ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ദമ്പതിമാരെ അയല്‍ക്കാര്‍ അടിച്ചുകൊന്നു. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 

To advertise here,

വെള്ളിയാഴ്ച രാത്രിയാണ് ദമ്പതിമാര്‍ക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. ഇരുമ്പ് ദണ്ഡുകളും വടിയുമായി ഇരച്ചെത്തിയ അക്രമിസംഘം ദമ്പതിമാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അബ്ബാസും ഭാര്യ കമറുല്‍നിസയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. ദമ്പതിമാര്‍ മരിച്ചെന്ന് മനസിലായതോടെ പ്രതികളെല്ലാം ഓടിരക്ഷപ്പെടുകയും ചെയ്തു. 

കൊല്ലപ്പെട്ട മുസ്ലീം ദമ്പതിമാരുടെ മകനും അയല്‍ക്കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിലും ഇരട്ടക്കൊലയിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

അബ്ബാസ്-കമറുല്‍നിസ ദമ്പതിമാരുടെ മകനായ ഷൗക്കത്തും അയല്‍ക്കാരനായ രാംപാലിന്റെ മകള്‍ റൂബിയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. 2020-ല്‍ ഷൗക്കത്തും റൂബിയും ഒളിച്ചോടി. ആ സമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ഷൗക്കത്തിനെ പിടികൂടുകയും ചെയ്തു. പിന്നാലെ യുവാവ് ജയിലിലുമായി. ഈ ജൂണില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഷൗക്കത്ത് റൂബിയുമായി വീണ്ടും ഒളിച്ചോടുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇത്തവണയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഷൗക്കത്തിന് അനുകൂലമായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയായതിനാല്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി സ്വീകരിച്ച് യുവാവിനൊപ്പം വിട്ടയക്കുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നാലെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷൗക്കത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് വീണ്ടും പെണ്‍കുട്ടിയെയും കൂട്ടി ഒളിച്ചോടിയെന്നും ഇതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

പെണ്‍കുട്ടിയുടെ പിതാവായ രാംപാലിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ദമ്പതിമാര്‍ക്ക് നേരേ നടന്നതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മാരകായുധങ്ങളുമായി സംഘംചേര്‍ന്നെത്തിയാണ് അബ്ബാസിനെയും ഭാര്യയെയും ആക്രമിച്ചത്. സംഭവത്തില്‍ മുഖ്യപ്രതികളായ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളതെന്നും ഒളിവിലുള്ള രണ്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.