ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ഇരട്ടക്കൊലപാതകക്കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായിരിക്കുകയാണ്. മുന്‍ കാമുകനും 35-കാരനുമായ എഡ്വാര്‍ഡ് ജേക്കബ്സിനെയും ജേക്കബിന്റെ സുഹൃത്തായ 33-കാരി അനസ്‌തേസ്യ എറ്റിയെയുമാണ് ആലിയ കൊലപ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം. 

To advertise here,

നവംബര്‍ രണ്ടിനാണ് കൊലപാതകം നടന്നത്. ജേക്കബ്സും സുഹൃത്തും താമസിക്കുന്ന ഗ്യാരേജ് കെട്ടിടത്തിലെത്തിയ ആലിയ 'ഇന്ന് നിങ്ങളെല്ലാം മരിക്കാന്‍ പോവുകയാണെന്ന്' പറഞ്ഞ് തീയിടുകയായിരുന്നു. കെട്ടിടത്തിന് മുകള്‍നിലയില്‍ താമസിച്ചിരുന്ന ജേക്കബ്സ് സംഭവസമയം ഉറങ്ങുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് അനസ്‌തേസ്യ മുകള്‍നിലയില്‍നിന്ന് താഴേക്ക് വന്നെങ്കിലും ഉറങ്ങുകയായിരുന്ന ജേക്കബ്സിനെ രക്ഷിക്കാനായി വീണ്ടും മുകളിലേക്ക് പോയി. എന്നാല്‍, അതിനകം കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്ന് ഇരുവരും കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരണം സംഭവിക്കുകയുമായിരുന്നു. 

ഒരുവര്‍ഷം മുന്‍പ് ജേക്കബ്സ് ആലിയയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സൗഹൃദത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജേക്കബ്സിന്റെ വീടിന് തീയിടുമെന്ന് യുവതി നേരത്തെ ഭീഷണിപ്പെടുത്തിയതായി സാക്ഷിമൊഴികളുമുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് നര്‍ഗീസ് ഫക്രി ഇതുവരെ പ്രതികരണങ്ങൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി ആലിയയുമായി നര്‍ഗീസിന് യാതൊരു ബന്ധവുമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

placeholder
aliya fakhri case
തീയിട്ട് നശിപ്പിച്ച ഗ്യാരേജ്/ കൊല്ലപ്പെട്ട ജേക്കബ്‌സും അനസ്‌തേസ്യയും | Photo: X

അതേസമയം ഇരുവരുടേയും മാതാവ് മേരി ഫക്രി പ്രതികരണവുമായെത്തി. മകള്‍ ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാവരേയും സഹായിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന വ്യക്തിയാണ് ആലിയയെന്നും മേരി വ്യക്തമാക്കി. ഗുരുതരമായ ദന്തരോഗമുണ്ടായതിനുശേഷം ആലിയ മയക്കുമരുന്നായ ഒപിയോഡിന് അടിമപ്പെട്ടിരുന്നുവെന്നും അത് ആലിയയുടെ പെരുമാറ്റത്തില്‍ ഒരുപാട് മാറ്റം വരുത്തിയിരുന്നുവെന്നും മേരി കൂട്ടിച്ചേര്‍ക്കുന്നു.

ആലിയയ്‌ക്കെതിരെ പ്രതികരണവുമായി ജേക്കബ്‌സിന്റെ മാതാവ് ജാനറ്റും രംഗത്തെത്തി. തന്റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും എന്നാല്‍ ആലിയ അത് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ജാനറ്റ് പറയുന്നു. മകനെ ആലിയ നിരന്തരം ശല്ല്യം ചെയ്തിരുന്നുവെന്നും ജാനറ്റ് ആരോപിച്ചു. ഗ്യാരേജിലെ പ്ലംബിങ് ജോലികള്‍ പൂര്‍ത്തായാക്കാനുണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ടാണ് മകന്‍ അവിടെ താമസിച്ചിരുന്നതെന്നും ജാനറ്റ് വ്യക്തമാക്കി. 

43-കാരിയ ആലിയ നര്‍ഗീസിന്റെ ഇളയ സഹോദരിയാണ്. ആലിയ ജനിച്ചതും വളര്‍ന്നതുമെല്ലാം ന്യൂയോര്‍ക്കിലെ ക്യൂനിലാണ്. ഇരുവരുടേയും പിതാവ് മുഹമ്മദ് ഫക്രി പാകിസ്താന്‍കാരനും മാതാവ് മേരി ചെക്ക് റിപ്പബ്ലിക് സ്വദേശിയുമാണ്. നര്‍ഗീസിന്റെ കുട്ടിക്കാലത്തുതന്നെ ഇരുവരും വിവാഹമോചിതരായിരുന്നു. കുറച്ചു കാലത്തിനുശേഷം പിതാവ് മരിക്കുകയും ചെയ്തു. 

അമേരിക്കയില്‍ മോഡലിങ് രംഗത്ത് തിളങ്ങിയ നര്‍ഗീസ് ഫക്രി 2011-ല്‍ 'റോക്സ്റ്റാര്‍' എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മദ്രാസ് കഫെ, മെയിന്‍ തേരാ ഹീറോ, ഹൗസ്ഫുള്‍ 3 തുടങ്ങിയ ബോളിവുഡ് സിനിമകളിലും 2015-ല്‍ പുറത്തിറങ്ങിയ 'സ്പൈ' എന്ന ഹോളിവുഡ് സിനിമയിലും നര്‍ഗീസ് ഫക്രി അഭിനയിച്ചിരുന്നു