തിരുവനന്തപുരം: 'പാതിയടച്ച കണ്ണുമായി തണുത്ത് ഐസ് പോലെ കിടക്കുകയാണ് എന്റെ കുട്ടി. വെന്റിലേറ്ററിലാണ് ഇപ്പോഴും അവള്‍. ശരീരത്തില്‍ 20 മുറിവുണ്ട്. തലയുടെ പുറകിലും നെറ്റിയിലും ഗുരുതരമായ പരിക്കുണ്ടെന്നും പറയുന്നു' -വര്‍ക്കലയില്‍ ട്രെയിനില്‍വെച്ച് മദ്യപന്റെ ആക്രമണം നേരിടേണ്ടിവന്ന ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനിക്ക് ഇതുപറയുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. മകളുടെ ആരോഗ്യാവസ്ഥയില്‍ നെഞ്ചുനീറിയാണ് ഈ അമ്മ പ്രതികരിച്ചത്. മകള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും മികച്ച ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈ അമ്മ ആവശ്യപ്പെടുന്നു.

To advertise here,

'എനിക്കെന്റെ കുട്ടിയെ തിരിച്ചുവേണം. അത്രയും കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തിയത്. അവള്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. അന്നുമുതല്‍ മറ്റാരുടെയും സഹായമില്ലാതെയാണ് കുട്ടികളെ വളര്‍ത്തിയത്. എന്റെ കുട്ടിയെ ജീവനോടെ ഇവിടെനിന്നു കൊണ്ടുപോകാനാകുമോയെന്നറിയില്ല. അത്രയും ഗുരുതരാവസ്ഥയിലാണ് അവള്‍' -വിതുമ്പിക്കൊണ്ട് പ്രിയദര്‍ശിനി പറയുന്നു.

രണ്ടുദിവസം മുന്‍പ് പ്രിയദര്‍ശിനിയെ കാണാനായി ശ്രീക്കുട്ടി ബെംഗളൂരുവില്‍ എത്തിയിരുന്നു. അവിടെനിന്ന് എറണാകുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയി. തിരിച്ച് തിരുവനന്തപുരത്തേക്കു വരുമ്പോഴാണീ സംഭവം. അപകടവാര്‍ത്തയറിഞ്ഞ് ബെംഗളൂരുവില്‍നിന്ന് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജിലെത്തി മകളെ കാണുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ സംഭവമറിഞ്ഞു; മകളാണെന്ന് മനസ്സിലാക്കിയില്ല

ഞായറാഴ്ച രാത്രി 11.30-ഓടെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയദര്‍ശിനി ട്രെയിനിലുണ്ടായ അപകടം അറിഞ്ഞിരുന്നു. പോലീസുകാര്‍ ചേര്‍ന്ന് സ്ട്രെച്ചറില്‍ ഒരു പെണ്‍കുട്ടിയെ കൊണ്ടുപോകുന്ന രംഗം കണ്ടെങ്കിലും അത്ര കാര്യമാക്കിയില്ല. എന്നാല്‍ അപകടത്തില്‍ ഇരയായത് തന്റെ മകളാണെന്ന് മനസ്സിലായത് തൊട്ടുപിന്നാലെ മകന്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ്. ഒന്‍പതുവര്‍ഷമായി ബെംഗളൂരുവിലാണ് പ്രിയദര്‍ശിനി താമസം. ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ പരിശീലകയാണ് ഇവര്‍. സഹോദരന്‍ ശ്രീകാന്തും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു ആലുവ സ്വദേശിയായ യുവാവുമായി ശ്രീക്കുട്ടിയുടെ വിവാഹം. പാലോട് നന്ദിയോട് പഞ്ചായത്തിലെ പൂലിയൂരാണ് ശ്രീക്കുട്ടിയുടെ സ്വദേശം. കുടുംബവീട്ടില്‍ പ്രിയദര്‍ശിനിയുടെ ചേച്ചിയും കുടുംബവുമാണ് താമസം.

നല്‍കുന്നത് മികച്ച ചികിത്സയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം: ട്രെയിനില്‍ ആക്രമണം നേരിട്ട പാലോട് സ്വദേശി ശ്രീക്കുട്ടി അപകടനില തരണംചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്‍ പറഞ്ഞു. കുട്ടിയുടെ തലച്ചോറില്‍ നിരവധി ക്ഷതങ്ങളുണ്ട്. സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലേക്കു മാറ്റി. സര്‍ജറി, ന്യൂറോ, ക്രിട്ടിക്കല്‍കെയര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ചികിത്സയാണ് നല്‍കുന്നത്.

ശ്രീക്കുട്ടിയുടെ എല്ലുകള്‍ക്കു പൊട്ടലോ വയറിലോ, നെഞ്ചിലോ മറ്റോ രക്തസ്രാവമോയില്ല. എന്നാല്‍ തലച്ചോറിലെ പരിക്കു കാരണം ശ്വാസംമുട്ടലുണ്ട്. കൈയില്‍ നീരുമുണ്ട്. ചികിത്സയുടെ ഭാഗമായി ബ്രെയിന്‍ പ്രൊട്ടക്ടീവ് വെന്റിലേഷനാണ് ഇപ്പോള്‍ നല്‍കുന്നത്. എംആര്‍ഐ ഉള്‍പ്പെടെയെടുക്കാന്‍ കൊണ്ടുപോകാവുന്ന സാഹചര്യമല്ല. ഇപ്പോഴും അബോധാവസ്ഥയില്‍ത്തന്നെയാണ്. പെണ്‍കുട്ടിക്ക് കേരളത്തില്‍ കിട്ടാവുന്ന മികച്ച ചികിത്സയാണ് നല്‍കുന്നത്. ഇക്കാര്യം അമ്മയടക്കമുള്ള ബന്ധുക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. സി.ജി. ജയചന്ദ്രന്‍ പറഞ്ഞു.