മുസാഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ ബന്ധുക്കളായ രണ്ട് സഹോദരിമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത
സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. പ്രദീപ് കുമാര്‍ (20), ഗൗരവ് (21) എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. 15 വയസ്സുളള രണ്ട് പെണ്‍കുട്ടികളാണ് ലൈംഗികപീഡനത്തിന് ഇരയായത്. പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. 

To advertise here,

മുസാഫര്‍നഗര്‍ ജില്ലയില്‍ ജൂലായ് 24-നാണ് കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ക്ക് പെണ്‍കുട്ടികളുമായി മുന്‍പരിചയമുണ്ട്. ഇതനുസരിച്ച് പ്രതികളിലൊരാള്‍ പെണ്‍കുട്ടികളെ വിളിച്ച് കാണാന്‍ വരണമെന്നും ഇല്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പെണ്‍കുട്ടികളെ ആളൊഴിഞ്ഞ പന്നിഫാമിലേക്ക് കൂട്ടികൊണ്ടുപോയി. 

ശേഷം തങ്ങള്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലുമെന്നും പ്രതികള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവം പോലീസിനോട് പറഞ്ഞാല്‍ വീട്ടുകാരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തിയ പ്രതികള്‍ പെണ്‍കുട്ടികളെ കാടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ പോലീസ് പട്രോളിങ് സംഘമാണ് പെണ്‍കുട്ടികളെ കണ്ടത്. 

തുടര്‍ന്ന് പെണ്‍കുട്ടികളെ ബുഡാന പോലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെ വിവരമറിയിച്ചതോടെ ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തി. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ പ്രദീപ് കുമാര്‍, ഗൗരവ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.