കുമളി: വീട് നിർമിക്കാൻ സ്വരുക്കൂട്ടിയ പണമെടുത്ത് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായി. നഷ്ടമായ തുക കണ്ടെത്താൻ മോഷണം നടത്തിയ യുവാവ് പിടിയിൽ.വണ്ടിപ്പെരിയാർ പുതുക്കാട് പുതുലയം സ്വദേശി യാക്കോബാണ് പിടിയിലായത്. വണ്ടിപ്പെരിയാർ മഞ്ചുമലയിൽ മൂന്നുപവൻ സ്വർണം മോഷണംപോയെന്ന പരാതി കഴിഞ്ഞദിവസം പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു. ഇതോടെ പ്രദേശത്തെ അഞ്ചുവീടുകളിൽനിന്നായി സ്വർണം മോഷണം പോയതായുള്ള പരാതികൾക്കൂടി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ സംശയം തോന്നിയവരുടെ പേരുകൾ പറഞ്ഞു.

To advertise here,

ഇവരെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നതിനിടെ യാക്കോബ് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ ഇയാളാണെന്ന് കണ്ടെത്തുകയായിരുന്നു.വീടുപണിക്ക് കരുതിയിരുന്ന ഒന്നരലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടതോടെ ഈ തുക കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

ആൾ താമസമില്ലാത്ത വീടിന്റെ വെളിയിൽവെച്ചിരുന്ന താക്കോൽ എടുത്ത് വീടിനുള്ളിലെ അലമാര തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചശേഷം തിരികെ അതേ സ്ഥലത്തുതന്നെ താക്കോൽ വെച്ചതോടെ സ്വർണം മോഷണം പോയത് ആളുകൾ അറിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഒൻപത് പവനോളം മോഷ്ടിച്ചത്. വണ്ടിപ്പെരിയാർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സാം ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.