വെള്ളനാട്: ട്രഷറിയിൽ അടയ്ക്കാനായി ആധാരമെഴുത്ത്‌ ഓഫീസ് ഉടമ കൊണ്ടുവന്ന പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എന്നാൽ, അന്വേഷണത്തിൽ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയിൽനിന്നും ഓഫീസിൽനിന്നും പോലീസ് കണ്ടെടുത്തു.

To advertise here,

വെള്ളനാട്ട് ബുധനാഴ്ചയായിരുന്നു സംഭവം. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ്‌ (60) പണം നഷ്ടമായെന്ന് പറഞ്ഞ് രാവിലെ 11.30-ഓടെ റോഡിൽ ബഹളം കൂട്ടിയത്. വെള്ളനാട് ട്രഷറിയിൽ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവർ ആക്രമിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഓട്ടോയിൽനിന്നു തള്ളിയിട്ടശേഷം കടന്നുകളഞ്ഞെന്നുമാണ് ഇവർ പറഞ്ഞത്.

സംഭവം നാട്ടുകാർ ആര്യനാട് പോലീസിൽ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് റോഡിൽ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയിൽ അടയ്ക്കാനാണ് പണവുമായെത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ആര്യനാടുനിന്ന് ഓട്ടോയിൽ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്കാണ് ഡ്രൈവർ ആക്രമിച്ചതെന്നും പറഞ്ഞു. സംശയം തോന്നിയ പോലീസ് റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പരാതിയിൽ പറയുന്ന തരത്തിലൊന്നും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ഇവരെ ആര്യനാട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് കള്ളി വെളിച്ചത്തായത്. ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവർ പോലീസിനോടു സമ്മതിച്ചു. പോലീസ് ഈ തുക കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പോലീസ് അറിയിച്ചു.