തിരുവനന്തപുരം: വെമ്പായം ബാറിലെ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.

To advertise here,

ബാറിൽ ഉണ്ടായ തീവെപ്പിൽ പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്. നൗഫലിന്റെ ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

പൊള്ളലേറ്റ ഉടൻതന്നെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും സൂചനയുണ്ട്. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അക്രമത്തിൽ ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു.

കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.