പാലക്കാട്: വാളയാർ കേസിലെ മുൻ അന്വേഷണോദ്യോഗസ്ഥൻ എം.ജെ. സോജന് ഐ.പി.എസ്. ഗ്രേഡ് ലഭിക്കുന്നതിനായുള്ള സമഗ്രതാ (ഇന്റഗ്രിറ്റി) സർട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്. സർട്ടിഫിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതി തള്ളിക്കൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.

To advertise here,

നിലവിൽ എസ്.പി. (നോൺ ഗ്രേഡ്) ആയ സോജന് സീനിയോരിറ്റിപ്രകാരം 2021-22 വർഷത്തെ ഐ.പി.എസ്. ലഭിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സമഗ്രതാ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ, സോജനെതിരേ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദനാരോപണവുമായി ബന്ധപ്പെട്ട കേസും വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതിയും ഉയർന്നു. തുടർന്ന്, സർട്ടിഫിക്കറ്റ് കൈമാറുന്നത് ആഭ്യന്തരവകുപ്പ് തടഞ്ഞുവെച്ചിരുന്നു.

കുന്നംകുളം പോലീസ് സ്റ്റേഷനിൽ സോജനെതിരേ എടുത്ത കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഐ.പി.എസ്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിലുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിയമതടസ്സങ്ങളിലെന്ന് അഡീ. അഡ്വക്കേറ്റ് ജനറൽ രേഖാമൂലം അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജൻ, മരണപ്പെട്ട പെൺകുട്ടികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ മോശമായി സംസാരിച്ചെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ പരാതി. ഇതിന് തെളിവായി ശബ്ദരേഖയും ഹാജരാക്കിയിരുന്നു.

പരാതിയിൽ ജൂലായ് 26-ന് ആഭ്യന്തരവകുപ്പ് ഉന്നതോദ്യോഗസ്ഥർ തിരുവനന്തപുരത്ത് പെൺകുട്ടികളുടെ അമ്മയിൽനിന്ന് നേരിട്ട് തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സോജൻ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. പെൺകുട്ടികളെക്കുറിച്ച് മോശമായി സംസാരിച്ചെന്ന കാര്യം നിഷേധിച്ച സോജൻ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

ജോലിയിലെ കാര്യക്ഷമത പരിഗണിച്ചാണ് വകുപ്പുതലത്തിൽ ഐ.പി.എസ്. ഗ്രേഡിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് നൽകിയതെന്നും വ്യക്തിഗത പരാതികൾക്ക് ഇതിൽ സ്വാധീനം ചെലുത്താനാവില്ലെന്നും ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സർട്ടിഫിക്കറ്റ് പിൻവലിക്കുന്നതിനാവശ്യമായ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.