തിരുവനന്തപുരം: കാര്യവട്ടം-തൃപ്പാദപുരം റോഡിലൂടെ നടന്നുപോയ വിദ്യാർഥിനിയെ ബൈക്കിലെത്തി അപമാനിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. കേരള സർവകലാശാല കാംപസിലെ വിദ്യാർഥിനിക്കാണ് തിക്താനുഭവമുണ്ടായത്. ബൈക്കിന്റെ വേഗത കുറച്ചെത്തി പിന്നിൽ അടിച്ചിട്ട് കടന്നുപോവുകയായിരുന്നു. വിദ്യാർഥിനി പോലീസിൽ അറിയിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോയില്ല.
നടന്നുപോകുന്നവരെ പിന്നാലെയെത്തി പേടിപ്പിക്കുന്നത് ഈ പ്രദേശത്ത് പതിവാണ്. ബസ് സ്റ്റോപ്പിൽ അശ്ലീലച്ചുവയുള്ള വാക്കുകളും ആംഗ്യങ്ങളുമൊക്കെയായി സമൂഹവിരുദ്ധർ സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്.
ഇരുട്ടായാൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കഴക്കൂട്ടവും പരിസരപ്രദേശവും. കേരള സർവകലാശാല കാംപസിലെ വിദ്യാർഥിനികൾക്കും ടെക്‌നോപാർക്കിലെ വനിതാ ജീവനക്കാർക്കും സഞ്ചാരസ്വാതന്ത്ര്യമില്ലാതായി. തുടർച്ചയായുണ്ടായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ യൂണിവേഴ്‌സിറ്റി അധികൃതർ ഇടപെട്ട് വഴിവിളക്കുകൾ സ്ഥാപിച്ചു. അതിനുശേഷമാണ് പെൺകുട്ടിക്കുനേരേ അക്രമമുണ്ടായത്.
ടെക്‌നോപാർക്കിന്റെ പിൻവശത്തെ ഗേറ്റും ഈ ഭാഗത്താണ്. രാത്രി വൈകി ജോലി കഴിഞ്ഞ് ജീവനക്കാർ പോകുന്ന വഴിയാണിത്. സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തതിനാൽ അക്രമികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. രാത്രിനിരീക്ഷണംകൂടി സാധ്യമാകുന്ന രീതിയിലുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് പോലീസ് പറയുന്നത്.
ടെക്‌നോപാർക്ക്, കേരള സർവകലാശാല കാംപസ്, കാര്യവട്ടം ഗവ. കോളേജ്, ലക്ഷ്മിഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും കഴക്കൂട്ടത്തും പരിസരത്തുമായി കാര്യവട്ടം, അമ്പലത്തിൻകര എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്നുണ്ട്.
പഠനത്തിനും തൊഴിൽസംബന്ധമായ ആവശ്യങ്ങൾക്കുമായി ഒട്ടേറെ സ്ത്രീകൾ താമസിക്കുന്നുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനകത്ത് പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററിലേക്ക് എത്താൻ കഷ്ടപ്പാടാണ്. പ്രധാന റോഡിൽനിന്നു സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ പലയിടത്തും വഴിവിളക്കുകൾ പ്രവർത്തനക്ഷമമല്ല.
കാര്യവട്ടം കാംപസിന്റെ ഹോസ്റ്റൽ ഗേറ്റിനുശേഷമുള്ള ഭാഗത്ത് നടപ്പാതയ്ക്കും വളരെ പിന്നിലായാണ് വഴിവിളക്കുകളുള്ളത്. അതിനാൽ റോഡിൽ വേണ്ടത്ര വെളിച്ചമില്ല. കഴക്കൂട്ടം ജങ്ഷൻ കഴിഞ്ഞ് ടെക്‌നോപാർക്ക് ഫേസ് വൺ വരെയുള്ള ഭാഗം രാത്രിയിൽ വിജനമായിരിക്കും. രാത്രിസമയത്ത് തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും ഇടറോഡുകളിലുമാണ് ഇത്തരക്കാരുടെ ശല്യം കൂടുതൽ. നടന്നുപോകുന്ന സ്ത്രീകളെ ഒറ്റയ്‌ക്കോ കൂട്ടമായോ പിൻതുടരാറുമുണ്ട്.
കഴക്കൂട്ടം ജങ്ഷനിലും പരിസരപ്രദേശങ്ങളിലുമെല്ലാം പതിവായി പോലീസ് പട്രോളിങ് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.
Content Highlights: woman is not secure in kazhakkoottam
Published: 29 Jul 2024, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented