കൊട്ടാരക്കര: ‘പുതപ്പിനടിയിൽ അവൾ പീഡിപ്പിക്കപ്പെടുകയാണെന്നറിഞ്ഞ നിമിഷം പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചാടിയെഴുന്നേറ്റ്‌ കുഞ്ഞിനെ പിടിച്ചെടുത്തു. അയാൾക്ക് മുഖമടച്ച് ഒരെണ്ണം കൊടുത്തു’ – ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി സാനിഷിനെ കൈയോടെ പിടികൂടിയ കൊട്ടാരക്കര കോട്ടാത്തല വയലിക്കട വീണാഭവനത്തിൽ വീണ(33)യുടെ വാക്കുകളിൽ ഇപ്പോഴും ആ രംഗങ്ങൾ നിഴലിക്കുന്നു.

To advertise here,

പേടിയോടെ പകച്ചുനിൽക്കുന്ന കുഞ്ഞിന്റെ മുഖം കൺമുന്നിൽനിന്നു മായുന്നില്ല. തിരുനെൽവേലിയിലെ കണ്ണാശുപത്രിയിലേക്കു പോകാനാണ് അമ്മയോടൊപ്പം രാത്രി 11.30-ന് വീണ കൊട്ടാരക്കരയിൽനിന്ന് പാലരുവി എക്സ്പ്രസിൽ കയറിയത്. അടുത്തിരിക്കാൻ അക്രമി ക്ഷണിച്ചെങ്കിലും എതിർവശത്താണ് ഇരുന്നത്.

രാത്രിയിലെപ്പോഴോ കാലിൽ സ്പർശിക്കുന്നുവെന്നു തോന്നിയപ്പോഴാണ് കണ്ണു തുറന്നത്. ഒന്നുമറിയാത്തതുപോലെ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. ആവർത്തിച്ചപ്പോൾ താക്കീതുനൽകി. എല്ലാവരും മയക്കത്തിലാണെന്നുറപ്പായപ്പോഴാണ് മുത്തച്ഛനൊപ്പം നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെ പുതപ്പോടെ അയാൾ എടുത്തുകൊണ്ടുവന്നത്.

സ്വന്തം കുഞ്ഞാണെന്നു ബോധ്യപ്പെടുത്താൻ അതിനെ താലോലിച്ചു. കുഞ്ഞ് അയാളുടേതാണോയെന്നറിയാൻ അടുത്തിരുന്ന തമിഴ്‌നാട് സ്വദേശിയോടു ചോദിച്ചു. അല്ലെന്നറിഞ്ഞതോടെ അക്രമിയറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പുതപ്പുകൊണ്ട് വലതു കൈയും കുഞ്ഞിനെയും മറച്ച് ഉറങ്ങുന്നതുപോലെ നടിച്ച അയാൾ, പുതപ്പിനടിയിൽ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.

ഉറക്കത്തിലും കുഞ്ഞ് തിരിയുകയും മറിയുകയും ചെയ്തു. അയാളുടെ ബാഗിൽ ആയുധമുണ്ടാകുമെന്നു ഭയന്നെങ്കിലും പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അടുത്ത സ്റ്റേഷനിൽ കുഞ്ഞുമായി ഇറങ്ങി അയാൾ കടന്നേനെ. ബഹളംകേട്ട് ഉണർന്നെത്തിയവരെല്ലാം അക്രമിയെ കൈകാര്യംചെയ്യാൻ തയ്യാറായി. അടുത്ത സ്റ്റേഷനിലെത്തിയപ്പോഴേക്കും പോലീസെത്തി അക്രമിയെ കൊണ്ടുപോയി.

ഇനിയൊരിക്കലും അയാൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്. ഇത്തരക്കാർക്ക് വധശിക്ഷ നൽകണം. കേസിന്റെ ഭാഗമായി എവിടെവേണമെങ്കിലും പോയി മൊഴിനൽകാൻ തയ്യാറാണെന്നും മേക്കപ്പ് ആർട്ടിസ്റ്റായ വീണയും അമ്മ ശ്രീദേവിയും പറയുന്നു. നർത്തകികൂടിയാണ് വീണ. ഭർത്താവ് സോബിനും (അയർലൻഡ്) മകൻ അശ്വിനും അടങ്ങുന്നതാണ് കുടുംബം.

പ്രതികരണം അത്‌ സ്പോട്ടിലാകണം

ആറുമാസം മുൻപ്‌ ഗുരുവായൂരിലേക്കുള്ള ട്രെയിൻയാത്രയ്ക്കിടെ എതിർ സീറ്റിലിരിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയയാളെ വീണ കൈയോടെ പിടികൂടി പോലീസിൽ എല്പിച്ചു. പെൺകുട്ടികളുടെ ബന്ധുക്കൾ കേസ് നൽകാൻ മടിച്ചതിനാൽ തുടർനടപടികളുണ്ടായില്ല. യഥാസമയം പ്രതികരിച്ചില്ലെങ്കിൽ കാര്യമില്ലെന്നാണ്‌ വീണയുടെ പക്ഷം.

സുരക്ഷ ഉറപ്പാക്കണം

ട്രെയിനിൽ സുരക്ഷ ശക്തമാക്കണം. വനിതാ കമ്പാർട്ട്‌മെന്റുകളുടെ എണ്ണം കൂട്ടുകയും ഓരോ ബോഗിയിലും സുരക്ഷാജീവനക്കാരെ നിയമിക്കുകയും വേണം. ആറുവയസ്സുകാരിയെ പീഡിപ്പിച്ച അക്രമി, കൊല്ലത്ത് ഇറച്ചിവെട്ടുതൊഴിലാളിയാണ്.

ഇയാൾ സ്ഥിരം ട്രെയിനിൽ യാത്രചെയ്ത് അക്രമം നടത്തുന്നയാളാണെന്ന് പോലീസ് പറയുന്നു. കുട്ടികളെ ആദ്യമായാണ് ഉപദ്രവിക്കുന്നതെന്ന് ഇയാൾ പറഞ്ഞെങ്കിലും വിശ്വസിക്കാൻ കഴിയില്ലെന്നും സ്ഥിരം ക്രിമിനലുകളാണ് ഇത്തരക്കാരെന്നും വീണ പറയുന്നു.