പട്ന: ജന് സുരാജ് പ്രവര്ത്തകന്റെ കൊലപാതകത്തില് ജെഡിയു സ്ഥാനാര്ഥിയും മുന് എംഎല്എയുമായ അനന്ത് സിങ് അറസ്റ്റില്. ഞായറാഴ്ച പുലര്ച്ചെയാണ് അനന്ത് സിങ്ങിനെ ബാര്ഹിലെ വീട്ടില്നിന്ന് പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളുടെ കൂട്ടാളികളായ മണികാന്ത് ഠാക്കൂര്, രഞ്ജീത് റാം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ജന് സുരാജ് പ്രവര്ത്തകനായ ദുലാര് ചന്ദ് യാദവ് കൊല്ലപ്പെട്ടത്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന് സുരാജ് പാര്ട്ടി സ്ഥാനാര്ഥിയുമായ പ്രിയദര്ശി പീയുഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില് ദുലാര് ചന്ദ് യാദവ് പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.
അതേസമയം, യാദവും ജെഡിയു പ്രവര്ത്തകരും തമ്മില് തര്ക്കമുണ്ടായ സമയത്ത് താന് സ്ഥലത്തില്ലായിരുന്നെന്നും ഒരുപാട് ദൂരെയായിരുന്നുവെന്നുമാണ് അനന്ത് സിങ്ങിന്റെ വാദം. എന്താണ് സംഭവിച്ചതെന്ന് പോലും തനിക്കറിയില്ല. യാദവിന്റെ കൂട്ടാളികള് വാഹനങ്ങള് തകര്ത്തതായി തന്റെ പ്രവര്ത്തകര് പരാതിപ്പെട്ടിരുന്നു. സംഭവത്തില് ആര്ജെഡി സ്ഥാനാര്ഥിയായ വീണാ ദേവിയുടെ ഭര്ത്താവ് സുരാജ് ഭാന് പങ്കുണ്ടെന്നും അനന്ത് സിങ് ആരോപിച്ചു. തന്റെ പ്രതിച്ഛായ മോശമാക്കാനായി സുരാജ് ഭാന് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അനന്ത് സിങ് പറഞ്ഞു.
ബാഹുബലി അനന്ത് സിങ് എന്ന് വിളിക്കുന്ന അനന്ത് സിങ്ങിനെ 'ഛോട്ടേ സര്ക്കാര്' എന്നാണ് ആളുകള് വിശേഷിപ്പിക്കുന്നത്. 2020-ല് മൊകാമ മണ്ഡലത്തില് ആര്ജെഡി സ്ഥാനാര്ഥിയായി മത്സരിച്ച് വിജയിച്ചയാളാണ് അനന്ത് സിങ്. എന്നാല്, 2022-ല് ക്രിമിനല്ക്കേസില് ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായി. തുടര്ന്ന് ഉപതിരഞ്ഞെടുപ്പില് അനന്ത് സിങ്ങിന്റെ ഭാര്യ നീലം ദേവി മണ്ഡലത്തില്നിന്ന് എംഎല്എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ജെഡിയു സ്ഥാനാര്ഥിയായി മൊകാമയില് മത്സരിക്കുന്നത് അനന്ത് സിങ്ങാണ്. ഇതിനിടെയാണ് ജന് സുരാജ് പ്രവര്ത്തകനായ ദുലാര് ചന്ദ് യാദവിന്റെ കൊലപാതകമുണ്ടായത്.
Published: 02 Nov 2025, 09:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented