തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 360 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മലേഷ്യയിലെ ക്വാലാലംപുരില്‍നിന്നെത്തിയ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാര്‍ രാജേന്ദ്രന്റെ പക്കല്‍നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടികൂടിയത്. 40 ലക്ഷം രൂപ വിലവരുന്ന 14 സ്വര്‍ണമാലകളും ബ്രേയ്‌സ്‌ലെറ്റുകളുമാണ് ഇയാള്‍ കടത്തിയത്. ധരിച്ചിരുന്ന ജീന്‍സ് പാന്റ്‌സിന്റെ അടിഭാഗത്തായി തുന്നിച്ചേര്‍ത്ത നിലയിലാണ് ആഭരണങ്ങള്‍ ഒളിപ്പിച്ചത്.

To advertise here,

പ്രതി രണ്ട് ജീന്‍സ് പാന്റ്‌സ് ധരിച്ചിരുന്നു. ഇതില്‍ ഉള്ളിലുണ്ടായിരുന്ന ജീന്‍സിന്റെ അടിയിലാണ് ആഭരണങ്ങള്‍ തുന്നിചേര്‍ത്തിരുന്നത്. കസ്റ്റംസിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ചോദ്യംചെയ്തതോടെ സ്വര്‍ണമുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. മറ്റൊരാള്‍ക്കായാണ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നതെന്നാണ് ഇയാളുടെ മൊഴി.

ശക്തമായ പരിശോധനയുമായി കസ്റ്റംസ്

വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവും സ്വര്‍ണവും നിരന്തരമായി കടത്തുന്ന സംഘങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കസ്റ്റംസ് ശക്തമായ പരിശോധന ഏര്‍പ്പെടുത്തി. പലഘട്ടങ്ങളിലും യാത്രക്കാര്‍ പരിശോധനക്ക് വിസമ്മതിക്കുന്നത് പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച നടത്തിയ പരിശോധയില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 1.6 കോടിരൂപയുടെ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതുപോലെ രാജ്യത്തെ മറ്റുവിമാനത്താവളങ്ങള്‍ വഴി ബാങ്കോക്കിലെത്തിയശേഷം അവിടെനിന്ന് ഹൈബ്രിഡ് കഞ്ചാവും വാങ്ങിയെത്തുന്ന സംഘങ്ങളുടെ എണ്ണവും കൂടുന്നുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പരിശോധനകള്‍ വളരെ ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.