ഗുരുഗ്രാം: ഹരിയാനയില്‍ നാലു പേര്‍ ചേര്‍ന്ന് 33 കാരനായ ദളിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. 3,000 രൂപ മടക്കിനല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്ദര്‍ കുമാര്‍ എന്ന പലവ്യഞ്ജനക്കട ഉടമയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തില്‍ കട നടത്തുന്ന ഇന്ദര്‍ കുമാറിനെ ഈ ഗ്രാമത്തില്‍ത്തന്നെയുള്ള നാലുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഏതാനും ദിവസം മുന്‍പ് സാഗര്‍ യാദവ് എന്നയാള്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് 19,000 രൂപ ഇന്ദര്‍ കുമാറിനെ ഏര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതില്‍ 3000 രൂപ ഇന്ദര്‍ കുമാര്‍ ചെലവഴിക്കുകയും ബില്‍ അടയ്ക്കാന്‍ സാധിക്കാതെവരികയും ചെയ്തു. ഇതേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മര്‍ദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ഇന്ദര്‍ കുമാറിന്റെ പിതാവ് ദീപ്ചന്ദ് പോലീസിന് മൊഴിനല്‍കി.
ബില്‍ അടയ്ക്കാത്ത വിവരമറിഞ്ഞ് സാഗര്‍ യാദവ് ഇന്ദര്‍ കുമാറിന്റെ വീട്ടിലെത്തുകയും ബാക്കിയുണ്ടായിരുന്ന 16,000 രൂപ തിരികെ വാങ്ങുകയും ചെയ്തു. ഇന്ദര്‍ കുമാറിനെ ഭീഷണിപ്പെടുത്തിയ സാഗർ യാദവ്, ബാക്കിയുള്ള 3000 രൂപ അടുത്ത ദിവസം നല്‍കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം സാഗര്‍ യാദവ് ഇന്ദര്‍കുമാറിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കുകയും മറ്റു മൂന്നുപേര്‍ക്കൊപ്പം ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് മര്‍ദിച്ച് അവശനാക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ വീടിനു സമീപം കണ്ടെത്തിയ ഇന്ദര്‍ കുമാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
പിതാവിന്റെ പരാതിയില്‍ നാലുപേര്‍ക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തതായി ഗുരുഗ്രാം പോലീസ് പറഞ്ഞു. പ്രതികള്‍ നാലുപേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Thrashed by Four Men Over Rs 3,000, Dalit Man Dies in Hospital
Published: 27 Jan 2023, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented