തൃശ്ശൂര്‍: എ.ടി.എമ്മുകളിലെ സുരക്ഷയ്ക്കായുള്ള സാങ്കേതികസംവിധാനങ്ങളെയെല്ലാം മറികടക്കാന്‍ തൃശ്ശൂരില്‍ കവര്‍ച്ചക്കാര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. ഇവിടങ്ങളിലൊന്നും സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നത് കവര്‍ച്ച എളുപ്പവുമാക്കി. നിരീക്ഷണക്യാമറകളില്‍ കറുത്ത പെയിന്റ് അടിച്ച് കാഴ്ച മറയ്ക്കുകയാണ് മോഷ്ടാക്കള്‍ ചെയ്തത്. സാധാരണ ക്യാമറയുടെ വയറുകള്‍ മുറിക്കുകയാണ് ചെയ്യാറുള്ളത്. ഇവിടെ എ.ടി.എമ്മിലെ അലാറം സംവിധാനത്തിന്റെ വയറുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു.

To advertise here,

മോഷ്ടാക്കള്‍ക്ക് എത്രയും പെട്ടെന്ന് മറികടക്കാന്‍ സാധിക്കാത്ത സുരക്ഷാസംവിധാനങ്ങള്‍ എ.ടി.എമ്മില്‍ ഒരുക്കണമെന്നാണ് കവര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് എ.ടി.എം. കൗണ്ടറുകള്‍ക്കുള്ളില്‍ പ്രവേശിക്കണമെങ്കില്‍ത്തന്നെ എ.ടി.എം. കാര്‍ഡ് വേണ്ടിയിരുന്നു. ഇടപാടുകാര്‍ക്ക് മാത്രമാണ് കൗണ്ടറുകള്‍ക്കുള്ളില്‍ പ്രവേശിക്കാനാകുമായിരുന്നത്. ഇത് ഇപ്പോള്‍ നിലവിലില്ല.

ചിലയിടങ്ങളില്‍ എ.ടി.എം. മോണിറ്ററിന്റെ വെളിച്ചമല്ലാതെ മറ്റൊരു വെളിച്ചവും ഉണ്ടാകില്ല. പലതും ശ്രദ്ധയില്‍പ്പെടാത്ത സ്ഥലങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത് എന്നതും മോഷ്ടാക്കള്‍ക്കു ഗുണമാകുന്നു. സൂക്ഷ്മമായ സെന്‍സറുകള്‍ ഉപയോഗിച്ച് സുരക്ഷാസംവിധാനം ശക്തമാക്കാമെന്ന് ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ത്തന്നെ പറയുന്നു.

കാര്‍ഡ് ഇടാനും പണം എടുക്കാനുമുള്ള യന്ത്രഭാഗങ്ങളിലൊഴികെ മറ്റെവിടെ തൊട്ടാലും അലാറം അടിക്കുന്ന സംവിധാനം ഒരുക്കാവുന്നതാണ്. ഇതിനായി വയര്‍ലെസ് സംവിധാനവും ഉപയോഗിക്കാവുന്നതാണ്. ഇതോടെ വയര്‍ മുറിച്ച് സുരക്ഷാസംവിധാനത്തെ മറികടക്കാന്‍ സാധിക്കുകയുമില്ല.

പണം നിറയ്ക്കലിനും സുരക്ഷയില്ല

എ.ടി.എമ്മില്‍ പണം നിറയ്ക്കലും വലിയ സുരക്ഷാഭീഷണിയാണ് നേരിടുന്നത്. രണ്ട് ഗണ്‍മാന്‍മാരും രണ്ടു ചുമതലക്കാരും ഡ്രൈവറുമുള്‍പ്പെടുന്ന സംഘമാണ് പണം നിറയ്ക്കാന്‍ എ.ടി.എമ്മുകളില്‍ എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ് വാഹനത്തിലുണ്ടാകുക.