വണ്ടൂർ: സൗദിയിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം. സുഹൃത്തിനുനൽകാൻ വസ്ത്രങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിന് ശ്രമിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തുവരികയാണ്.

To advertise here,

അവധികഴിഞ്ഞ് മടങ്ങാനിരുന്ന വണ്ടൂർ ചെറുകോട് മുതീരിയിലെ നാലകത്ത് സൽമാന്റെ പക്കലാണ് സഹ ജോലിക്കാരന് നൽകണമെന്നാവശ്യപ്പെട്ട് വസ്ത്രങ്ങളിൽ കഞ്ചാവ് ഒളിപ്പിച്ചുനൽകിയത്. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യുന്നതിനിടെ കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവുപൊതികൾ കാണുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദയിൽ ജോലിചെയ്യുന്ന സൽമാൻ വെള്ളിയാഴ്ചയാണ് മടങ്ങാനിരുന്നത്. നാട്ടുകാരനായ സുഹൃത്തിന് നൽകണമെന്നാവശ്യപ്പെട്ട് സുഹൃത്തിന്റെ സഹോദരനാണ് വസ്ത്രങ്ങൾ അടങ്ങിയ കവറുമായി വിളിക്കുന്നത്. ഈ സമയം മഞ്ചേരിയിലായിരുന്ന സൽമാൻ കവർ പട്ടരക്കയിലുള്ള കടയിൽ ഏല്പിക്കാൻ നിർദേശിച്ചു. ഒരു കാർഗോസ് പാന്റ്സും ത്രീഫോർത്തുമായിരുന്നു കവറിൽ. പാന്റിന്റെ എല്ലാ കീശയിലും ചെറിയ കവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചത്.

ഉടൻതന്നെ നാട്ടിലെ ജനകീയകൂട്ടായ്മ പ്രവർത്തകരായ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ നാലിന്‌ സൽമാൻ സൗദിയിലേക്ക് മടങ്ങി. സൽമാന്റെ പിതാവിന്റെ പരാതിയിലാണ് വണ്ടൂർ പോലീസ് കേസെടുത്ത്‌ അന്വേഷണംതുടങ്ങിയത്.