ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിയായി രാജ്യം പ്രഖ്യാപിച്ച രണ്ട് അധോലോക നായകന്‍മാരായ വെങ്കിടേഷ് ഗാര്‍ഗ്, ഭാനു റാണ എന്നിവര്‍ വിദേശത്ത് അറസ്റ്റില്‍. വെങ്കിടേഷ് ഗാര്‍ഗിനെ ജോര്‍ജിയയിലും ഭാനു റാണ യു.എസിലുമാണ് അറസ്റ്റിലായത്.  ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികൾ ഇവരെ ഇന്ത്യയിലെത്തിക്കുന്നതായി ഈ രാജ്യങ്ങളിലെത്തിയിട്ടുണ്ട്. ഇവർ പിടിയിലായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. അന്വേഷണത്തിലുള്ള പല  തെളിയാത്ത കേസുകളിലേക്കും ഇവരിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചേക്കും. 

To advertise here,

ഗാര്‍ഗിനെയും റാണയെയും ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. നിലവില്‍, ഇന്ത്യയില്‍ നിന്നുള്ള ഇരുപതിലധികം കുറ്റവാളിസംഘാംഗങ്ങള്‍ വിദേശരാജ്യങ്ങളിലിരുന്ന് ഇന്ത്യയിലെ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഹരിയാണയിലെ നാരായണ്‍ഗഢ് സ്വദേശിയാണ് ഗാര്‍ഗ്. നിലവില്‍ ജോര്‍ജിയയില്‍ താമസിക്കുന്ന ഗാര്‍ഗിന്റെ പേരില്‍ ഇന്ത്യയില്‍ 10-ല്‍ അധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാണ, രാജസ്ഥാന്‍, ഡല്‍ഹി, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ തന്റെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. ഗുരുഗ്രാമില്‍ ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം തനിക്ക് നേരേ വന്നപ്പോഴാണ് ഇയാള്‍ ജോര്‍ജിയയിലേക്ക് കടന്നുകളഞ്ഞത്. അവിടെയിരുന്ന് തന്റെ സംഘാംഗങ്ങളെ ഇയാൾ നിയന്ത്രിച്ചിരുന്നു.  

വിദേശത്ത് താമസിക്കുന്ന കപില്‍ സാംഗ്വാന്‍ എന്ന അധോലോക നേതാവുമായി ചേര്‍ന്ന് ഗാര്‍ഗ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം നടത്തിവരികയായിരുന്നു. ഒക്ടോബറില്‍, ഒരു ബില്‍ഡറുടെ വീടിനും ഫാം ഹൗസിനും നേരെ വെടിയുതിര്‍ത്ത കേസില്‍ ഉള്‍പ്പെട്ട സാംഗ്വാന്റെ നാല് ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള റാണ കുറച്ചുകാലമായി അമേരിക്കയിലാണ് താമസിക്കുന്നത്. കര്‍ണാല്‍ സ്വദേശിയായ ഇയാള്‍ ഏറെക്കാലമായി കുറ്റവാളികളുടെ പട്ടികയിലുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാണയുടെ ക്രിമിനല്‍ ശൃംഖല ഹരിയാണ, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്നു. പഞ്ചാബിലെ ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇയാളുടെ പേര് ഉയര്‍ന്നുവന്നത്. ജൂണില്‍, കര്‍ണാലിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഹാന്‍ഡ് ഗ്രനേഡുകളും പിസ്റ്റളുകളും വെടിക്കോപ്പുകളും കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. റാണയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.