ അനന്ത് സിങ് 2005-ലാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. 2005-ല് ജെഡിയു എംഎല്എയായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 2010-ലും വിജയം ആവര്ത്തിച്ചു. 2015-ല് നിതീഷ് കുമാര് ലാലുപ്രസാദ് യാദവിന്റെ ആര്ജെഡിയുമായി കൈകോര്ത്തതോടെ ഇതില് പ്രതിഷേധിച്ച് അനന്ത് സിങ് ജെഡിയു വിട്ടു. 2015-ല് സ്വതന്ത്രനായിട്ടായിരുന്നു അനന്ത് സിങ് ജനവിധി തേടിയത്. തിരഞ്ഞെടുപ്പില് ജെഡിയു സ്ഥാനാര്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം നിയമസഭയിലെത്തുകയുംചെയ്തു.
എന്നാല്, 2020-ല് അനന്ത് സിങ് ആര്ജെഡിയിലെത്തി. നിതീഷ് കുമാറും ലാലുപ്രസാദും സഖ്യം അവസാനിപ്പിച്ചതോടെ ബിഹാര് രാഷ്ട്രീയം കലങ്ങിമറിഞ്ഞ കാലമായിരുന്നു അത്. എന്നാല്, ജയിലില്നിന്ന് മത്സരിച്ചിട്ടും മൊകാമയില് വിജയം അനന്ത് സിങ്ങിന് തന്നെയായിരുന്നു. അങ്ങനെ ആര്ജെഡി എംഎല്എയായി 'ഛോട്ടെ സര്ക്കാര്' വീണ്ടും നിയമസഭയിലെത്തി. പക്ഷേ, 2022-ല് എകെ-47 തോക്കുകള് അടക്കമുള്ള ആയുധങ്ങള് കൈവശംവെച്ച കേസില് കോടതി പത്തുവര്ഷത്തെ തടവിന് ശിക്ഷിച്ചതോടെ അനന്ത് സിങ് അയോഗ്യനായി. നിയമസഭാംഗത്വം നഷ്ടപ്പെട്ടു. എന്നാല്, അതേവര്ഷം തന്നെ ഉപതിരഞ്ഞെടുപ്പില് ആര്ജെഡി സ്ഥാനാര്ഥിയായി ഭാര്യ നീലംദേവിയെ അദ്ദേഹം കളത്തിലിറക്കി. അനന്ത് സിങ്ങിന് പകരം അങ്ങനെ നീലംദേവി നിയമസഭയിലെത്തി. 2024-ല് നീലംദേവി ജെഡിയുവിലെത്തി. ഇതേവര്ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പില് ജെഡിയും സ്ഥാനാര്ഥിയുടെ പ്രചാരണത്തിനായി അനന്ത് സിങ് 15 ദിവസത്തെ പരോളില് പുറത്തിറങ്ങിയതും അന്ന് വലിയ വാര്ത്തയായിരുന്നു. പിന്നീട് 2024 ഓഗസ്റ്റില് ആയുധം കൈവശവെച്ച കേസില് അനന്ത് സിങ്ങിനെ പട്ന ഹൈക്കോടതി കുറ്റവിമുക്തനാക്കി.
2025-ല് ജെഡിയുവില്, വഴിത്തിരിവായി കൊലക്കേസ്...
2025-ലെ ബിഹാര് നിയമസഭ തിരഞ്ഞെടുപ്പില് മൊകാമ മണ്ഡലത്തില് ജെഡിയു സ്ഥാനാര്ഥിയാണ് അനന്ത് സിങ്. എന്നാല്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ബിഹാര് രാഷ്ട്രീയത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ജന് സുരാജ് പാര്ട്ടി പ്രവര്ത്തകനും 90-കളില് മൊകാമയിലെ ശക്തനായ നേതാവുമായിരുന്ന ദുലാര്ചന്ദ് യാദവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില് ജെഡിയു സ്ഥാനാര്ഥി അനന്ത് സിങ്ങും കൂട്ടാളികളുമാണെന്നാണ് പരാതി. അതേസമയം, കൊലപാതകത്തില് തനിക്ക് പങ്കില്ലെന്നും സംഭവം നടക്കുമ്പോള് താന് അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് അനന്ത് സിങ്ങിന്റെ വാദം. ആര്ജെഡി സ്ഥാനാര്ഥിയായ വീണാ ദേവിയുടെ ഭര്ത്താവായ 'ദാദാ' എന്നറിയപ്പെടുന്ന സുരാജ് ഭാന് സിങ് ആണ് കൊലപാതകത്തിന് പിന്നിലെന്നും അനന്ത് സിങ് ആരോപിക്കുന്നു.
Content Highlights: Anant Singh, the powerful `Bahubali` leader of Mokama, Bihar, has been arrested in connection with a murder case. Explore his controversial political career and criminal history.
Published: 02 Nov 2025, 12:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented