ഹമീർപുർ: ഉത്തർപ്രദേശിലെ ഹമീർപുരിൽ ഇൻഷുറൻസ് തുക കൈക്കലാക്കുന്നതിനായി ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, സംഭവം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ മൃതശരീരത്തിന് മുകളിലൂടെ കാർ ഓടിച്ചുകയറ്റി. റീത്ത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അമർ സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു.
ഭാര്യയുടെ പേരിലുള്ള 44 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് ഈ ക്രൂരമായ കൊലപാതകം നടത്തിയത്. ശേഷം ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ അമർ സത്യം തുറന്നുപറയുകയായിരുന്നു.
പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്; റീത്തയുടെ രണ്ടാം ഭർത്താവാണ് അമർ സിങ്. 2002-ൽ മെയ്ൻപുരിയിലായിരുന്നു റീത്തയുടെ ആദ്യ വിവാഹം. ആ ബന്ധത്തിൽ മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. കുട്ടികൾ മെയ്ൻപുരിയിലുള്ള അവരുടെ പിതാവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.
ആദ്യ ഭർത്താവിന്റെ മരണശേഷം കാൺപുരിലെ ഗുജൈനി മേഖലയിൽ താമസിച്ചു വരികയായിരുന്നു റീത്ത. അവിടെ വെച്ചാണ് അമറിനെ പരിചയപ്പെടുന്നത്. അവിടെ ഒരു മില്ലിൽ ജോലി ചെയ്തുവരികയായിരുന്ന അമർ അയാളുടെ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായതെന്നും റീത്തയുടെ പിതാവ് സർവേഷ് കുമാർ പറയുന്നു.
സർവേഷ് നൽകുന്ന വിവരമനുസരിച്ച്, രണ്ട് മാസം മുമ്പ് അമർ റീത്തയുടെ പേരിൽ 44 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഇതിന്റെ ആദ്യ പ്രീമിയമായി 2.60 ലക്ഷം രൂപയും അമർ അടച്ചിരുന്നു. പിന്നാലെയാണ് അമർ കൂട്ടാളികൾക്കൊപ്പം ചേർന്ന് റീത്തയെ കൊലപ്പെടുത്തി പണം തട്ടിയെടുക്കുന്നതിനുള്ള പദ്ധതിയിട്ടത്.
ഭാര്യയെ ആളില്ലാത്ത ഒരിടത്തെത്തിച്ച് മറ്റ് മൂന്ന് കൂട്ടാളികൾക്കൊപ്പം ചേർന്ന് ദണ്ഡുകളുംമറ്റും ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന് മുകളിലൂടെ കാർ കയറ്റി. റീത്തയുടെ മരണം ഒരു അപകടമരണമാണ് എന്ന് വരുത്തിത്തീർക്കാൻ വേണ്ടിയായിരുന്നു ഇത്.
പിന്നാലെ ഇയാൾ പോലീസ് സ്‌റ്റേഷനിലെത്തുകയും ഭാര്യയെ കാണാനില്ല എന്ന തരത്തിൽ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പോലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചതോടെ അമർ പരുങ്ങലിലായി. പല കാര്യങ്ങളും മാറ്റിയും തിരിച്ചും പറയാൻ തുടങ്ങി. പിന്നാലെ, ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്യൽ കുറച്ചുകൂടി കർശനമാക്കി.
പോലീസിന്റെ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അമർ കുറ്റസമ്മതം നടത്തിയത്. ഹമീർപുരിലെ ലാൽപുര മേഖലയിലുള്ള ബൈത്ക ധാം ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി വൈകി റീത്തയുടെ മൃതദേഹം കണ്ടെത്തി.
റീത്തയുടെ ശരീരത്തിനുപുറത്ത് മാത്രം 12-ലധികം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആന്തരിക പരിശോധനയിൽ, വൃക്കകൾ ഒഴികെയുള്ള മറ്റെല്ലാ അവയവങ്ങളും പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.
'ഭാര്യയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യാൻ പ്രതിയായ ഭർത്താവ് തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പോലീസ് ചോദ്യം ചെയ്യലിനിടെ അയാൾ കുടുങ്ങിപ്പോയി. തുടർന്ന് വിഷയം മുഴുവനായി പുറത്തുവന്നു. പോലീസ് കേസ് തെളിയിച്ചു. പ്രതിയായ ഭർത്താവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.' ഹമീർപുർ എഎസ്പി അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.
Content Highlights: Husband confessed to murdering wife for Rs 44 lakh insurance payout. Accused staged the murder as a road accident after beating the victim. Police identified over 12 severe injuries during the post-mortem. Four suspects, including the husband, are in police custody.
Published: 02 Aug 2026, 08:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented