തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളിക്കോണത്ത് സ്വദേശിനിയുമായ വിനീത(38)യെ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത് ഓണ്‍ലൈന്‍ നിക്ഷേപത്തിനുള്ള പണത്തിനുവേണ്ടി.

To advertise here,

അഞ്ച് ബിരുദവും രണ്ട് ബിരുദാനന്തരബിരുദവുമുള്ള പ്രതിയുടെ പ്രധാന വിനോദം ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുക എന്നതാണ്. ഇതിനായി പണം കണ്ടെത്തുന്നതിനാണ് വിനീതയെ കൊലപ്പെടുത്തി മാല കവര്‍ന്നത്. ഈ മാല കന്യാകുമാരിയിലെ കാവല്‍ക്കിണറിനു സമീപത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ 95000 രൂപയ്ക്കു പണയംവെച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു. കേസ് വിചാരണവേളയില്‍, സ്ഥാപനത്തില്‍ മാല പണയംവെക്കാന്‍ പ്രതി എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കി. ജീവനക്കാരെയടക്കം സാക്ഷികളായി വിസ്തരിക്കുകയും ചെയ്തിരുന്നു. സമാനരീതിയില്‍ സ്വര്‍ണവും പണവും കവരുന്നതിനാണ് തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസ് ജീവനക്കാരനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തുമകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ ഇയാള്‍ കൊലപ്പെടുത്തിയത്.

പ്രതിയുടെ ക്രൂരത ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് കോടതി വിലയിരുത്തി. മരണശിക്ഷയ്ക്കു പുറമേ, നാലു ലക്ഷം രൂപ പിഴയും ചുമത്തി. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് പ്രതിയെ ശിക്ഷിച്ചത്.

ഇതിനു പുറമേ, കൊല്ലപ്പെട്ട വിനീതയുടെ മാല കവര്‍ച്ച നടത്തിയതിന് കോടതി പ്രതിക്ക് ജീവപര്യന്തം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ചുമത്തി. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം അധികതടവ് അനുഭവിക്കണം. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഏഴുവര്‍ഷം അധിക തടവും 10,000 രൂപയുമാണ് പിഴ. കുറ്റകൃത്യം ചെയ്യുന്നതിനായി വിനീതയുടെ ജോലിസ്ഥലത്തേക്ക് അതിക്രമിച്ചുകടന്ന കുറ്റത്തിന് മൂന്നുമാസം അധികതടവും 500 രൂപയുമാണ് പിഴ. എല്ലാ പിഴയും ചേര്‍ത്ത് 8,01,0500 ഒടുക്കണം. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ നാലുലക്ഷം രൂപ കൊല്ലപ്പെട്ട വിനീതയുടെ 14-ഉം 11-ഉം വയസ്സുള്ള മക്കള്‍ക്കു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനു പുറമേ, ഇരകള്‍ക്കുള്ള സര്‍ക്കാരിന്റെ സഹായനിധിയില്‍നിന്ന് അര്‍ഹമായ തുക കുട്ടികള്‍ക്കും വിനീതയുടെ മാതാപിതാക്കള്‍ക്കും ഉറപ്പുവരുത്തണമെന്നും 600-ലേറെ പേജുള്ള വിധിന്യായത്തില്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവികാ മധു, ജെ. ഫസ്ന, ചിത്ര ഒ.എസ്. എന്നിവര്‍ ഹാജരായി.